കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രധാനതൊണ്ടി മുതലായ മൊബൈൽ ഫോൺ കണ്ടെത്താനുള്ള അന്വേഷണവുമായി പൊലീസ് മുന്നോട്ടു പോകും. സംഭവത്തിൽ ദിലീപിന്റെ ഭാര്യയായ കാവ്യാ മാധവന്റെ പ്രേരണയും അറിവുമുണ്ടാകാമെന്ന സാക്ഷിമൊഴിയുള്ളതിനാൽ കാവ്യയുടെ പങ്ക് കൂടുതലായി അന്വേഷിക്കും. ഇക്കാര്യത്തിൽ കാര്യത്തിൽ അന്വേഷണസംഘത്തിൽ തന്നെ രണ്ടഭിപ്രായമുണ്ട്. വിചാരണ തുടങ്ങിയ ശേഷം ആവശ്യമെങ്കിൽ ഇക്കാര്യം ആലോചിക്കാമെന്നാണ് നിലവിലെ തീരുമാനം. കേസിലെ പ്രധാനതൊണ്ടിയായ മൊബൈൽ ഫോൺ ദുബായിലേക്കു കടത്തിയെന്നാണു പൊലീസ് സംശയിക്കുന്നത്.

സാങ്കേതിക പിഴവുകൾ തിരുത്തി നൽകിയ കുറ്റപത്രമാണു ഇന്നലെ ഫയലിൽ സ്വീകരിച്ചത്. കോടതി നിർദ്ദേശം അനുസരിച്ച് അന്വേഷണ ഉദ്യോഗസ്ഥൻ നേരിട്ടെത്തി ചില കാര്യങ്ങളിൽ വ്യക്തത വരുത്തിയിരുന്നു. കുറ്റപത്രം, സാക്ഷിവിവരങ്ങൾ, സാക്ഷിമൊഴികൾ തുടങ്ങിയവ പരിശോധിച്ച കോടതി കുറ്റപത്രത്തിൽ എല്ലാ രേഖകളുമുണ്ടെന്ന് ഉറപ്പാക്കി. 1452 പേജുള്ള അനുബന്ധ റിപ്പോർട്ടാണ് അന്വേഷണ ഉദ്യോഗസ്ഥനായ സിഐ െബെജു പൗലോസ് സമർപ്പിച്ചത്. 215 സാക്ഷിമൊഴികളും 18 രേഖകളും റിപ്പോർട്ടിന്റെ ഭാഗമായുണ്ട്. ഈ നടപടി ക്രമങ്ങൾ പൂർത്തിയായതോടെ ബൈജു പൗലോസ് മൂന്നാം ഘട്ട അന്വേഷണത്തിലേക്ക് കടക്കുകയാണ്. വമ്പൻ സ്രാവ്, മാഡം എന്നീ ആക്ഷേപങ്ങളിൽ വ്യക്തത വരുത്തുകയാണ് ലക്ഷ്യം. കേസിൽ കാവ്യയുടെ പങ്ക് അന്വേഷിക്കുന്നതിനാകും പ്രധാന പരിഗണന. കേസിൽ കാവ്യയെ പ്രതിയാക്കാനുള്ള തെളിവൊന്നും ഇതുവരെ പൊലീസിന് ലഭിച്ചിട്ടില്ല.

പൾസർ സുനിയുടെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ നടിയെ ആക്രമിക്കാനുള്ള ഗൂഢാലോചനയ്ക്കു പിന്നിൽ മറ്റാരെങ്കിലുമുണ്ടോ എന്ന് അന്വേഷണസംഘം പരിശോധിച്ചെങ്കിലും അത്തരത്തിലുള്ള തെളിവുകളൊന്നും ലഭിച്ചിരുന്നില്ല. പിന്നിൽ മാഡമുണ്ടെന്ന വെളിപ്പെടുത്തലിനെത്തുടർന്ന് ഒട്ടേറെ ചലച്ചിത്രപ്രവർത്തകരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ദിലീപ് സിനിമകളിലെ നായികയായ നടി, നടി കൂടിയായ ഗായിക എന്നിവരൊക്കെ സംശയനിഴലിലായിരുന്നു. കാവ്യാമാധവന്റെ അമ്മയുടെ പേരുപോലും വലിച്ചിഴയ്ക്കപ്പെട്ടു. ലക്ഷ്യയിൽ പൾസർ സുനി എത്തിയതായിരുന്നു ഇതിനെല്ലാം കാരണം. പക്ഷേ ഗൂഢാലോചനയിൽ ഇവരെ ഉൾപ്പെടുത്താൻ തെളിവൊന്നും കിട്ടിയില്ല. ഈ സാഹചര്യത്തിൽ കാവ്യയേയും റിമി ടോമിയേയും സാക്ഷികളാക്കി. റിമിയുടെ രഹസ്യമൊഴിയും എടുത്തു.

മൊെബെൽ ഫോൺ നശിപ്പിച്ചെന്ന അഡ്വ. പ്രതീഷ് ചാക്കോയുടെ ജൂനിയർ രാജു ജോസഫിന്റെ മൊഴി പൊലീസ് വിശ്വസിക്കുന്നില്ല. പൾസർ സുനി കൈമാറിയ ഫോൺ പ്രതീഷിന്റെ നിർദേശാനുസരണം താൻ കത്തിച്ചുകളഞ്ഞെന്നാണ് രാജുവിന്റെ മൊഴി. എന്നാൽ ഈ ഫോൺ ദുബായിലെത്തിയെന്നാണ് പൊലീസ് കരുതുന്നത്. എന്നാൽ ഇതിലേക്ക് അന്വേഷണം എത്താനൊരു തുമ്പും പൊലീസിന് കിട്ടിയിട്ടില്ല. നടിയെ ആക്രമിക്കുന്ന രണ്ടര മിനിറ്റ് ദൃശ്യം പൊലീസിന്റെ കൈയിലുണ്ട്. ഇതാണ് ഇപ്പോൾ അന്വേഷണ സംഘത്തിനുള്ള പ്രധാന തെളിവ്. ഇത് ലക്ഷ്യയിൽ നിന്ന് കിട്ടിയതാണെന്ന പരാമർശം കുറ്റപത്രത്തിലുണ്ടെന്നാണ് സൂചന. നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് ഉൾപ്പടെ 12 പ്രതികൾക്കെതിരെയുള്ള അനുബന്ധ കുറ്റപത്രം അങ്കമാലി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി സ്വീകരിച്ചതോടെ വിചാരണ ഉടൻ ആരംഭിക്കാനാണ് സാധ്യത. കുറ്റപത്രം വിചാരണ നടപടികൾക്കായി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് അയയ്ക്കും.

കേസിലെ 12 പ്രതികളിൽ രണ്ട് പേർ മാപ്പു സാക്ഷികളാണ്. ബാക്കിയുള്ള 10 പ്രതികൾക്ക് സമൻസ് അയയ്ക്കും. ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. അതിനാൽ, കേസ് സെഷൻസ് കോടതിയിലേക്ക് മാറ്റിയേക്കും. പ്രതികളുടെ റിമാൻഡ് കാലാവധി ഇന്നലെ അവസാനിച്ചിരുന്നു. ഇവരെ ഹാജരാക്കിയ സമയത്ത് അഭിഭാഷകരുടെ ആവശ്യപ്രകാരമാണ് കുറ്റപത്രം സ്വീകരിച്ചത്. ദിലീപ് എട്ടാം പ്രതിയാണ്. 23 നാണ് കുറ്റപത്രത്തിന്റെ സൂക്ഷ്മപരിശോധന കോടതി ആരംഭിച്ചത്. 1500ൽ അധികം പേജുകളുള്ള കുറ്റപത്രത്തിൽ മുന്നൂറിലധികം സാക്ഷികളെയും 450ൽ അധികം തെളിവുകളും പൊലീസ് ഉൾപ്പെടുത്തിയിട്ടുണ്ട്.

നടിയെ ആക്രമിക്കാനുള്ള ഗൂഢാലോചനയ്ക്ക് പിന്നിൽ ദിലീപാണെന്നും നടിയോട് ദിലീപിന് വൈരാഗ്യമുണ്ടായിരുന്നെന്നും കുറ്റപത്രത്തിലുണ്ട്. കുറ്റപത്രം കോടതി പരിഗണിക്കും മുൻപ് പകർപ്പും വിശദാംശങ്ങളും പൊലീസ് മാധ്യമങ്ങൾക്ക് ചോർത്തിനൽകി എന്നാരോപിച്ച് ദിലീപ് സമർപ്പിച്ച ഹർജിയും കോടതിയുടെ പരിഗണനയിലുണ്ട്. കഴിഞ്ഞ ദിവസം ഈ ഹർജിയിൽ കോടതി പൊലീസിന്റെ വിശദീകരണം തേടിയിരുന്നു. കുറ്റപത്രം ചോർത്തിയിട്ടില്ലെന്നും മാധ്യമങ്ങളിൽ കുറ്റപത്രത്തിന്റെ പകർപ്പ് വന്നത് പരിശോധിച്ച് വരികയാണെന്നും പൊലീസ് സത്യവാങ്മൂലം നൽകി. ഈ മാസം എട്ടിന് കേസ് വീണ്ടും പരിഗണിക്കും.

ജയിലിൽ നിന്നും സുനിക്ക് കത്തെഴുതി നൽകിയ വിപിൻ ലാലും സുനിയൈ ഫോൺ വിളിക്കാൻ സഹായിച്ച എആർ ക്യാമ്പിലെ പൊലീസുകാരൻ അനീഷുമാണ് മാപ്പു സാക്ഷികൾ. നടി മഞ്ജു വാര്യരും സാക്ഷിപ്പട്ടികയിലുണ്ട്. സിനിമാ മേഖലയിൽ നിന്ന് മാത്രം 50 സാക്ഷികളുണ്ട്. ഏഴു പേരെ പ്രതികളാക്കി ആക്രമണക്കേസിലെ കുറ്റപത്രം നേരത്തെ സമർപ്പിച്ചതിനാൽ അനുബന്ധ കുറ്റപത്രമായാണ് പുതിയത് നൽകിയത്. അക്രമണത്തിൽ നേരിട്ട് പങ്കെടുത്തവരാണ് ഒന്നു മുതൽ ഏഴു വരെയുള്ള പ്രതികൾ. പൾസർ സുനിക്ക് ജയിലിൽ ഫോൺ എത്തിച്ച് നൽകിയ മേസ്തിരി സുനിൽ (9 ാം പ്രതി) സുനിയുടെ കത്ത് ദിലീപിന്റെ മാനേജർ അപ്പുണ്ണിക്ക് എത്തിച്ച് നൽകിയ വിഷ്ണു (10ാം പ്രതി). തെളിവ് നശിപ്പിക്കാൻ ശ്രമിച്ച അഡ്വ. പ്രതീഷ് ചാക്കോ 11 ാം പ്രതി, അഡ്വ രാജു ജോസഫ് (12 ാം പ്രതി) എന്നിവരാണ് രണ്ടാം കുറ്റപത്രത്തിലെ മറ്റ് പ്രതികൾ.

കുറ്റപത്രത്തിൽ 355 സാക്ഷികളുണ്ട്. 450 ൽ അധികം രേഖകൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഫോൺ രേഖകൾ ഉൾപ്പെടെയുള്ളവയാണിത്. നടിയെ ആക്രമിക്കാൻ വാടകഗുണ്ടകളുടെ സഹായം തേടിയെന്നാണ് പ്രോസിക്യൂഷന്റെ ആരോപണം. ലൈംഗിക അതിക്രമവുമായി ബന്ധപ്പെട്ട കേസുകൾ അതീവഗൗരവത്തോടെ കാണണമെന്നാണ് സുപ്രീം കോടതിയുടെ മാർഗനിർദ്ദേശം. ഇക്കഴിഞ്ഞ ജൂലൈ പത്തിനാണ് നടിയെ ആക്രമിച്ച കേസിൽ ഗൂഢാലോചനാക്കുറ്റം ചുമത്തി ദിലീപിനെ അറസ്റ്റ് ചെയ്തത്. പ്രത്യേക കോടതി രൂപീകരിച്ച് വിചാരണ അതിവേഗമാക്കാനാണ് പ്രോസിക്യൂഷൻ നീക്കം.