കൊച്ചി: നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതിയായ മാർട്ടിൻ കൊല്ലപ്പെട്ടേക്കുമെന്ന് പ്രചരിപ്പിച്ച് ദിലീപ് അനുകൂലികൾ. ആലുവ സബ് ജയിലിൽ വച്ചോ കോടതിയിലേക്ക് കൊണ്ടു പോകുന്ന വഴിക്കോ മാർട്ടിൻ കൊല്ലപ്പെടുമെന്ന് ഭയക്കുന്നതായി സലിം ഇന്ത്യ പറഞ്ഞു. മംഗളം ടെലിവിഷന്റെ പ്രൈം ടൈം ചർച്ചയിലാണ് സലിം ഇന്ത്യ ഇക്കാര്യം പറഞ്ഞത്. നടി ആക്രമിക്കപ്പെട്ടതല്ലെന്നും സംഭവം കൃത്രിമ സൃഷ്ടിയാണെന്നും മാർട്ടിൻ കഴിഞ്ഞ ദിവസം അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ വെളിപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് മാർട്ടിൻ കൊല്ലപ്പെടാൻ സാധ്യയുണ്ടെന്ന് ദിലീപ് അനുകൂലികൾ പറയുന്നു.

സംഭവത്തിന് പിന്നിൽ പൾസർ സുനിയുടേയും ഒരു നിർമ്മാതാവിന്റേയും തന്ത്രമാണെന്നാണ് അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ മാർട്ടിൻ നൽകിയ മൊഴി. മാർട്ടിന്റെ വെളിപ്പെടുത്തൽ ശരിയാണെങ്കിൽ തങ്ങൾ ശിക്ഷിക്കപ്പെടാതിരിക്കാൻ വേണ്ടി മാർട്ടിനെ കൊലപ്പെടുത്താൻ സാധ്യതയുണ്ടെന്ന് സലിം ഇന്ത്യ പറഞ്ഞു. ഇത്രയും വലിയ ഗൂഢതന്ത്രങ്ങൾ മെനഞ്ഞ് ദിലീപിനെ 85 ദിവസം ജയിലിൽ തള്ളാൻ മടിക്കാത്തവർ മാർട്ടിനെ വകവരുത്താനും മടിക്കില്ലെന്ന് സലിം ഇന്ത്യ ആരോപിച്ചു. മാർട്ടിൻ വിഷയം ഉയർത്തി ദിലീപ് അനുകൂല തരംഗമുണ്ടാക്കാൻ ഫാൻസ്

മാർട്ടിൻ ജീവിച്ചിരുന്നാൽ ദിലീപിന്റെ നിരപരാധിത്വം പുറത്ത് വരുമെന്ന് അവർ ഭയക്കുന്നു. മാത്രമല്ല, തന്റെ ജീവൻ അപകടത്തിലാണെന്ന് മാർട്ടിൻ കോടതിയിൽ വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. സത്യം അറിയാവുന്ന മാർട്ടിന് സംരക്ഷണം നൽകണമെന്നും വസ്തുതകൾ പുറത്തുകൊണ്ടു വരാൻ പുനരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും സലിം ഇന്ത്യ കൂട്ടിച്ചേർത്തു. ഇതോടെ നടിയെ ആക്രമിച്ച കേസ് പുതിയ വഴിത്തിരിവിലേക്ക് എത്തുകയാണ്. മാർട്ടിൻ നൽകിയ രഹസ്യ മൊഴി രേഖാമൂലം കോടതിയോട് ദിലീപ് ആവശ്യപ്പെടും. അതിന് ശേഷമാകും അടുത്ത നിയമ നടപടി. വിചാരണയിലേക്ക് കാര്യങ്ങൾ പോകാതെ തന്നെ കേസ് ഹൈക്കോടതിയെ കൊണ്ട് ഇല്ലാതാക്കുകയെന്ന ലക്ഷ്യമാണ് ദിലീപിനുള്ളത്.

അതിനിടെ നടിയെ ആക്രമിച്ച കേസിൽ ഇരയെ അപമാനിച്ച് കേസ് ദുർബലമാക്കാനാണ് പ്രതിഭാഗത്തിന്റെ നീക്കമെന്ന് പൊലീസും പറയുന്നു. ഈ സാഹചര്യത്തിൽ പ്രതിയായ ദിലീപിനെതിരേ നിലപാട് കടുപ്പിക്കും. ആവശ്യമെങ്കിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കാനും പൊലീസ് ശ്രമിക്കും. ദിലീപ് ഫാൻസുകാരുടെ ഫെയ്സ് ബുക്ക് പേജിലൂടെ ഇരയെ അപമാനിക്കുന്ന പ്രചരണങ്ങൾ നടക്കുന്നുവെന്നാണ് പൊലീസ് വിലയിരുത്തൽ. ഈ സാഹചര്യത്തിൽ നടിയെ ആക്രമിച്ച ദൃശ്യങ്ങളുടെയും മറ്റു തെളിവുകളുടെയും പകർപ്പുകൾ നൽകണമെന്ന ദിലീപിന്റെ ആവശ്യം അംഗീകരിക്കരുതെന്നാകും പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെടുക. ദൃശ്യങ്ങൾ ചോരാൻ സാധ്യയുണ്ടെന്നും വിശദീകരിക്കും. ഇതിനിടെയാണ് ദിലീപ് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നത്.

ഇരയുടെ ജീവതത്തെ തകർക്കാനാണ് ശ്രമം നടക്കുന്നുണ്ട്. ഇതിന് വേണ്ടി പലവിധ കഥകൾ ചമയ്ക്കുകയാണ്. ഈ സാഹചര്യത്തിൽ ദിലീപിന്റെ ആവശ്യങ്ങൾ അംഗീകരിക്കരുതെന്നും അങ്കമാലി കോടതിയെ പൊലീസ് അറിയിക്കും. ഹർജിയിൽ മറുപടിനൽകാൻ കൂടുതൽ സമയം വേണമെന്നും പൊലീസ് കോടതിയെ അറിയിച്ചേക്കും. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുടെ ആധികാരികതയെപ്പറ്റി ദിലീപ് ഹർജിയിൽ ഉന്നയിച്ച സംശയങ്ങളും ഗൗരവത്തോടെയാണ് പൊലീസ് കാണുന്നത്. ദൃശ്യങ്ങൾ നിർത്തിയിട്ട വാഹനത്തിൽ ചിത്രീകരിച്ചതായാണ് മനസ്സിലാകുന്നതെന്നാണ് ഹർജിയിൽ പറയുന്നത്. ശാസ്ത്രീയമായി തന്നെ ദിലീപിന്റെ ഈ വാദം പൊളിക്കാൻ പൊലീസ് ശ്രമിക്കും. പക്ഷേ ഇതിന് പൊലീസിന് കഴിയില്ലെന്നാണ് ദിലീപിന്റെ വിലയിരുത്തൽ. ഈ പ്രശ്‌നങ്ങളും ഹൈക്കോടതിയിൽ ദിലീപ് ഉന്നയിക്കും.

നടിയെ ആക്രമിച്ച ദൃശ്യങ്ങളുടെ ഒർജിനൽ പൊലീസിന് കിട്ടിയിട്ടില്ല. എഡിറ്റ് ചെയ്തതാണ് ലഭിച്ചത്. ഈ പഴുതുപയോഗിച്ച് കേസ് അട്ടിമറിക്കാനാണ് ലക്ഷ്യം. ഇതിന് വേണ്ടിയാണ് പ്രതികൾ ഒർജിനൽ നശിപ്പിച്ചതെന്ന നിലപാടിലാണ് പൊലീസ്. അതുകൊണ്ട് തന്നെ ഓടുന്ന വണ്ടിയിൽ അല്ല പീഡനമെന്ന വാദത്തെ പൊലീസ് ഗൗരവത്തോടെ എടുക്കും. വളരെ ആസൂത്രിതമായുള്ള നീക്കമാണ് പ്രതിഭാഗം നടത്തുന്നത്. പ്രോസിക്യൂഷൻ സാക്ഷികൾ സ്വാധീനിക്കപ്പെടുമോ എന്ന സംശയവും പൊലീസിനുണ്ട്. എല്ലാം പ്രോസിക്യൂഷൻ പറയുന്നതിന് നേർ വിപരീതമാണെന്നും അങ്കമാലി കോടതിയൽ സർപ്പിച്ച ഹർജിയിൽ ദിലീപ് ചൂണ്ടിക്കാട്ടിയിരുന്നു.

നടിയെ ആക്രമിച്ച ദൃശ്യങ്ങളുള്ള വീഡിയോയിലെ ശബ്ദവും ദൃശ്യങ്ങളും പ്രോസിക്യൂഷൻ പറഞ്ഞതിന് വിപരീതമാണെന്നും ഹർജിയിൽ പറഞ്ഞിരുന്നു. ഒന്നാംപ്രതിയായ പൾസർ സുനിയും പൊലീസും തമ്മിലുള്ള ഒത്തുകളിയാണ് ഇവിടെ നടന്നിരിക്കുന്നതെന്നാണ് ദിലീപിന്റെ ആക്ഷേപം. പൊലീസിന് ഇഷ്ടമുള്ള വീഡിയോകളും ശബ്ദങ്ങളും മാത്രം അടങ്ങിയ മെമ്മറികാർഡാണ് കോടതിയിൽ കുറ്റപത്രത്തിനൊപ്പം സമർപ്പിച്ചിരിക്കുന്നതെന്നും ഹർജിയിൽ പറയുന്നുണ്ട്.