കൊച്ചി : നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചനക്കേസിൽ കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ടു ദിലീപ് ഹൈക്കോടതിയിലേക്ക്. നേരത്തെ ഈ ആവശ്യം അങ്കമാലി കോടതി തള്ളിയിരുന്നു. കുറ്റപത്രത്തിൽ തനിക്കെതിരേ മതിയായ തെളിവില്ലെന്നു ചൂണ്ടിക്കാട്ടിയാവും ദിലീപിന്റെ ഹൈക്കോടതിയിലെ ഹർജി. ഹർജി തള്ളിയാൽ ഉടൻ സുപ്രീം കോടതിയെ സമീപിക്കും. കേസിന്റെ വിചാരണ പരമാവധി വൈകിപ്പിക്കാനാണു ദിലീപിന്റെ നീക്കം. ഇതിനിടെയാണ് സിനിമാക്കാരുടെ കേസിലെ മൊഴിയും പുറത്തു വന്നത്. കേസിൽ രഹസ്യ വിചാരണ നടത്താനാണ് കോടതിയുടെ തീരുമാനം. അത്തരമൊരു കേസിൽ മൊഴികളും അനുബന്ധ രേഖകളും രഹസ്യമായി തന്നെ തുടരണം. എന്നാൽ ഇവിടെ മൊഴികളെല്ലാം പുറത്തായി. ഇതും കുറ്റപത്രം റദ്ദാക്കണമെന്ന ഹർജിയും തമ്മിൽ ബന്ധമുണ്ടെന്നാണ് പൊലീസ് കരുതുന്നത്.

സിനിമാ മേഖലയിലെ ഏഴോളം പ്രമുഖരുടെ രഹസ്യമൊഴികളാണ് രണ്ടു ദിവസങ്ങളിലായി പുറത്തുവന്നത്. നടൻ ദിലീപിനെ എട്ടാം പ്രതിയാക്കിയാണ് നവംബർ 22ന് പൊലീസ് അനുബന്ധ കുറ്റപത്രം അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചത്. കേസിന്റെ തുടക്കം മുതൽ നിർണായക വിവരങ്ങൾ പുറത്താകുന്നത് ഏറെ വിവാദത്തിന് വഴിവച്ചിരുന്നു. കുറ്റപത്രം സമർപ്പിക്കുന്നതിന് മുൻപായി കേസുമായി ബന്ധപ്പെട്ട തെളിവുകൾ വാട്‌സ്ആപ്പിൽ പ്രചരിച്ചിരുന്നു. നടിക്കെതിരെയുണ്ടായ ആക്രമണത്തെക്കുറിച്ച് പൊലീസ് തയാറാക്കിയ റിമാൻഡ് അപേക്ഷയിലെ നിർണായക തെളിവുകളാണ് വാട്സ്ആപ്പിലൂടെ ചോർന്നത്. നടി പ്രതികൾക്കെതിരെ പൊലീസിന് നൽകിയ മൊഴിയും വാട്സ്ആപ്പിലൂടെ പ്രചരിച്ചിരുന്നു. പിന്നീട് കുറ്റപത്രം സമർപ്പിച്ച സമയത്ത് പൊലീസ് മാധ്യമങ്ങൾക്ക് കുറ്റപത്രം ചോർത്തി നൽകിയെന്ന് ആരോപിച്ച് ദിലീപ് അങ്കമാലി കോടതിയിൽ പരാതി നൽകി.

എന്നാൽ, ആരോപണം പൊലീസ് നിഷേധിച്ചു. ഫോട്ടോസ്റ്റാറ്റ് പകർത്താൻ നൽകിയപ്പോഴാവാം കുറ്റപത്രം ചോർന്നതെന്ന വാദം പൊലീസിനെ പരിഹാസ്യരാക്കി. മാധ്യമങ്ങൾക്ക് ചോർന്ന് ലഭിച്ചത് യഥാർത്ഥ കുറ്റപത്രമല്ലെന്നാണ് പൊലീസിന്റെ വാദം.പുറത്തുവന്ന മൊഴികളുടെ ഉറവിടത്തെപ്പറ്റി ഇനിയും വ്യക്തതയില്ല. ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവൻ, നടനും എംഎൽഎയുമായ മുകേഷ്, സംവിധായകൻ ശ്രീകുമാർ മേനോൻ എന്നിവരുടെ മൊഴികളാണ് പുറത്തുവന്നത്. നേരത്തെ ദിലീപിന്റെ മുൻ ഭാര്യയും നടിയുമായ മഞ്ജു വാര്യർ, സിദ്ദിഖ്, കുഞ്ചാക്കോ ബോബൻ, സംയുക്ത വർമ്മ, റിമി ടോമി എന്നിവരുടെ മൊഴികൾ പുറത്തായിരുന്നു. ആക്രമിക്കപ്പെട്ട നടി ഉള്ളതും, ഇല്ലാത്തതും 'ഇമാജിൻ' ചെയ്ത് പറയുന്നയാളാണെന്നാണ് കാവ്യയുടെ മൊഴി.

അങ്കമാലി കോടതിയിൽ ഹാജരായി ദിലീപ് പീഡന വീഡിയോ അടക്കം പിരിശോധിച്ചിരുന്നു. കുറ്റപത്രവും രേഖകളും കാണുകയും ചെയ്തു. ഇത് ദിലീപിന്റെ അഭിഭാഷകൻ ഔദ്യോഗികമായി കൈപ്പറ്റിയെന്നും സൂചനയുണ്ട്. അതിന് ശേഷമാണ് ദിലീപിനെതിരായ മൊഴി പുറത്തുവന്നത്. പ്രത്യക്ഷമായി ജനപ്രിയ നായകന്റെ ഇമേജിനെ ബാധിക്കുന്ന മൊഴികൾ ദിലീപ് പുറത്തു വിടില്ലെന്നാകും പൊതുവേയുള്ള വിലയിരുത്തൽ. എന്നാൽ ഇവിടെ കേസ് അട്ടിമറിക്കാൻ കുറ്റപത്രത്തിലെ പ്രസക്ത ഭാഗങ്ങൾ ദിലീപ് തന്നെയാണ് പുറത്തു വിട്ടതെന്ന നിലപാടിലാണ് പൊലീസ്. അന്വേഷണ സംഘത്തിനെതിരെ കോടതിയെ തിരിക്കാനുള്ള ബോധപൂർവ്വമായ നീക്കം. കുറ്റപത്രം പൊലീസ് ചോർത്തി നൽകിയെന്ന ദിലീപിന്റെ ഹർജി ഇപ്പോഴും അങ്കമാലി കോടതിയുടെ പരിഗണനയിലാണ്. തന്നെ മനപ്പൂർവ്വം മോശക്കാരനാക്കാൻ പൊലീസ് കുറ്റപത്രം ചോർത്തിയതിലൂടെ ശ്രമിച്ചുവെന്നായിരുന്നു ദിലീപിന്റെ ആരോപണം.

ഇതിന് പിന്നാലെയാണ് നടീനടന്മാരുടെ മൊഴിയും പുറത്തു വന്നത്. സംഭവത്തിൽ സിനിമാപ്രവർത്തകരുടെ മൊഴികൾ പുറത്തുവന്നതു വിചാരണയെ ദോഷമായി ബാധിക്കാമെന്ന ആശങ്കയിലാണു പ്രോസിക്യൂഷൻ. പ്രതികൾ സ്വാധീനിക്കപ്പെടാനും സാധ്യതയുണ്ട്. സാക്ഷികൾ കോടതിയിലും മൊഴി ആവർത്തിക്കണം. അതുകൊണ്ടുതന്നെ എത്രയും വേഗം വിചാരണ ആരംഭിച്ചു വിസ്താരം പൂർത്തിയാക്കാനാണു പ്രോസിക്യൂഷൻ ശ്രമം. എന്നാൽ കുറ്റപത്രം റദ്ദാക്കണമെന്ന ആവശ്യങ്ങൾ വിവിധ കോടതിയിൽ ഉന്നയിച്ച് വിസ്താരം നീട്ടിയെടുക്കാനും സാക്ഷികളെ സ്വാധീനിക്കാനുമാണ് ദിലീപ് ശ്രമിക്കുന്നതെന്ന് പ്രോസിക്യൂഷൻ സംശയിക്കുന്നു. രഹസ്യ വിചാരണയിലെ മൊഴികൾ പുറത്തു വന്നതിനെ കോടതി ഗൗരവത്തോടെ തന്നെ കാണും. ഇത് ദിലീപിന് അനുകൂലമാകുമോ എന്ന ആശങ്കയും പൊലീസിനുണ്ട്.

നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിനു തിരിച്ചടിയാണ് താരങ്ങളുടെ മൊഴികൾ എന്നാണ് വിലയിരുത്തൽ. ദിലീപും കാവ്യാ മാധവനുമായി വഴിവിട്ടബന്ധം ഉണ്ടായിരുന്നെന്നും അതറിഞ്ഞപ്പോൾ വീട്ടിൽ വഴക്കായെന്നും ഇതിന്റെ പേരിലാണു നടിയോടു ദിലീപിനു ശത്രുതയുണ്ടായതെന്നും മുൻ ഭാര്യയായ മഞ്ജു വാര്യരുടെ മൊഴി. നടിയോടു ദിലീപിനു ശത്രുതയുണ്ടായിരുന്നെന്നു തെളിയിക്കുന്നതാണ് സംയുക്ത വർമ, കുഞ്ചാക്കോ ബോബൻ, സിദ്ദിഖ് എന്നിവരുടെയും മൊഴികൾ. ദിലീപും കാവ്യയുമായുള്ള ബന്ധത്തെക്കുറിച്ചു കൂടുതൽ അറിഞ്ഞത് നടിയുടെ സഹായത്തോടെയാണെന്നാണു മഞ്ജുവിന്റെ മൊഴിയിൽ.

മഞ്ജു നായികയായിട്ടുള്ള സിനിമയിൽ അഭിനയിക്കരുതെന്നു ദിലീപ് പരോക്ഷമായി ആവശ്യപ്പെട്ടിരുന്നെന്ന് കുഞ്ചാക്കോ ബോബന്റെ മൊഴിയിൽ പറയുന്നു. അമേരിക്കയിൽവച്ച് കാവ്യയും ദിലീപും ഒരുമിച്ചു ബാത്ത്റൂമിൽ പോയതിനു സാക്ഷിയാണെന്നാണു റിമി ടോമിയുടെ മൊഴി. ആരോപണങ്ങളെല്ലാം കാവ്യാ മാധവൻ നിഷേധിച്ചു. ദിലീപ് - മഞ്ജു വിവാഹമോചനത്തിനു കാരണം താനല്ലെന്നും കാവ്യ വ്യക്തമാക്കുന്നു. മുകേഷും ദിലീപിന് എതിരായാണ് മൊഴി നൽകിയിരിക്കുന്നത്. പൾസർ സുനിയുമായുള്ള ബന്ധമാണ് മുകേഷ് വിശദീകരിക്കുന്നത്. ഇതെല്ലാം കോടതിയിലെത്തി ദിലീപ് വായിച്ചിരുന്നു. മുകേഷിന്റെ മൊഴി ദിലീപിനെ സമ്മർദ്ദത്തിലാക്കുകയും ചെയ്തിട്ടുണ്ട്.

മാധ്യമങ്ങൾക്ക് കുറ്റപത്രം ചോർത്തി നൽകി എന്ന പ്രതി ദിലീപിന്റെ പരാതിയിന്മേൽ ശനിയാഴ്ച അങ്കമാലി മജിസ്ട്രേറ്റ് കോടതി വിധിപറയും. ചോർത്തി നൽകിയതു പൊലീസാണെന്നും നടപടി വേണമെന്നുമാണ് ആവശ്യം. എന്നാൽ കേസിൽ മാധ്യമങ്ങളെ പ്രതിചേർത്തിട്ടില്ല. ഇതിനെ പൊലീസ് കോടതിയിൽ ചോദ്യംചെയ്തിരുന്നു. അതിനു മറുപടിയായി സാക്ഷിമൊഴികൾ പുറത്തുവന്നത് പ്രതികളുടെ ഭാഗത്തു നിന്നാണെന്ന ബദൽവാദം ഉയർത്തി കേസിനെ പ്രോസിക്യൂഷൻ നേരിട്ടത്. ഇതിന് പിന്നാലെയാണ് കൂടുതൽ മൊഴികൾ പുറത്തുവന്നത്. എല്ലാം പ്രത്യക്ഷത്തിൽ ദിലീപിനെതിരായ വാദങ്ങൾ മാത്രം. ഇത് വലിയ തോതിൽ ചർച്ചയാവുകയും ചെയ്തു. രഹസ്യ വിചാരണ നടക്കുന്ന കേസിലെ മൊഴികൾ ഇങ്ങനെ പൊതുസമൂഹം ചർച്ച ചെയ്യാമോ എന്ന നിർണ്ണായക ചോദ്യമാകും കോടതിയിൽ ദിലീപിന്റെ അഭിഭാഷകൻ ഉയർത്തുക

എന്നാൽ ഇത്തരമൊരു ചോദ്യം ഉയർത്താനായി ദിലീപ് വിഭാഗം തന്നെ പുറത്തുവിട്ടതാണ് മൊഴിയെന്നാകും പൊലീസ് നിലപാട്. കുറ്റപത്രം ചോർത്തലിൽ വാദമെല്ലാം പൂർത്തിയായി. ഇനി കോടതിയുടെ വിധി മാത്രമേ വരാനുള്ളൂ. ഈ സാഹചര്യത്തിൽ പുതിയ റിപ്പോർട്ടുകൾ കോടതിയെ സ്വാധീനിക്കുമോ എന്ന ആശങ്ക പ്രോസിക്യൂഷനിൽ സജീവമാണ്. അതിനിടെ വിചാരണയ്ക്കു പ്രത്യേകകോടതി അനിവാര്യമാണെന്നു പ്രോസിക്യൂഷൻ സർക്കാരിനെ അറിയിച്ചിട്ടുണ്ട്. സ്ത്രീകളുടെയും കുട്ടികളുടെയും കേസുകൾ പരിഗണിക്കുന്ന പോക്സോ കോടതിയിലേക്കു മാറ്റാമെന്ന അഭിപ്രായമാണ് അഡ്വക്കേറ്റ് ജനറൽ സി.പി. സുധാകരപ്രസാദിനുള്ളത്. എന്നാൽ പോക്സോ കോടതിയിലെ കേസുകളുടെ ബാഹുല്യത്താൽ വിചാരണ നീണ്ടുപോകുമോയെന്ന ആശങ്കയുണ്ട്.

ഗവേഷണ വിദ്യാർത്ഥിനിയായിരുന്ന ഇന്ദുവിനെ തീവണ്ടിയിൽനിന്നു തള്ളിയിട്ടുകൊന്ന കേസിന്റെ വിചാരണ പോക്സോ കോടതിയിൽ ഫെബ്രുവരിയിൽ തുടങ്ങാനിരിക്കുകയാണ്. അതിനാൽ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ വിചാരണ നടത്താമെന്ന ആലോചനയുമുണ്ട്. പ്രിൻസിപ്പൽ സെഷൻസ് കോടതി കേസെടുത്താൽ ഫെബ്രുവരിയിൽ തന്നെ വിചാരണ തുടങ്ങാനാവും.