കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങൾ ചോർന്ന സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഇരയായ നടി. സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് ആക്രമണത്തിന് ഇരയായ നടി ഇത് സംബന്ധിച്ച് കത്ത് നൽകി. എറണാകുളം ജില്ലാ സെഷൻസ് കോടതിയിൽ നിന്നാണ് ദൃശ്യങ്ങൾ ചോർന്നത്. ദൃശ്യങ്ങൾ അനുമതിയില്ലാതെ തുറന്നത് ഞെട്ടിക്കുന്ന സംഭവമെന്ന് നടി പ്രതികരിച്ചു. ദൃശ്യങ്ങൾ ചോർന്നതോടെ തന്റെ സ്വകാര്യത ഹനിക്കപ്പെട്ടുവെന്നും നടി കത്തിൽ ചൂണ്ടിക്കാട്ടി.

പീഡനദൃശ്യങ്ങൾ ചോർന്നുവെന്ന മാധ്യമ വാർത്തകലെ തുടർന്നാണ് അതിജീവിതയായ നടി സുപ്രീംകോടതിയെ സമീപിച്ചത്. കത്തിന്റെ പകർപ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുഖ്യമന്ത്രി പിണറായി വിജയനും മനുഷ്യാവകാശ കമ്മീഷൻ ഉൾപ്പെടെയുള്ളവർക്ക് കൈമാറി. അടിയന്തിര നടപടി ആവശ്യപ്പെട്ടാണ് കത്ത്. കോടതിയിൽ നിന്നും നീതി ലഭിക്കുമെന്ന് പ്രതീക്ഷിച്ച തനിക്ക് കടുത്ത അനീതിയാണ് നേരിട്ടതെന്നും അതിജീവിത വ്യക്തമാക്കി.

എറണാകുളം ജില്ലാ സെഷൻസ് കോടതിയിൽ നിന്നാണ് ദൃശ്യങ്ങൾ ചോർന്നത്. 2019 ഡിസംബർ 20നാണ് ദൃശ്യങ്ങൾ ചോർന്നതായി വിചാരണ കോടതിയിൽ സ്ഥിരീകരിച്ചത്. സംസ്ഥാന ഫോറൻസിക് വിഭാഗമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ദൃശ്യങ്ങളുടെ ഹാഷ് വാല്യു മാറിയതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. ഇത് സംബന്ധിച്ച് റിപ്പോർട്ടുകൾ അക്കാലയളവിൽ കൈമാറിയിരുന്നെന്നുമാണ് പുരത്തുവന്ന വാർത്തകൾ. അന്വേഷണ സംഘം സീൽ ചെയ്ത കവറിൽ കോടതിയിൽ സമർപ്പിച്ച ദൃശ്യങ്ങൾ എങ്ങനെയാണ് അനുമതിയില്ലാതെ മറ്റൊരാൾ കണ്ടതെന്ന സംശയമാണ് ഈ ഘട്ടത്തിൽ ഉയരുന്നത്.

മജിസ്ട്രേട്ട് കോടതിയിൽ നിന്നും ഈ ദൃശ്യങ്ങൾ വിചാരണ കോടതിയിൽ എത്തിയിരുന്നു. ഈ ദൃശ്യങ്ങളുടെ പകർപ്പ് പുറത്തു പോയി എന്നാണ് ഉയരുന്ന വിവാദം. നടിയെ ആക്രമിച്ച ദൃശ്യങ്ങളുടെ പകർപ്പാണ് പൾസർ സുനിയിലൂടെ അന്വേഷണ സംഘത്തിന് കിട്ടിയത്. ഈ ദൃശ്യങ്ങൾ പൾസർ തന്റെ അഭിഭാഷകന് കൈമാറിയിരുന്നു. ഈ ദൃശ്യങ്ങൾ അഭിഭാഷകനിൽ നിന്നാണ് കോടതിയിലേക്ക് എത്തുന്നത്. ഇത് വിചാരണ കോടതി സീൽ ചെയ്തു സൂക്ഷിച്ചു. ഇതിനൊപ്പം പരിശോധനയ്ക്ക് കോർട്ട് കോപ്പിയും എടുത്തു. ഈ ദൃശ്യങ്ങൾ ചണ്ഡിഗഡിലെ സെൻട്രൽ ഫോറൻസിക് ലാബിൽ ആധികാരികത ഉറപ്പിക്കാൻ അയച്ചിരുന്നു. ഇവിടുത്തെ പരിശോധനയിലാണ് ദൃശ്യങ്ങൾ മറ്റാരോ പരിശോധിച്ചുവെന്ന സൂചന കണ്ടെത്തിയത്.

ഇക്കാര്യം ചണ്ഡിഗഡ് ലാബിലെ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥൻ വിചാരണ കോടതിയെ രേഖാമൂലം അറിയിക്കുകയും ചെയ്തു. എന്നാൽ ഇക്കാര്യം വിചാരണ കോടതി ആരേയും അറിയിച്ചില്ലെന്നാണ് സൂചന. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് ശേഷം ദൃശ്യങ്ങൾ തേടി ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. ഇതിന്റെ ഭാഗമായി ചണ്ഡിഗഡിലെ ലാബിലും അന്വേഷണ ഉദ്യോഗസ്ഥർ എത്തിയിരുന്നു. ഈ സമയത്താണ് കോടതിയിൽ ഉണ്ടായിരുന്ന ദൃശ്യങ്ങൾ ചോർന്നുവെന്ന് ക്രൈംബ്രാഞ്ചും തിരിച്ചറിയുന്നത്. വിചാരണ കോടതിയെ ഇക്കാര്യം അറിയിച്ചിരുന്നതായും ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ മൊഴി നൽകി. കോടതിയിലേക്ക് അയച്ച ഈ റിപ്പോർട്ട് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ രേഖാമൂലം ചണ്ഡിഗഡിലെ ലാബിൽ നിന്ന് വാങ്ങുകയും ചെയ്തു.

നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങൾ ദിലീപിന്റെ ആവശ്യപ്രകാരമാണ് ചണ്ഡീഗഡിലെ കേന്ദ്ര ഫോറൻസിക് ലാബിൽ പരിശോധനയ്ക്ക് അയച്ചത്. 2020 ജനുവരിയിൽ ആയിരുന്നു അത്. ദൃശ്യങ്ങൾ ലാബിൽ എത്തിക്കുന്നതിനുള്ള ചെലവടക്കം ദിലീപ് വഹിക്കണമെന്നും കേസിലെ വിചാരണ നടത്തുന്ന കൊച്ചിയിലെ കോടതി നിർദ്ദേശിച്ചിരുന്നു. ഈ പരിശോധനയിലാണ് 2018 ഡിസംബർ 13ന് ഈ ദൃശ്യങ്ങൾ ആരോ പരിശോധിച്ചതായി കണ്ടെത്തിയത്. ഇത് ദൃശ്യങ്ങൾ ചോർന്നതിന്റെ സൂചനയാണ്. ഇത് വിചാരണ കോടതി തുടരന്വേഷണത്തിന് വിധേയമാക്കേണ്ടതായിരുന്നുവെന്ന അഭിപ്രായം ഉയരുന്നുണ്ട്. ഈ സാഹചര്യത്തിൽ ഫോറൻസിക് ലാബിൽ നിന്നും കിട്ടിയ തെളിവുകൾ നിർണ്ണായകമാകുമെന്ന് ക്രൈംബ്രാഞ്ചും വിലയിരുത്തുന്നു.

വിചാരണ അട്ടിമറിക്കാനാണ് നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങൾ ചണ്ഡീഗഡിൽ പരിശോധനയ്ക്ക് അയക്കണമെന്ന നിർദ്ദേശവുമായി ദിലീപ് എത്തിയത്. സുപ്രീംകോടതിയിൽ പോലും ഈ റിപ്പോർട്ട് വരുന്നത് വരെ വിചാരണ പാടില്ലെന്ന ഹർജിയുമായി ദിലീപ് എത്തിയിരുന്നു. ഇത് സുപ്രീംകോടതി തള്ളുകയും ചെയ്തു. നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നടപടികൾ പൂർണ്ണമായും സ്റ്റേ ചെയ്യണമെന്ന ദിലീപിന്റെ ആവശ്യമാണ് സുപ്രീംകോടതി തള്ളിയത്. നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങളുടെ ആധികാരികത സംബന്ധിച്ച് ചണ്ഡീഗഢിലെ സെൻട്രൽ ഫോറൻസിക് ലാബിന്റെ റിപ്പോർട്ട് വന്ന ശേഷം മാത്രമേ ദിലീപിനെതിരായ ക്രോസ് വിസ്താരം ആരംഭിക്കാവൂയെന്നും കോടതി നിർദ്ദേശിച്ചിരുന്നു. ഫോറൻസിക് റിപ്പോർട്ട് ലഭിക്കും മുമ്പ് വിചാരണ നടത്തുന്നത് സുപ്രീംകോടതി ഉത്തരവുകളുടേയും പ്രതിയുടെ അവകാശങ്ങളുടേയും ലംഘനമാകുമെന്ന് ദിലീപിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾ രോഹ്തഗി വാദിച്ചു. എന്നാൽ, കേസിലെ വിചാരണ നീട്ടിക്കൊണ്ട് പോകാനാവില്ലെന്ന് ജസ്റ്റിസുമാരായ എ.എം. ഖാൻവിൽക്കർ, ദിനേശ് മഹേശ്വരി എന്നിവരടങ്ങിയ ബെഞ്ച് അന്ന് വ്യക്തമാക്കിയിരുന്നു.