കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പ്രതിയായ തനിക്ക് സുപ്രധാന രേഖകൾ പൊലീസ് ഇതുവരെ നൽകിയിട്ടില്ലെന്നു നടൻ ദിലീപ്. ഈ ആവശ്യം ഉന്നയിച്ച് ഇന്ന് അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ രണ്ടു ഹർജികൾ സമർപ്പിക്കും. അതിനിടെ വിചാരണ നീട്ടാനുള്ള നീക്കമാണ് നടക്കുന്നതെന്ന് പൊലീസും വിലയിരുത്തുന്നു. നടിയെ ആക്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പ്രതിക്ക് നൽകാനാവില്ലെന്നാണ് പൊലീസിന്റെ നിലപാട്. ദൃശ്യങ്ങൾ ചോരാനുള്ള സാധ്യതയാണ് ഇതിനായി പൊലീസ് ഉയർത്തുന്നത്.

യുവനടി ആക്രമിക്കപ്പെട്ട കേസിലെ പ്രധാന തെളിവായ ദൃശ്യമടങ്ങിയ വീഡിയോ പകർപ്പും നൂറിൽപ്പരം തെളിവുരേഖകളുടെ പകർപ്പുമാണു പൊലീസ് കൈമാറേണ്ടത്. ദൃശ്യമടങ്ങിയ മൊബൈൽ ചിപ്പ് ഉണ്ടെന്ന പൊലീസിന്റെ വാദം തെറ്റാണെന്ന് ദിലീപ് കരുതുന്നു. ഈ സാഹടര്യത്തിലാണ് തെളിവുകൾ നേടിയെടുക്കാനുള്ള നീക്കം. ഹർജികൾ നൽകുന്നതോടെ ഈ രേഖകളെല്ലാം ദിലീപിനു കൈമാറേണ്ടിവരും. ഇതിനു കൂടുതൽ സമയമെടുക്കും. അതോടെ വിചാരണ നീട്ടിവയ്ക്കാനുമാകും.

നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചനാക്കേസ് ഇന്ന് അങ്കമാലി മജിസ്ട്രേറ്റ് കോടതി പരിഗണിക്കുന്നുണ്ട്. കുറ്റപത്രത്തിൽ പറയുന്ന രേഖകളെല്ലാം കിട്ടി ബോധ്യപ്പെട്ടുവെന്നു പ്രതികളെല്ലാവരും അറിയിച്ചാലേ കേസ് എറണാകുളം പ്രിൻസിപ്പൽ സെഷൻ കോടതിയിലേക്കു കേസ് മാറ്റൂ. ദിലീപ് ഹർജി നൽകുന്നതോടെ ഈ കേസ് പ്രിൻസിപ്പൽ സെഷൻസ് കോടതിക്കു ഇന്നു കൈമാറാനിടയില്ല. റിമാൻഡിലുള്ള പ്രതികളിൽ ചിലർക്കു ജാമ്യം കിട്ടാനുണ്ട്. ഇവരെ വിചാരണത്തടവുകാരായി നിലനിർത്താനാണ് പൊലീസിന്റെ നീക്കം.

രേഖ നൽകണമെന്ന ദിലീപിന്റെ ഹർജിയിൽ ദൃശ്യമൊഴികെ ബാക്കിയെല്ലാം നൽകാമെന്ന നിലപാടാകും പൊലീസ് എടുക്കുക. ജാമ്യത്തിൽ പുറത്തിറങ്ങിയ ദിലീപ് കമ്മാരസംഭവത്തിൽ അഭിനയം പൂർത്തിയാക്കി. ഇനി പ്രൊഫസർ ഡിങ്കന്റെ ഷൂട്ടിങ് തുടങ്ങുമെന്നാണ് വിലയിരുത്തൽ. ഇതിനിടെയിൽ വിചാരണ തുടങ്ങുന്നത് നടന് ബുദ്ധിമുട്ടുണ്ടാകും. അതുകൊണ്ട് തന്നെ ഈ ഘട്ടത്തിൽ വിചാരണ വേണ്ടെന്നാണ് ദിലീപ് ആഗ്രഹിക്കുന്നതെന്നും പൊലീസ് വിലയിരുത്തുന്നു. അതുകൊണ്ട് തന്നെ കരുതലുകൾ എടുത്താകും ദിലീപിന്റെ ഹർജിയിൽ പ്രോസിക്യൂഷൻ നിലപാട് എടുക്കുക.

നടിയെ ഉപദ്രവിച്ച കേസിൽ അന്വേഷണസംഘം സമർപ്പിച്ച അനുബന്ധ കുറ്റപത്രം മാധ്യമങ്ങൾക്കു ലഭിച്ചെന്നു നടൻ ദിലീപ് നൽകിയ പരാതിയിൽ കോടതി 17ന് വിധി പറയും. ഇരു വിഭാഗത്തിന്റെയും വാദം നേരത്തെ പൂർത്തിയായിരുന്നു. കുറ്റപത്രം ചോർന്നതു സംബന്ധിച്ചു പൊലീസിൽനിന്നു വിശദീകരണം തേടണമെന്നും കുറ്റപത്രം റദ്ദാക്കണമെന്നും ദിലീപ് ആവശ്യപ്പെട്ടിരുന്നു. അതേസമയം, കുറ്റപത്രം മാധ്യമങ്ങൾക്കു ലഭിച്ചതിൽ പൊലീസിനു പങ്കില്ലെന്നും ഫോൺരേഖകൾ ഉൾപ്പെടെ വിവരങ്ങൾ പുറത്തുവിട്ടതു ദിലീപാണെന്നുമാണ് പ്രോസിക്യൂഷൻ നിലപാടെടുത്തത്. ഈ കേസിൽ ദിലീപിന് അനുകൂല വിധി ഉണ്ടാകില്ലെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് പുതിയ നീക്കം.