കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചന അന്വേഷണം ഇനി വമ്പൻ സ്രാവിലേക്ക്. കേസിലെ മാഡത്തിനെ കുടുക്കാനും പൊലീസ് നടപടികൾ തുടങ്ങി. ദിലീപിനെതിരെ അനുബന്ധ കുറ്റപത്രം സമർപ്പിച്ച കേസിൽ പൊലീസ് തുടരന്വേഷണം ആരംഭിച്ചു. വമ്പൻ സ്രാവിനെ കണ്ടെത്താനാണ് നീക്കം. ഇതിന്റെ ഭാഗമായി യുവനടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോണും സിം കാർഡും കണ്ടെത്താൻ പ്രതികളിൽ ഒരാളുടെ അടുത്ത ബന്ധുവായ വനിതയെ അന്വേഷണ സംഘം ചോദ്യം ചെയ്യും.

ഒന്നാം പ്രതി പൾസർ സുനി കുറ്റകൃത്യത്തിനു ശേഷം ആ രാത്രിതന്നെ സന്ദർശിച്ചതു പൊന്നുരുന്നി ജൂനിയർ ജനതാ റോഡിലെ ഈ വനിതയുടെ വീടാണ്. ഇതിന്റെ ക്യാമറ ദൃശ്യങ്ങൾ അടുത്ത ദിവസം പൊലീസിനു ലഭിച്ചിരുന്നു. അയൽവാസിയുടെ മതിൽ ചാടിക്കടന്നാണ് സുനി ഇവിടെയെത്തിയത്. പിറ്റേന്ന് ഉച്ചയോടെ യുവതി ദുബായിലേക്കു പോയതായും കണ്ടെത്തി. എന്നാൽ ഈ വിഷയത്തിൽ പൊലീസ് തുടരന്വേഷണം നടത്തിയില്ല. ഇത് വമ്പൻ സ്രാവിനെ രക്ഷിക്കാനായിരുന്നോവെന്ന സംശയമാണ് ഉള്ളത്. അതിനിർണ്ണായകമായ ഈ വിഷയത്തിൽ അന്വേഷണം മുന്നോട്ട് കൊണ്ടു പോകാനാണ് നീക്കം.

ഈ വിഷയത്തിൽ കൂടുതൽ പരിശോധന നടത്താത്ത മുൻ അന്വേഷണ ഉദ്യോഗസ്ഥന്റെ നീക്കങ്ങളും പരിശോധിക്കുന്നുണ്ട്. ആ ഉദ്യോഗസ്ഥനെ മാറ്റി കേസ് അന്വേഷണത്തിൽ ഈ വിവരം ഉൾപ്പെടുത്തിയത് ഐജി ദിനേന്ദ്ര കശ്യപിന്റെ ഇടപെടൽ കാരണമാണ്. ഈ അന്വേഷണം വമ്പൻ സ്രാവിലേക്ക് എത്തിക്കുമെന്നാണ് സൂചന. നിർണായക തൊണ്ടിമുതൽ കടത്തിയെന്ന വിവരം മറച്ചുവയ്ക്കാനാണ് മൊബൈൽ ഫോണും മെമ്മറി കാർഡും നശിപ്പിച്ചതായി അഡ്വ. പ്രതീഷ് ചാക്കോ, അഡ്വ. രാജു ജോസഫ് എന്നിവർ മൊഴി നൽകിയതെന്നാണു പൊലീസ് നിഗമനം.

മൊബൈൽ ഫോണും മെമ്മറി കാർഡും കണ്ടെത്താൻ കഴിഞ്ഞാൽ കേസിലെ കുറ്റപത്രം അന്വേഷണ സംഘത്തിനു വീണ്ടും പുതുക്കേണ്ടിവരും. പ്രതിപ്പട്ടികയിൽ ഇനിയും മാറ്റം വരാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. അതായത് വമ്പൻ സ്രാവിനും മാഡത്തിനും പിന്നാലെ പൊലീസ് യാത്ര തുടങ്ങി. കേസിൽ ദിലീപിനെ കുടുക്കാൻ യഥാർത്ഥ പ്രതിയെ കണ്ടെത്തിയേ മതിയാകൂ. നിലവിലെ ഗൂഢാലോചന കോടതിയിൽ ബോധ്യപ്പെടുത്തുമ്പോൾ പഴുതുകൾ ഉണ്ട്. ദിലീപ്-മഞ്ജു വിവാഹ മോചനത്തിന് അപ്പുറമുള്ള വിഷയങ്ങൾ നടിയെ ആക്രമിച്ചതിന് കാരമായിട്ടുണ്ട്. ഇതിലേക്ക് പൊലീസ് അന്വേഷണം ഇനി നീങ്ങുക. ദുബായ് കേന്ദ്രീകരിച്ചാണ് കേസിലെ ഗൂഢാലോചനയെന്നും പൊലീസ് സംശയിക്കുന്നു.

ആരോപണ വിധേയരായവരെല്ലാം പൊലീസ് നിരീക്ഷണത്തിലാണ്. ഇവർ കരുതലോടെ മാത്രമേ ഇനി പ്രവർത്തിക്കൂവെന്നും പൊലീസിന് അറിയാം. അതിനാൽ ദിലീപിൽ നിന്ന് തെളിവുകൾ കണ്ടെത്തിയ രീതി ആവർത്തിക്കാൻ കഴിയില്ല. എല്ലാം അവസാനിച്ചുവെന്ന് വമ്പൻ സ്രാവും കരുതുന്നില്ല. അതിനാൽ ഗൂഢാലോചനയുടെ പ്രധാന കണ്ണിയുണ്ടെങ്കിൽ അവിടെ എത്തുക പ്രയാസകരമാണെന്ന് പൊലീസ് വിലയിരുത്തുന്നു. അതിനുള്ള തുമ്പാണ് ദൃശ്യങ്ങൾ തേടിയുള്ള അന്വേഷണം. പൾസർ സുനി കുറ്റകൃത്യത്തിനു ശേഷം ആ രാത്രിതന്നെ സന്ദർശിച്ച പൊന്നുരുന്നി ജൂനിയർ ജനതാ റോഡിലെ സ്ത്രീയെ കേന്ദ്രീകരിച്ച് മുന്നോട്ട് പോകും. ഇവരെ ചോദ്യം ചെയ്യുന്നിടത്ത് അന്വേഷണത്തിന്റെ അടുത്ത ഘട്ടം തുടങ്ങും. ഇതിൽ നിന്ന് കിട്ടുന്ന വിവരങ്ങൾ നടിയെ ആക്രമിച്ച കേസ് പുതിയ തലത്തിൽ കൊണ്ടു പോകും.

ഈ ചോദ്യം ചെയ്യൽ ഉടൻ നടക്കും. അതിന് ശേഷം മാത്രമേ വിചാരണയ്ക്കായി പ്രത്യേക കോടതി വേണമോ എന്ന് പോലും പൊലീസ് അന്തിമമായി തീരുമാനിക്കുക. ഗൂഢാലോചനയിലും മാഡത്തിലും വമ്പൻ സ്രാവിലും തെളിവ കിട്ടിയാൽ വിചാരണ വൈകിച്ച് പുതിയ കുറ്റപത്രം നൽകും.