കൊച്ചി: കുറ്റപത്രം ഒരാഴ്ചയ്ക്കുള്ളിൽ നൽകിയില്ലെങ്കിലും അധികം വൈകാതെ തന്നെ നൽകും. പഴുതുകൾ അടച്ചാകും ഇത്. ദിലീപിന് ജാമ്യം കിട്ടിയ സാഹചര്യത്തിൽ വിചാരണയിൽ പിഴവുണ്ടാകാതിരിക്കാൻ എല്ലാ കരുതലും എടുക്കും. കേസ് വാദിക്കാൻ ബി രാമൻപിള്ളയാണ് എത്തുന്നതെന്നും പൊലീസിന് അറിയാം. അതുകൊണ്ട് തന്നെ പുറത്തെ ബഹളമൊന്നും ശ്രദ്ധിക്കാതെ അന്വേഷണത്തിൽ മാത്രമായി അന്വേഷണ സംഘത്തിന്റെ ശ്രദ്ധ മാറും. കേസിൽ ദിലീപ് രണ്ടാംപ്രതിയാകും. നാദിർഷായും കാവ്യാ മാധവനും പ്രതിയാക്കാൻ ഏറെ സാധ്യതയുമുണ്ട്. തെളിവ് നശിപ്പിക്കാൻ ദിലീപിനൊപ്പം നിന്നുവെന്ന കുറ്റമാകും ചുമത്തുക. ദിലീപിനെതിരെ പൾസർ സുനിക്കെതിരെ ചുമത്തിയ എല്ലാ കുറ്റവും ഉണ്ടാകും. പ്രത്യേക കോടതി സ്ഥാപിച്ച് ഉടൻ നടപടികൾ തുടങ്ങാനാകും ശ്രമിക്കുക.

ദിലീപിന് ജാമ്യംകിട്ടിയത് കേസിന്റെ തുടരന്വേഷണത്തിന് പ്രശ്‌നമാവില്ലെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ പ്രതികരിച്ചിട്ടുണ്ട. ജാമ്യംകിട്ടിയത് പൊലീസിന് തിരിച്ചടിയാണോയെന്ന് ഇപ്പോൾ പറയാനാവില്ല. ജാമ്യവ്യവസ്ഥകൾ സൂക്ഷ്മമായി പരിശോധിക്കും. കുറ്റപത്രം നൽകുന്ന നടപടികൾ അന്തിമഘട്ടത്തിലാണ്. വിചാരണയ്ക്ക് പ്രത്യേക കോടതി സ്ഥാപിക്കാൻ ആഭ്യന്തരവകുപ്പിന് ശുപാർശ നൽകിയിട്ടുണ്ടെന്നും ബെഹ്‌റ അറിയിച്ചു. സ്ത്രീകൾ ആക്രമിക്കപ്പെട്ടതുൾപ്പെടെ, ഇതിനു മുൻപുള്ള നിരവധി കേസുകൾ കോടതിയുടെ പരിഗണനയിലാണെന്നും ഇവയെല്ലാം തീർപ്പാക്കിയതിനുശേഷമേ ഈ കേസിൽ വാദം കേൾക്കാൻ സാധ്യതയുള്ളൂയെന്നും അഭിപ്രായമുണ്ട്. ഇത് മറികടക്കാനാണ് വിചാരണയ്ക്കായി പ്രത്യേക കോടതി രൂപീകരിക്കുന്നത്. എന്നാൽ, നിർഭയ കേസിനുശേഷം സിആർപിസി സെക്ഷൻ 309ൽ ഭേദഗതി വന്നതിനാൽ രണ്ടു മാസത്തിനകം വിചാരണ പൂർത്തിയാകുമെന്ന നിഗമനത്തിലെത്തുന്നവരുമുണ്ട്.

നടി ആക്രമിക്കപ്പെട്ട കേസ് വേഗത്തിൽ പൂർത്തിയാക്കാൻ പ്രത്യേക കോടതി വേണമെന്ന് സർക്കാർ ആവശ്യപ്പെട്ടാലും ഇതു കോടതി അംഗീകരിക്കണമെന്നില്ല. നിർഭയ കേസിലും സൗമ്യ ജിഷ കേസിലും സാഹചര്യം വ്യത്യസ്ഥമായിരുന്നതിനാലാണ് പ്രത്യേക കോടതികൾ സ്ഥാപിച്ചത്. പ്രത്യേക കോടതിയെന്ന ആവശ്യം കോടതി തള്ളിയാൽ മറ്റു കേസുകൾ തീരുന്ന മുറയ്‌ക്കേ നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ ആരംഭിക്കൂ. പ്രത്യേക കോടതി വേണമെന്ന ആവശ്യം അംഗീകരിക്കപ്പെട്ടാൽ കോടതി സ്ഥാപിക്കുന്നതിനുള്ള നടപടികൾ സർക്കാരിന് ആരംഭിക്കാം. പ്രത്യേക കോടതി സ്ഥാപിക്കാതിരിക്കുകയും വിചാരണ നീണ്ടുപോകുകയും ചെയ്താൽ വിചാരണ വേഗത്തിൽ പൂർത്തിയാക്കണം എന്നാവശ്യപ്പെട്ട് ദിലീപിനു കോടതിയെ സമീപിക്കാവുന്നതാണ്. ഇതിനുള്ള സാധ്യതയും നിലവിലുണ്ട്. ഏതായാലും കോടതിയിൽ നിന്ന് എത്രവും വേഗം നീതി തേടിയെടുക്കാനാണ് ദിലീപിന്റെ ശ്രമം.

കുറ്റപത്രം കോടതിയിലെത്തിക്കാൻ അന്വേഷണസംഘം ശ്രമിക്കുന്നതിനിടെയാണ് ജാമ്യംനേടി ദിലീപ് പുറത്തിറങ്ങിയത്. കുറ്റപത്രം സൂക്ഷ്മപരിശോധനയ്ക്കായി നിയമവിദഗ്ദ്ധർക്ക് കൈമാറിയിരിക്കേ, ദിലീപ് പുറത്തിറങ്ങിയത് പൊലീസിന് തിരിച്ചടിയാണ്. കിട്ടിയ തെളിവുകളെല്ലാം കോർത്തിണക്കി ദിലീപിനെ രണ്ടാംപ്രതിയാക്കിയാണ് പൊലീസിന്റെ കുറ്റപത്രം. പൾസർ സുനിക്കും കൂട്ടുപ്രതികൾക്കും മേൽചുമത്തിയ ആക്രമണം, കൂട്ടമാനഭംഗം, ക്വട്ടേഷൻ അടക്കമുള്ള കുറ്റങ്ങളിൽ ദിലീപിന് തുല്യപങ്കാളിത്തം കുറ്റപത്രത്തിൽ ഉൾപ്പെടുത്താനാണ് നീക്കം. ജീവപര്യന്തംവരെ ശിക്ഷകിട്ടാവുന്ന കഠിനവകുപ്പുകൾ ചുമത്തി കുറ്റപത്രം സമർപ്പിക്കും.

നടിയെ ആക്രമിച്ച ദൃശ്യങ്ങൾ പകർത്തിയ മൊബൈൽഫോൺ പ്രതികൾ സംഘടിതമായി ഒളിപ്പിച്ചുവെന്നാണ് കുറ്റപത്രത്തിൽ. പൾസർ സുനി മൊബൈൽഫോൺ കൈമാറിയ അഡ്വ. പ്രതീഷ്; ചാക്കോ, ഫോൺ നശിപ്പിച്ചെന്ന് മൊഴിനൽകിയ അ;;ഡ്വ. രാജുജോസഫ്, ദിലീപ്, ഭാര്യ കാവ്യാ മാധവൻ, സംവിധായകൻ നാദിർഷാ എന്നിവരെ പലവട്ടം ചോദ്യംചെയ്തിട്ടും പ്രധാന തൊണ്ടിമുതലായ ഫോൺ കണ്ടെടുക്കാനായിട്ടില്ല. പൾസർസുനി ഉപയോഗിച്ചിരുന്ന മറ്റൊരുഫോൺ, പീഡനത്തിന്റെ ക്രൂരദൃശ്യങ്ങൾ പകർത്തിയ മെമ്മറികാർഡുകൾ എന്നിവയുടെ ശാസ്ത്രീയപരിശോധനാഫലം കുറ്റപത്രത്തിനൊപ്പം പ്രധാന തെളിവാകും.

ദിലീപിനെതിരായ ഗൂഢാലോചനക്കുറ്റം തെളിയിക്കുന്നത് പൊലീസിനും പ്രോസിക്യൂഷനും വെല്ലുവിളിയാണെന്ന് നിയമവിദഗ്ദ്ധർ പറയുന്നു. നിരവധി കൊലക്കേസുകളിൽ ക്രിമിനൽ ഗൂഢാലോചനയ്ക്ക് പ്രതികൾ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ, എല്ലാ കേസുകളിലും പ്രോസിക്യൂഷൻ ഒരു മാപ്പുസാക്ഷിയെ ഹാജരാക്കിയിട്ടുണ്ട്. ഗൂഢാലോചനയിൽ നേരിട്ട് പങ്കാളിയായ ആളെയേ മാപ്പുസാക്ഷിയാക്കാനാവൂ. നാദിർഷായെ മാപ്പുസാക്ഷിയാക്കാൻ പൊലീസ് ശ്രമിച്ചു. എന്നാൽ അത് നടന്നില്ല. ദിലീപിന്റെ മാനേജർ അപ്പുണ്ണിയും വഴങ്ങിയില്ല. ഈ വെല്ലുവിളിയെ മറികടക്കാൻ കൂടുതൽ തെളിവുകൾ കുറ്റപത്രത്തിൽ ഉൾപ്പെടുത്തും. നാദിർഷായും കാവ്യയും കേസിൽ പ്രതികളാകുമെന്ന് തന്നെയാണ് സൂചനകൾ.

കേസിൽ ഗായിക റിമി ടോമിയുടെ മൊഴി രേഖപ്പെടുത്താൻ അന്വേഷക സംഘത്തിന് കോടതിയുടെ അനുമതി കിട്ടിക്കഴിഞ്ഞു. റിമിക്കു പുറമേ മറ്റു നാലുപേരുടെ കൂടി രഹസ്യമൊഴിയെടുക്കാനുള്ള ശ്രമവുമുണ്ട്. മൊഴി പിന്നീട് മാറ്റാതിരിക്കുന്നതിനു വേണ്ടിയാണു രഹസ്യമൊഴിയെടുക്കുന്നത്. നാട്ടിലും വിദേശത്തും നടത്തിയ താരനിശയുമായി ബന്ധപ്പെട്ട വിവരങ്ങളാണ് എല്ലാവരിൽനിന്നു ശേഖരിക്കുന്നത്. നടനുൾപ്പെട്ട വിദേശയാത്രാ സംഘത്തിൽ റിമി ടോമിയും ഉൾപ്പെട്ടിരുന്നു. സംഭവത്തിനിരയായ നടിയോട് ദിലീപിന് വിരോധം തോന്നാനുള്ള കാരണങ്ങൾ റിമി ടോമിക്ക് വ്യക്തമായി അറിയാമെന്നാണ് അന്വേഷകസംഘം പറയുന്നത്. ഇത് കേസിലെ ഗൂഢാലോചന വാദത്തിൽ നിർണ്ണായകമാകും. റിമിയും ഭാവിയിൽ മൊഴി മാറ്റാൻ സാധ്യതയുണ്ട്. ഇതുകൊണ്ടാണ് രഹസ്യമൊഴി നൽകിപ്പിക്കുന്നത്. ഇതിനൊപ്പം ആക്രമത്തിനിരയാ നടിയും ദിലീപിനെതിരെ മൊഴി നൽകിയിരുന്നു. ഇതും ഗൂഢാലോചന തെളിയിക്കാൻ പൊലീസ് ആയുധമാക്കും.

നടി ആക്രമിക്കപ്പെട്ട കേസിലെ സാക്ഷികളിൽ ഒരാളെ കാവ്യാമാധവന്റെ ഡ്രൈവർ സ്വാധീനിച്ചതായി ഹൈക്കോടതിയിൽ പ്രോസിക്യൂഷൻ അറിയിച്ചിരുന്നു. ദിലീപിന്റെ ജാമ്യാപേക്ഷയിലുള്ള വാദത്തിലാണ് പ്രോസിക്യൂഷൻ ഇക്കാര്യം ഉന്നയിച്ചത്. കാവ്യയുടെ ഡ്രൈവർ സാക്ഷിയെ 41 തവണ ബന്ധപ്പെട്ടതായും ജയിലിൽ കിടന്നുകൊണ്ടു പോലും ദിലീപിന് കേസിനെയും സാക്ഷികളെയും സ്വാധീനിക്കാ കഴിയുമെന്നതിന്റെ തെളിവാണ് ഇതെന്നും വ്യക്തമാക്കിയിരുന്നു. പൾസർ സുനി ക്വട്ടേഷൻ വിജയകരമായി നടപ്പാക്കിയിരുന്നെങ്കിൽ ദിലീപിന് 65 കോടിയുടെ നേട്ടം ഉണ്ടാകുമായിരുന്നെന്ന് പൊലീസ് പറയുന്നു. കേസിലെ പത്താംപ്രതിയായ വിപിൻലാലിനോട് സുനി ക്വട്ടേഷൻ ഏറ്റെടുത്ത് ജയിലിൽ പോയാൽ മൂന്ന് കോടി തരാമെന്ന് പറഞ്ഞിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

നടിയെ ആക്രമിച്ച ശേഷം ഒന്നാം പ്രതി പൾസർ സുനി നടി കാവ്യാ മാധവന്റെ കാക്കനാട്ടുള്ള ഓൺ െലെൻ വസ്ത്രവ്യാപാര സ്ഥാപനമായ 'ലക്ഷ്യ'യിൽ എത്തി എന്ന നിർണായക മൊഴിയിൽനിന്നു സാക്ഷി പിന്മാറിയെന്നാണു പ്രോസിക്യൂഷൻ പറയുന്നത്. ലക്ഷ്യയിലെ മുൻജീവനക്കാരനാണു സാക്ഷി. കാവ്യാ മാധവന്റെ ഡ്രൈവർ ലക്ഷ്യയിലെ ഈ മുൻ ജീവനക്കാരനെ 41 തവണ ഫോണിൽ വിളിച്ചെന്നും ഇയാളുടെ ആലപ്പുഴയിലുള്ള വീട്ടിൽ എത്തിയെന്നും ഇത്തരം ഇടപെടലുകളെ തുടർന്നാണു മൊഴിയിൽനിന്നു പിന്നോക്കം പോയതെന്നും പ്രോസിക്യൂഷൻ പറയുന്നു. നടിയെ ആക്രമിച്ച കേസിൽ കൂറുമാറുന്ന ആദ്യസാക്ഷിയാണിത്. ഇത് മുന്നിൽ കണ്ടാണ് കുറ്റപത്രത്തിലെ വാദങ്ങൾ പൊളിയാതിരിക്കാൻ അതീവ മുൻകരുതൽ അന്വേഷണ സംഘം എടുക്കുന്നത്.