കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷന് നേരിടേണ്ടി വരിക കടുത്ത വെല്ലുവിളി. ചലച്ചിത്രമേഖലയിൽനിന്നുള്ള അമ്പതോളം പേർ പ്രോസിക്യൂഷൻ സാക്ഷിപ്പട്ടികയിലുണ്ട്. ഇവർ ദിലപീന് അനുകൂലമായി മൊഴി നൽകാനെത്തുമോ എന്നതാണ് ആശങ്കയ്ക്ക് കാരണം. കോടതി സമൻസിനെ തുടർന്ന് എത്തിയാലും മൊഴി മാറ്റി പറയാനും സാധ്യതയുണ്ട്. സിനിമയിലെ സൂപ്പർ താരമാണ് ദിലീപ്. മോഹൻലാലിനും മമ്മൂട്ടിക്കും മുകളിൽ വളർന്ന ജനപ്രിയ നായകൻ. നിർമ്മാതാക്കളുടേയും വിതരണക്കാരുടേയും സംഘടനയെ നിയന്ത്രിക്കുന്ന വ്യക്തി. അതുകൊണ്ട് തന്നെ ദിലീപിനെതിരെ നിന്നാൽ സിനിമയിൽ അവസരങ്ങൾ ഇല്ലാതാകും. അക്രമത്തിനിരയായ നടിക്ക് അവസരം കുറഞ്ഞതും ദിലീപ് കാരണമാണെന്ന വാദം ശക്തമാണ്. അതുകൊണ്ട് തന്നെ സാക്ഷികളിൽ ഭൂരിഭാഗവും കൂറുമാറും.

ഇങ്ങനെ കൂറുമാറുന്നവർക്കെതിരെ നിയമ നടപടിയെടുക്കാൻ പൊലീസ് ശ്രമിക്കും. എന്നാൽ മജിസ്‌ട്രേട്ടിന് മുമ്പിൽ രഹസ്യ മൊഴി കൊടുക്കാത്തവർക്ക് രക്ഷപ്പെടാൻ പഴുതുകളുണ്ട്. പൊലീസ് സമ്മർദ്ദം അവർ മൊഴി മാറ്റാൻ കാരണമായി അവതരിപ്പിക്കും. അതിനിടെ ദിലീപിന് എതിരായ മൊഴി കൊടുക്കരുതെന്ന് സാക്ഷിപ്പട്ടികയിൽപ്പെട്ടവർക്ക് സിനിമയിലെ ഉന്നതൻ നിർദ്ദേശം നൽകിയിട്ടുണ്ട്. സാക്ഷി പട്ടികയിൽ ഉള്ളവർക്ക് പരമാവധി അവസരവും കൊടുക്കും. ആരെങ്കിലും ദിലീപിനെതിരെ പറഞ്ഞാൽ പിന്നെ ഔട്ട്. നിർമ്മാതാക്കളിൽ ഒരാളാണ് ഇതിന് പിന്നിൽ. സംവിധായകരും നിർമ്മാതാക്കളും നടന്മാരും സാങ്കേതിക പ്രവർത്തകരുമെല്ലാമായി അടുത്ത ബന്ധമുള്ള വ്യക്തിയാണ് ഈ നീക്കം നടത്തുന്നത്. വ്യക്തമായ സന്ദേശം എല്ലാവർക്കും പോയി കഴിഞ്ഞു. സാക്ഷികളെ സ്വാധീനിക്കാൻ ദിലീപ് ശ്രമിക്കുന്നുവെന്ന ആരോപണം ഉണ്ടാകാതിരിക്കാനുള്ള കരുതലും ഉണ്ട്.

നടിയ്‌ക്കൊപ്പം ആദ്യം മുതൽ നിലയുറപ്പിച്ചവർ പോലും പ്രതിസന്ധിയിലാണ്. ദിലീപിനെ എതിർത്താൽ പിന്നെ സിനിമയിൽ നിന്ന് പുറത്താകുമെന്ന് ഉറപ്പാണ്. 'മഴവിൽ അഴകിൽ അമ്മ' സ്റ്റേജ് ഷോ മുതൽ, ദിലീപ്-പൾസർ സുനി കൂടിക്കാഴ്ച നടന്നതായി പറയപ്പെടുന്ന തൊടുപുഴയിലെ ലൊക്കേഷനിൽ (ജോർജേട്ടൻസ് പൂരം) വരെ ഉണ്ടായിരുന്ന ചിലർ സാക്ഷിപ്പട്ടികയിലുണ്ട്. ദിലീപും ആക്രമിക്കപ്പെട്ട നടിയുമായി ഉറ്റബന്ധം പുലർത്തിയിരുന്നവരും പട്ടികയിൽ ഉൾപ്പെടുന്നു. എന്നാൽ, ഇവരിൽ എത്രപേർ പ്രോസിക്യൂഷന് അനുകൂലമായി സാക്ഷിമൊഴി നൽകാനെത്തുമെന്ന കാര്യത്തിൽ അന്വേഷണസംഘത്തിന് ആശങ്കയുണ്ട്.

ദിലീപിന്റെ മുൻഭാര്യ മഞ്ജു വാര്യർ, ഭാര്യ കാവ്യാ മാധവൻ, രമ്യാ നമ്പീശൻ, റീമാ കല്ലിങ്കൽ, ചിപ്പി രഞ്ജിത്ത്, ലാൽ, എംഎ‍ൽഎമാർകൂടിയായ എം. മുകേഷ്, കെ.ബി. ഗണേശ്‌കുമാർ, അജു വർഗീസ്, ധർമജൻ ബോൾഗാട്ടി തുടങ്ങിയ താരങ്ങളും ലാൽ ജൂനിയർ, ബൈജു കൊട്ടാരക്കര, ആലപ്പി അഷറഫ് തുടങ്ങിയ സംവിധായകരും നാദിർഷയുടെ സഹോദരനും ഗായകനുമായ സമദ്, നിർമ്മാതാവ് ആന്റോ ജോസഫ് എന്നിവരും സാക്ഷിപ്പട്ടിയിലുണ്ടെന്നാണു സൂചന. ഇതിൽ മഞ്ജുവും രമ്യാ നമ്പീശനും ഒഴികെയുള്ള ആരും ദിലീപിനെതിരെ മൊഴി കൊടുക്കാൻ സാധ്യതയില്ല. മഞ്ജുവിനെ സമ്മർദ്ദത്തിലാക്കാനും നീക്കമുണ്ട്. ബൈജു കൊട്ടാരക്കരയും ആലപ്പി അഷറഫും രണ്ടും കൽപ്പിച്ചുണ്ടെന്നത് മാത്രമാണ് പ്രോസിക്യൂഷന് എടുത്തുകാട്ടാനുള്ളത്. ഇരുവരും ദിലീപിന്റെ ശത്രുക്കളും. അതുകൊണ്ട് തന്നെ സാക്ഷി മൊഴിക്ക് വലിയ പ്രാധാന്യം കോടതി കൽപ്പിക്കുകയുമില്ല.

ജോർജേട്ടൻസ് പൂരം സിനിമയുടെ ലൊക്കേഷനിലാണു പൾസറിനു പണം നൽകിയതെന്നു കുറ്റപത്രത്തിൽ പരാമർശമുണ്ട്. ആക്രമിക്കപ്പെട്ടശേഷം സംവിധായകനും നടനുമായ ലാലിന്റെ വീട്ടിലേക്കാണു നടി എത്തിയത്. ഇതാണ് അദ്ദേഹത്തെ സാക്ഷിയാക്കാൻ കാരണം. ലാലിന്റെ മകൻ ലാൽ ജൂനിയറിന്റെ സിനിമയിൽ നടി അഭിനയിച്ചിട്ടുമുണ്ട്. ഇവരിൽ ചിലർ പൾസർ സുനിയെ ദിലീപിനൊപ്പം കണ്ടിട്ടുള്ളവരാണ്. താരസംഘടനയായ അമ്മയുടെ സ്റ്റേജ് ഷോ റിഹേഴ്സൽ നടക്കുമ്പോൾ, ദിലീപ് ആക്രമിക്കപ്പെട്ട നടിയോടു ഭീഷണിസ്വരത്തിൽ സംസാരിച്ചതായും അന്വേഷണസംഘത്തിനു സൂചന ലഭിച്ചിരുന്നു. അതിനാൽ അവിടെ അന്നുണ്ടായിരുന്നവരുടെ സാക്ഷിമൊഴി നിർണായകമാകും.

ആക്രമിക്കപ്പെട്ട നടിയോട് അനുഭാവമുള്ളവർപോലും കുറ്റപത്രം സമർപ്പിക്കപ്പെട്ടതോടെ ആശങ്കയിലാണ്. സാക്ഷി പറഞ്ഞാൽ ചലച്ചിത്രഭാവി അസ്തമിക്കുമെന്ന് ഉറപ്പാണ്. ദിലീപ് ഇപ്പോഴും ചലച്ചിത്രമേഖലയിൽ പ്രബലനാണ്. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമം നടക്കുമെന്നും പൊലീസ് സംശയിക്കുന്നു. അതുകൊണ്ടുതന്നെ സാക്ഷിപ്പട്ടികയിലുള്ളവരുമായി അടുപ്പം പുലർത്തുന്നവർ രഹസ്യനിരീക്ഷണത്തിലാണ്. അതുകൊണ്ട് തന്നെ കരുതലോടെയാണ് ദിലീപിന് അനുകൂലമായ ഇടപെടലുകൾ.