കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെയുള്ള കുറ്റങ്ങൾ തെളിഞ്ഞാൽ 20 കൊല്ലം ജയിൽ വാസം ഉറപ്പ്. ദിലീപിനെ ഏട്ടാം പ്രതിയാക്കി സമർപ്പിച്ച 1452 പേജുള്ള അനുബന്ധ കുറ്റപത്രത്തിൽ 355 സാക്ഷികൾ. ഇതിൽ 50 പേർ സിനിമാപ്രവർത്തകരാണ്. 23 രഹസ്യമൊഴികളും 18 രേഖകളും ഇതിൽ ഉൾപ്പെടുന്നു.

ഒന്നു മുതൽ ആറു വരെയുള്ളവർ കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തുവെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. ചാർളി തോമസ് സംഭവത്തിന് ശേഷം സുനി, വിജിഷ് എന്നിവർക്ക് കോയമ്പത്തൂർ പീളമേട്ടിൽ ഒളിസങ്കേതം ഒരുക്കി. ദിലീപിനെതിരെ ഗൂഢാലോചന കുറ്റവും. ഒന്നു മുതൽ ആറു വരെയുള്ള പ്രതികൾക്കെതിരെ ചുമത്തിയ കുറ്റങ്ങളും ഉൾപ്പെടും. അതായത് ബലാത്സംഗക്കുറ്റവും ദിലീപിനെതിരെ ഉണ്ട്. ദിലീപിന്റെ തീരുമാനമാണ് പൾസർ സുനി നടപ്പാക്കിയത് എന്നതിനാലാണ് ഇത്.

മേസ്തിരി സനലിനെതിരെ മൊബൈൽ ഫോൺ കൊടുത്തുവെന്ന കേസാണുള്ളത്. പൾസർ സുനിക്ക് അപ്പുണ്ണി, ദിലീപ് എന്നിവരുമായി ബന്ധപ്പെടാൻ ജയിലിൽ ഫോൺ എത്തിച്ചു. പിന്നീട് പുറത്തുകൊണ്ടുപോയി നശിപ്പിക്കുകയും ചെയ്തു. വിഷ്ണു അരവിന്ദാണ് ജയിലിൽ നിന്ന് എഴുതിയ കത്ത് ദിലീപിന്റെ സഹായി അപ്പുണ്ണിക്ക് എത്തിച്ചത്. അഡ്വ. പ്രതീഷ് ചാക്കോ, അഡ്വ. രാജു ജോസഫ് എന്നിവർക്കെതിരെ നടിയുടെ അശ്‌ളീല ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ നശിപ്പിച്ചുവെന്ന കുറ്റമാണ് ചുമത്തുന്നത്.

പ്രതികൾക്കെതിരെ ചുമത്തിയ വകുപ്പുക ഇങ്ങനെയാണ് : ഇന്ത്യൻ ശിക്ഷാ നിയമം അനുസരിച്ച് 376 (ഡി) - കൂട്ടമാനഭംഗം (ശിക്ഷ കുറഞ്ഞത് 20 വർഷം തടവ്), 120 (ബി) - ഗൂഢാലോചന (പീഡനത്തിനുള്ള അതേ ശിക്ഷ), 366 തട്ടിക്കൊണ്ടുപോകൽ (10 വർഷം വരെ ), 201 തെളിവു നശിപ്പിക്കൽ (മൂന്നു മുതൽ ഏഴു വർഷം വരെ) 212 പ്രതിയെ സംരക്ഷിക്കൽ (മൂന്നു വർഷം വരെ ), 411 തൊണ്ടിമുതൽ സൂക്ഷിക്കൽ (മൂന്നു വർഷം), 506 ഭീഷണി (രണ്ടു വർഷം വരെ) 342 അന്യായമായി തടങ്കലിൽ വയ്ക്കൽ (ഒരുവർഷം വരെ), ഐ.ടി ആക്ട് 66 (ഇ) - സ്വകാര്യത ലംഘിച്ച് അപകീർത്തികരമായ ചിത്രമെടുക്കൽ (മൂന്നു വർഷം വരെ തടവും രണ്ടു ലക്ഷം രൂപ പിഴയും), 67 (എ)- ലൈംഗിക ചൂഷണ ദൃശ്യങ്ങൾ പ്രചരിപ്പിക്കൽ(അഞ്ചു വർഷം വരെ തടവും 10 ലക്ഷം രൂപ പിഴയും)

രണ്ട് മാപ്പുസാക്ഷികളാണുള്ളത്. സിവിൽ പൊലീസ് ഓഫീസർ അനീഷും നിയമ വിദ്യാർത്ഥിയായ വിപിൻ ലാലും. പൾസർ സുനിയെ കോടതിയിലേക്ക് കൊണ്ടുപോകുമ്പോൾ സുരക്ഷാ ചുമതലക്കാരനായിരുന്നു അനീഷ്. ഇതിനിടയിൽ അനീഷിന്റെ ഫോണിൽ നിന്ന് സുനി ദിലീപിനെ വിളിച്ചു. വിപിൻലാൽ വഞ്ചനാ കേസിൽ ജയിലിലായപ്പോൾ സുനിയുടെ സഹതടവുകാരനായിരുന്നു. ദിലീപിന് നൽകാനുള്ള കത്ത് സുനിയുടെ നിർദ്ദേശപ്രകാരം തയ്യാറാക്കി.