കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിന് പിന്നിൽ സിനിമാ മേഖലയിൽ നിന്നുള്ള ഒരു മാഡമാണെന്ന് പൾസർ സുനി ആദ്യം വെളിപ്പെടുത്തിയിരുന്നു. എന്നാൽ കേസിൽ മാഡത്തിന് വലിയ പങ്കില്ലെന്നാണ് പിന്നീട് പൾസർ സുനി പറഞ്ഞത്. ഒരു മാഡമാണ് തങ്ങൾക്ക് ക്വട്ടേഷൻ തന്നതെന്ന് ആക്രമിക്കപ്പെട്ട നടിയോട് പ്രതികൾ സംഭവ ദിവസം പറഞ്ഞിരുന്നു. എന്നാൽ ഇവർക്ക് കേസിൽ വലിയ പങ്കില്ലെന്ന് അന്ന് പൾസർ സുനി അന്വേഷണ സംഘത്തോട് പറഞ്ഞതോടെ മാഡത്തെക്കുറിച്ചുള്ള അന്വേഷണം അവസാനിച്ചു. എന്നാൽ ശബ്ദരേഖ പുറത്തു വന്ന സാഹചര്യത്തിൽ വീണ്ടും മാഡം സംശയനിഴലിലാവുകയാണ്. കേസിൽ സ്ത്രീ സാന്നിധ്യമുണ്ടെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ റിപ്പോർട്ടർ ടിവി പരിപാടിയിൽ പറഞ്ഞു.

ദിലീപിന്റെ വീട്ടിലെ സംസാരത്തിൽ നിന്നാണ് മാഡം എന്നൊരു വ്യക്തിയുടെ സാന്നിധ്യം തനിക്ക് തോന്നിയതെന്ന് ബാലചന്ദ്രകുമാർ പറഞ്ഞു. ആർക്കും വിശ്വസിക്കാൻ സാധിക്കാത്ത രീതിയിലുള്ള കുറ്റകൃത്യങ്ങൾ സ്ത്രീകൾ ചെയ്യുന്ന കാലഘട്ടമാണിതെന്നും ബാലചന്ദ്രകുമാർ പറഞ്ഞു.

ബാലചന്ദ്രകുമാർ പറഞ്ഞത്:

'പഴയതിനെക്കാൾ ഗൗരവത്തോടെയാണ് പൊലീസ് ഇപ്പോൾ നടി ആക്രമിക്കപ്പെട്ട കേസിനെ കാണുന്നത്. കേസുമായി ബന്ധപ്പെട്ടൊരു മാഡം ഉള്ളതായി എനിക്കും തോന്നിയിട്ടുണ്ട്. ടേപ്പിൽ കിട്ടാത്ത പല സംസാരങ്ങളും അവിടെ നടന്നിട്ടുണ്ട്. ആ സംസാരത്തിൽ നിന്നാണ് മാഡത്തിന്റെ സാന്നിധ്യം തോന്നിയത്. സംസാരം പലതും റെക്കോർഡ് ചെയ്യാൻ സാധിച്ചിട്ടില്ല.''

'നമുക്ക് വിശ്വസിക്കാൻ പറ്റാത്ത രീതിയിലുള്ള പല കുറ്റകൃതൃങ്ങളും സ്ത്രീകൾ ചെയ്തതായി കഴിഞ്ഞ കുറെ വർഷങ്ങളായി നമ്മൾ കണ്ടിട്ടുണ്ട്. ഇതൊക്കെ ഒരു സ്ത്രീ ചെയ്യുമോ എന്ന് നമുക്ക് തോന്നുന്ന കാലഘട്ടം മാറി. പുതിയ കാലഘട്ടത്തിൽ സ്ത്രീകൾ ഇതൊക്കെ ചെയ്യുന്ന അവസ്ഥയിലേക്കാണ് പോയി കൊണ്ടിരിക്കുന്നത്. അടുത്ത സുഹൃത്തായ ബൈജുവിനോടാണ് ദിലീപ്, 'സ്ത്രീയെ രക്ഷിച്ച് ശിക്ഷിക്കപ്പെട്ട' കാര്യം പറഞ്ഞത്. കുറെ നേരം നിശബ്ദനായി ഇരുന്ന ശേഷം വിഷമത്തോടെയാണ് ദിലീപ് ഇക്കാര്യം പറഞ്ഞത്. ദിലീപിന്റെ വ്യക്തിപരമായ എല്ലാ കാര്യങ്ങളും അറിയുന്ന വ്യക്തിയാണ് ബൈജു.'

കേസിൽ നിർണായകമായ വിഐപി ആലുവ സ്വദേശി ശരത്ത് നായർ തന്നെയാണെന്നും ബാലചന്ദ്രകുമാർ സ്ഥിരീകരിച്ചു. ശബ്ദ സാമ്പിളുകൾ കേട്ടതോടെയാണ് ശരത്തിനെ താൻ തിരിച്ചറിഞ്ഞതെന്ന് ബാലചന്ദ്രകുമാർ പറഞ്ഞു. 'കേൾപ്പിച്ചത് എവിടെ നിന്ന് ശേഖരിച്ച ശബ്ദ സാമ്പിളാണെന്ന് അറിയില്ല. പക്ഷെ കേട്ട ഉടൻ തന്നെ ഞാൻ തിരിച്ചറിഞ്ഞു. ശരത്തിനെ ഇക്ക എന്ന് പലരും വിളിക്കാറുണ്ടെന്ന് അറിഞ്ഞതും ഇപ്പോഴാണ്. ആലുവയിലെ ഒരു രാഷ്ട്രീയ നേതാവിന്റെ അടുത്ത സുഹൃത്ത് കൂടിയാണ് ശരത്. അദ്ദേഹത്തോടൊപ്പം ശരത്് സ്ഥിരമായി യാത്ര ചെയ്യാറുണ്ട്. അദ്ദേഹത്തെ പലരും ഇക്കയെന്നാണ് വിളിക്കുന്നത്. അങ്ങനെയായിരിക്കാം വർഷങ്ങൾ കൊണ്ട് ശരത്തും ഇക്കയായത്.'' ബാലചന്ദ്രകുമാർ പറഞ്ഞു.

വിഐപി ദൃശ്യങ്ങളുമായി എത്തിയ സമയത്ത് ഒരു നടിയും ദിലീപിന്റെ വീട്ടിലെത്തിയിരുന്നെന്ന് ബാലചന്ദ്രകുമാർ നേരത്തെ വെളിപ്പെടുത്തിയിരുന്നു. അന്ന് ഒരു നടി അവിടെ വന്നു. തന്റെ സഹോദരന്റെ വിവാഹത്തിന് ക്ഷണിക്കാൻ വേണ്ടിയായിരുന്നു അവർ വന്നത്. കേസിന്റെ ആദ്യഘട്ടത്തിൽ നാല് വർഷം മുമ്പ് ഈ നടിയെക്കുറിച്ച് ഒരു ഓൺലൈൻ ചാനലിൽ ഒരാൾ സംശയം പ്രകടിപ്പിച്ചിരുന്നു. അവരുമായിട്ട് ഈ വീഡിയോ കണക്ട് ചെയ്ത് അന്ന് ചില വാർത്തകൾ വന്നിരുന്നു. അതേനടിയാണ് വിഐപി എത്തിയതിനു ശേഷം അവിടെ എത്തിയത്. അവർ ദിലീപുമായിട്ടെല്ലാം സംസാരിച്ചു. അവർ പോയത് ഞാൻ കണ്ടിട്ടില്ല. അതിനു ശേഷമാണ് വിഐപി ടാബുമായി അകത്തേക്ക് വരുന്നത്. കാവ്യയുടെ ഏറ്റവുമടുത്ത സുഹൃത്താണ് നടിയെന്നും ബാലചന്ദ്രകുമാർ പറഞ്ഞിരുന്നു.

ദിലീപിന്റേതായി അടുത്തിടെ പുറത്തു വന്ന ശബ്ദരേഖയിൽ ഒരു സ്ത്രീയെക്കുറിച്ച് ദിലീപ് പരാമർശിക്കുന്നുണ്ടായിരുന്നു. ഇക്കാര്യം കേസിൽ നിർണായക വെളിപ്പെടുത്തലുകൾ നടത്തിയ ബാലചന്ദ്രകുമാറാണ് ഈ സംഭാഷണ റെക്കോഡ് ചെയ്തത്. ദിലീപ്, അദ്ദേഹത്തിന്റെ സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സുരാജ്, സുഹൃത്ത് ബൈജു എന്നിവർ 2017 നവംബർ 15 ന് ആലുവയിലെ ദിലീപിന്റെ വസതിയിൽ വെച്ചു നടത്തിയ സ്വകാര്യ സംഭാഷണമാണ് പുറത്തു വന്നത്.

നടി ആക്രമിക്കപ്പെട്ട കേസിൽ തനിക്ക് പങ്കുള്ളതായി ദിലീപ് തന്നെ വെളിപ്പെടുത്തുന്നതിന്റേയും മറ്റ് ചിലരെ രക്ഷിക്കാൻ ശ്രമിച്ചെന്നടക്കം തുറന്നുപറയുന്നതുമാണ് സംഭാഷണങ്ങൾ. കേസിൽ തനിക്ക് വളരെ അടുപ്പമുള്ള ഒരു സ്ത്രീയെ രക്ഷപ്പെടുത്താൻ ശ്രമിച്ചെന്ന് ദിലീപ് പറയുന്നു. 'ഞാൻ അനുഭവിക്കേണ്ടതല്ല. വേറെ പെണ്ണ് അനുഭവിക്കേണ്ടതായിരുന്നു. അവരെ നമ്മൾ രക്ഷിച്ച് രക്ഷിച്ച് കൊണ്ടുപോയി ഞാൻ ശിക്ഷിക്കപ്പെട്ടു', തന്റെ ഉറ്റ സുഹൃത്തായ ബൈജു എന്നയാളുമായി സംസാരിക്കുന്നതിനിടെയാണ് ദിലീപ് ഇക്കാര്യം പറയുന്നത്. ഇവർക്കായുള്ള അന്വേഷണം ക്രൈം ബ്രാഞ്ച് ഊർജിതമാക്കിയിട്ടുണ്ട്.

നടി ആക്രമിക്കപ്പെട്ട കേസിലെ വിഐപി ദിലീപിന്റെ സുഹൃത്ത് ശരത് ജി നായർ തന്നെയാണെന്ന് അന്വേഷണസംഘം ഏതാണ്ട് സ്ഥിരീകരിച്ചിട്ടുണ്ട്. ശരത്തിന്റെ ആലുവയിലെ വീട്ടിലെ റെയ്ഡിന് ശേഷമാണ് പൊലീസ് ഉദ്യോഗസ്ഥർ ഇക്കാര്യം വ്യക്തമാക്കിയത്. നിലവിൽ ഇയാൾ ഒളിവിലാണെന്നും ശരത്തിലേക്ക് എത്താൻ സഹായമായത് ശബ്ദസന്ദേശമാണെന്നും അന്വേഷണസംഘം അറിയിച്ചു.

കഴിഞ്ഞ ദിവസം കോട്ടയത്തെ പ്രവാസിയെ ചുറ്റിപ്പറ്റി ചില ചർച്ചകൾ നടന്നു. എന്നാൽ അതെല്ലാം ശരത്തിനെ പിടികൂടാനുള്ള പൊലീസ് തന്ത്രമായിരുന്നു. അതിന് ശേഷവും ശരത് ഒളിവിൽ തന്നെ തുടർന്നു. ശബ്ദം പരിശോധിച്ചാൽ ആളെ തിരിച്ചറിയുമെന്ന ഭയത്തിലാണ് ഇതെന്ന് പൊലീസ് വിലയിരുത്തുന്നു. അതിനിടെ ദിലീപിന്റെ അളിയന്റെ വീട്ടിലും പൊലീസ് റെയ്ഡ് നടത്തി. ദിലീപിന്റെ ഏറ്റവും അടുത്ത സുഹൃത്താണ് ശരത്. ദിലീപിന്റെ മനസാക്ഷി സൂക്ഷിപ്പുകാരൻ. ദിലീപിന്റെ അനുജൻ അനൂപും സഹോദരി ഭർത്താവും ആണ് എല്ലാത്തിനും ദിലീപിനൊപ്പമുള്ളവർ. ഇവരെ എല്ലാം പൊലീസുകാരെ ആക്രമിക്കാനുള്ള ഗൂഢാലോചന കേസിൽ പ്രതിയാക്കുകയാണ് പൊലീസ്.

ബാലചന്ദ്രകുമാർ വെളിപ്പെടുത്തലുമായി എത്തുന്നതിന് മുമ്പ് ആലുവയിൽ നിറഞ്ഞു നിന്ന വ്യവസായിയാണ് ശരത്. മിക്ക പൊലീസുകാരുമായും അടുത്ത ബന്ധം ഉണ്ടാക്കിയെടുത്തു. രാഷ്ട്രീയക്കാരുമായും അടുപ്പമുണ്ട്. സംവിധായകൻ ബാലചന്ദ്രകുമാർ ഉന്നയിച്ച വിഐപി ശരത്താണെന്ന നിഗമനത്തിലാണ് അന്വേഷണസംഘം അദ്ദേഹത്തിന്റെ വീട്ടിൽ റെയ്ഡ് നടത്തിയത്. ഹോട്ടൽ, ട്രാവൽ ഏജൻസി ബിസിനസ് നടത്തുന്ന ശരത്ത് ദിലീപിന്റെ എല്ലാ കാര്യങ്ങളും അറിയാവുന്ന വ്യക്തിയാണ്. ദിലീപിന് ജാമ്യം ഉറപ്പാക്കാൻ പോലും ഓടി നടന്നത് ശരത്താണ്.

ഇയാളെ ചോദ്യം ചെയ്യാൻ പൊലീസ് വിളിച്ചിരുന്നെങ്കിലും ഹാജരായിരുന്നില്ല. ഇതിന് പിന്നാലെയാണ് റെയ്ഡ് നടത്തിയത്. ശരതിന്റെ ഫോൺ കുറച്ച് ദിവസങ്ങളായി സ്വിച്ച് ഓഫ് ആയിരുന്നു. ഇക്കാര്യം ശരത്തിന്റെ സ്ഥാപനത്തിലെ ജീവനക്കാരും സ്ഥിരീകരിച്ചിരുന്നു. അറസ്റ്റ് ഭയന്ന് ഇയാൾ മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചിട്ടുണ്ട്.