കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ അനുബന്ധ കുറ്റപത്രം സമർപ്പിച്ചാലും പൊലീസ് അന്വേണം തുടരും. ദിലീപിനെതിരെ ഗൂഢാലോചന, കൂട്ടമാനഭംഗം ഉൾപ്പടെ ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾ ചുമത്തിയാകും കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചന അന്വേഷിച്ച ശേഷമാണ് അനുബന്ധ കുറ്റപത്രം സമർപ്പിക്കുന്നത്. നടിയെ പീഡിപ്പിക്കാനും പീഡനദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്താനും നിർദ്ദേശം നൽകിയത് ദിലീപാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ദിലീപിന് അപ്പുറം വമ്പൻ സ്രാവ് കേസിലുണ്ടെന്ന അഭ്യൂഹം നിലവിലുണ്ട്. നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങൾ റിക്കോർഡ് ചെയ്ത മൊബൈൽ കണ്ടെത്താനുള്ള ശ്രമവും തുടരും.

ദിലീപിനെതിരെ ഗൂഢാലോചന, കൂട്ടമാനഭംഗം, തട്ടിക്കൊണ്ടുപോകൽ, തെളിവ് നശിപ്പിക്കൽ, ഉൾപ്പടെ ഒൻപതോളം വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ ചുമത്തിയാകും കുറ്റപത്രം സമർപ്പിക്കുക.നിലവിൽ 11 ാം പ്രതിയായ ദിലീപ് അനുബന്ധ കുറ്റപത്രത്തിൽ രണ്ടാം പ്രതിയാകും. ദിലീപിനെതിരായ ശാസ്ത്രീയ തെളിവുകളും സാക്ഷിമൊഴികളും ഉൾപ്പടെ സമഗ്രമായ വിവരങ്ങൾ ഉൾക്കൊള്ളിച്ച് പഴുതടച്ച കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണ സംഘം തയ്യാറെടുക്കുന്നത്. നാദിർഷായേയും കാവ്യയേയും കേസിൽ പ്രതിയാക്കാൻ തീരുമാനിച്ചിട്ടുണ്ട്. എന്നാൽ ഇവർക്കെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തണോ എന്ന് തീരുമാനിച്ചിട്ടില്ല. അങ്ങനെ വന്നാൽ കാവ്യ മൂന്നും നാദിർഷാ നാലും പ്രതികളാകും. ദിലീപിനെ സഹായിച്ച കുറ്റം മാത്രമേ ചുമത്തൂവെങ്കിൽ ഇവർ കേസിലെ അവസാന പ്രതികളും.

കുറ്റപത്രം സമർപ്പിച്ചാലും കേസിൽ പൊലീസിന്റെ അന്വേഷണം അവസാനിക്കാൻ സാധ്യതയില്ല. കേസിൽ കൂടുതൽ തെളിവുകൾ ലഭിച്ചു കൊണ്ടിരിക്കുകയാണെന്നും അവ പരിശോധിക്കേണ്ടതുണ്ടെന്നും പൊലീസ് വൃത്തങ്ങൾ വിശദീകരിക്കുന്നു. മൊബൈൽ ഫോൺ ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും ഫോണിലെ ദൃശ്യങ്ങൾ പുറത്തുവന്നാൽ അത് വലിയ പ്രത്യാഘാതങ്ങൾക്ക് സൃഷ്ടിക്കുമെന്നുമുള്ള കാര്യം കൂടി ചൂണ്ടിക്കാട്ടിയാവും അനുബന്ധ കുറ്റപത്രം കോടതിയിൽ സമർപ്പിക്കുക. ദിലീപിന് ജാമ്യം കിട്ടാത്ത സ്ഥിതി ഉറപ്പാക്കിയാൽ സിനിമാ ലോകത്ത് നിന്ന് കേസിന് അനുകൂലമായി കൂടുതൽ വെളിപ്പെടുത്തൽ വരുമെന്നും പൊലീസ് കരുതുന്നു. അങ്ങനെ വമ്പൻ സ്രാവിനെ കുടുക്കാനാണ് നീക്കം. കേസിന്റെ അന്വേഷണ ചുമതലയുള്ള സിഐ ബൈജു പൗലോസിന് വമ്പൻ സ്രാവിനെ കുറിച്ചും വ്യക്തമായ സൂചന കിട്ടിയിട്ടുണ്ട്. എന്നാൽ ദിലീപിനെതിരായ തെളിവുകൾ പൂർണ്ണമായും ശേഖരിക്കാൻ വേണ്ടി മാത്രം വമ്പൻ സ്രാവിനെ വെറുതെ വിട്ടിരിക്കുന്നുവെന്നാണ് സൂചന.

ഇത് സിനിമാ ലോകത്തേയും ആശങ്കയിലാക്കുന്നുണ്ട്. ദിലീപിന്റെ അറസ്റ്റോടെ സിനിമാ മേഖല ആകെ പ്രതിസന്ധിയിലായി. തിയേറ്ററുകളിൽ ആളുകളെത്തുന്നില്ല. രാമലീല റിലീസിന് മുമ്പ് ദിലീപിനെ പുറത്തിറക്കി പ്രശ്‌ന പരിഹാരമാണ് ലക്ഷ്യമിട്ടത്. എന്നാൽ കോടതികൾ എടുത്ത നിലപാട് ഇതിന് വിനയായി. കുറ്റപത്രം സമർപ്പിക്കുന്നതോടെ അന്വേഷണം തീരുമെന്നും പിന്നെ കഥകൾ ഉണ്ടാകില്ലെന്നും സിനിമാക്കാർ പ്രതീക്ഷിച്ചിരുന്നു. അതിന് വിരുദ്ധമായി വീണ്ടും അന്വേഷണം തുടർന്നാൽ സിനിമക്കാർക്ക് വീണ്ടും കടുത്ത വെല്ലുവിളിയാകും ഇതുണ്ടാക്കുക. വമ്പൻ സ്രാവ് പിടിയിലായാൽ വീണ്ടും കുരുക്ക് മുറുകും. ഈ സാഹചര്യത്തിൽ അന്വേഷണം ദിലീപിൽ അവസാനിപ്പിക്കാനാണ് സിനിമാക്കാരിൽ ചിലരുടെ നീക്കം. അന്വേഷണം നീട്ടികൊണ്ട് പോയി ഇൻഡസ്ട്രിയെ വെട്ടിലാക്കരുതെന്നാണ് ആവശ്യം.

കഴിഞ്ഞ ഏപ്രിലിലായിരുന്നു കേസിൽ ആദ്യ കുറ്റപത്രം അങ്കമാലി കോടതിയിൽ സമർപ്പിച്ചിരുന്നത്.പൾസർ സുനി ഉൾപ്പടെ 7 പേരെ പ്രതിചേർത്താണ് അന്ന് കുറ്റപത്രം സമർപ്പിച്ചത്. സംഭവത്തിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കുമെന്ന് കുറ്റപത്രത്തിൽ സൂചിപ്പിച്ചിരുന്നു. തുടരന്വേഷണത്തിലാണ് ഗൂഢാലോചനയുടെ മുഖ്യ സൂത്രധാരൻ ദിലീപാണെന്ന് കണ്ടെത്തിയത്. ഇനി മൊബൈൽ ഫോൺ കണ്ടെത്തനുള്ള അന്വേഷണം തുടരുമെന്നാകും അനുബന്ധ കുറ്റപത്രത്തിൽ സൂചിപ്പിക്കുക. ഈ അന്വേഷണം വമ്പൻസ്രാവിലേക്ക് എത്തിക്കാനാണ് നീക്കം. പൾസർ സുനിക്കെതിരെ ആദ്യ കുറ്റപത്രം നൽകുമ്പോൾ തന്നെ ദിലീപിലേക്കുള്ള സൂചന ലഭിച്ചിരുന്നു. എന്നാൽ കുറ്റപത്രം സമർപ്പിക്കാൻ വൈകിയാൽ പൾസറിന് ജാമ്യം കിട്ടും. ഇതൊഴിവാക്കാനായിരുന്നു ദിലീപിലേക്കുള്ള അന്വേഷണ സാധ്യത തുറന്ന് ആദ്യ കുറ്റപത്രം നൽകിയത്. ഇതേ രീതിയാകും ദിലീപിനും ജാമ്യം നിഷേധിക്കാൻ പിന്തുടരുക.

അന്വേഷണവുമായി ബന്ധപ്പെട്ട് ശേഷിക്കുന്ന ചില നടപടികൾ കൂടി പൂർത്തിയാക്കി അടുത്ത മാസം 7 നകം കുറ്റപത്രം സമർപ്പിക്കാനാണ് നീക്കം. ദിലീപടക്കം 15 പേരെ പ്രതി ചേർത്താണ് അനുബന്ധ കുറ്റപത്രം അങ്കമാലി കോടതിയിൽ സമർപ്പിക്കുക. ഏഴുപത് ദിവസത്തിനുള്ളിൽ നാല് തവണ കോടതി ജാമ്യം നിഷേധിച്ചിട്ടും വീണ്ടും ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കാൻ ദിലീപ് ക്യാംപിനെ പ്രേരിപ്പിക്കുന്നത് പൊലീസ് ഒക്ടോബർ പത്തിനകം കുറ്റപത്രം സമർപ്പിക്കുമെന്ന ഭയമാണ്. മാനഭംഗവും കൊലപാതകവും പോലുള്ള ഗുരുതരമായ കേസുകളിൽ ഒരാളെ അറസ്റ്റ് ചെയ്താൽ അടുത്ത തൊണ്ണൂറ് ദിവസം വരെ അയാളെ തടവിൽ വയ്ക്കാൻ പൊലീസിന് സാധിക്കും. തൊണ്ണൂറ് ദിവസം കഴിഞ്ഞാൽ തടവിലാക്കപ്പെട്ട വ്യക്തിക്ക് സ്വാഭാവികജാമ്യത്തിന് അർഹതയുണ്ട്.

എന്നാൽ തൊണ്ണൂറ് ദിവസത്തിനുള്ളിൽ പൊലീസ് കേസിൽ കുറ്റപത്രം സമർപ്പിച്ചാൽ പിന്നെ ജാമ്യം ലഭിക്കില്ല. കുറ്റപത്രത്തിൽ പ്രതിചേർക്കപ്പെടുന്നതോടെ അയാൾ വിചാരണ തടവുകാരനായി മാറും. പിന്നെ വിചാരണ പൂർത്തിയായി കോടതി വിധി പറയും വരെ ജാമ്യത്തിനായി കാത്തിരിക്കേണ്ടി വരും. ദിലീപിന്റെ കാര്യത്തിൽ ജൂലൈ പത്തിന് അറസ്റ്റ് ചെയ്യപ്പെട്ട അദ്ദേഹത്തിന് ഒക്ടോബർ 10 കഴിഞ്ഞാൽ സ്വാഭാവികജാമ്യം ലഭിക്കും. ഇതിനിടയിൽ നാല് തവണ ജാമ്യഹർജി നൽകിയെങ്കിലും നാല് തവണയും കോടതി ജാമ്യം നിഷേധിച്ചു. പൊലീസ് ഒക്ടോബർ പത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാൻ നീക്കം നടത്തുന്നതിനാൽ അതിനകം എങ്ങനെയും ജാമ്യം നേടിയെടുക്കാനാണ് ദിലീപിനൊപ്പമുള്ളവർ ശ്രമിക്കുന്നത്.

ദിലീപിന്റെ മൂന്നാം ജാമ്യഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. സർക്കാർ വാദം കേട്ടശേഷം പൂജ അവധിയും കഴിഞ്ഞാവും കോടതി ദിലീപിന്റെ ജാമ്യഹർജിയിൽ വിധി പറയുക. അപ്പോഴേക്കും കുറ്റപത്രം സമർപ്പിച്ചേക്കാൻ സാധ്യതയുണ്ട്. അങ്ങനെ വന്നാൽ ജാമ്യം നിഷേഘിക്കും. പിന്നെ ഒരു കോടതിയിലും ജാമ്യ ഹർജി നൽകാൻ ദിലീപിന് കഴിയാത്ത സാഹചര്യവും വരും. നാദിർഷയും കാവ്യയും സമർപ്പിച്ച മുൻകൂർ ജാമ്യഹർജിയിലും അടുത്ത ദിവസങ്ങളിൽ ഹൈക്കോടതി വിധി പുറപ്പെടുവിക്കും. ഹൈക്കോടതി ജാമ്യം അനുവദിച്ചില്ലെങ്കിൽ ഇവരെ പൊലീസ് ഉടൻ അറസ്റ്റ് ചെയ്യും. കാവ്യയേയോ നാദിർഷായേയോ നിലവിൽ പ്രതികളാക്കിയിട്ടില്ലെന്നും ഇവരുടെ പങ്ക് അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്നുമാണ് ഇവരുടെ മുൻകൂർ ജാമ്യ ഹർജിയിൽ പൊലീസ് പറഞ്ഞത്. ഇത് മുൻകൂർ ജാമ്യ ഹർജി പരിഗണിക്കുമ്പോൾ തെളിവുകൾ നൽകാതിരിക്കാനാണെന്നാണ് ദിലീപ് ക്യാമ്പ് വിലയിരുത്തുന്നത്.

ദിലീപിനെ കാണാനായി ജയിലിലേക്ക് കൂട്ടത്തോടെ താരങ്ങളെത്തിയത് ആസൂത്രിതനീക്കമാണെന്നാണ് പൊലീസ് വിലയിരുത്തൽ. കെബി ഗണേശ് കുമാർ എംഎൽഎയും കേരള സംഗീത നാടകഅക്കാദമി അധ്യക്ഷ കെപിഎസി ലളിതയും അടക്കം സർക്കാരിന്റെ ഭാഗമായവർ ജയിലിലെത്തിയത് സമ്മർദ്ദതന്ത്രമായാണ് പൊലീസ് കാണുന്നത്. കേസ് വിചാരണയിലേക്ക് കടക്കുമ്പോൾ പ്രതിഭാഗം ഉയർത്താൻ സാധ്യതയുള്ള പ്രധാന ചോദ്യം ദൃശ്യങ്ങൾ പകർത്തിയ ഫോൺ സംബന്ധിച്ചാണ്. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ പൾസർ സുനി പകർത്തിയ ഈ മൊബൈൽ ഫോൺ ഇതുവരെ കണ്ടെത്താൻ പൊലീസിന് സാധിച്ചിട്ടില്ല. ഈ ഫോൺ തങ്ങൾ നശിപ്പിച്ചുവെന്ന് പൾസർ സുനിയുടെ അഭിഭാഷകർ മൊഴി നൽകിയതെങ്കിലും ഇത് പൂർണമായും വിശ്വസിക്കാൻ പൊലീസ് തയ്യാറായിട്ടില്ല.