- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകൾ വിശ്വാസത്തിൽ എടുക്കാനാവില്ല; വിചാരണ കോടതി ജഡ്ജി മാറുന്നത് വരെ വിചാരണ വൈകിപ്പിക്കുക എന്ന ഗൂഢോദ്ദേശ്യം സർക്കാരിന്; നടിയെ ആക്രമിച്ച കേസിൽ വിചാരണയ്ക്ക് സമയം നീട്ടി നൽകരുത്; സുപ്രീം കോടതിയെ സമീപിച്ച് ദിലീപ്
ന്യൂഡൽഹി : നടിയെ ആക്രമിച്ച കേസിൽ വിചാരണ വേഗത്തിൽ പൂർത്തിയാക്കണമൈന്നും, സമയം നീട്ടി നൽകരുതെന്നും ആവശ്യപ്പെട്ട് ദിലീപ് സുപ്രീംകോടതിയെ സമീപിച്ചു. ജഡ്ജി മാറുന്നത് വരെ വിചാരണ വൈകിപ്പിക്കുകയെന്ന ഗൂഢോദ്ദേശമാണ് സർക്കാരിനെന്ന് ദിലീപ് ഹർജിയിൽ ആരോപിച്ചു. വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം വേണമെന്ന് ആവശ്യപ്പെട്ട് സർക്കാർ സൂപ്രീംകോടതിയെ സമീപിച്ചിരിക്കെയാണ് ദിലീപിന്റെ പുതിയ നീക്കം.
ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകൾ പുറത്തുവന്ന സാഹചര്യത്തിൽ തുടരന്വേഷണം ആവശ്യമാണെന്നതടക്കം ചൂണ്ടിക്കാട്ടിയാണ് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. നാളെ ഈ ഹർജി സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് ദിലീപിന്റെ നീക്കം.വിചാരണ വേഗത്തിൽ പൂർത്തിയാക്കണം. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളെ വിശ്വാസത്തിലെടുക്കാനാകില്ല. തുടരന്വേഷണം നടത്തുന്നത് വിചാരണ വൈകിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും ദിലീപ് ആരോപിച്ചു.
ബാലചന്ദ്രകുമാർ അന്വേഷണസംഘം വാടകയ്‌ക്കെടുത്ത സാക്ഷിയാണെന്നും സത്യവാങ്മൂലത്തിൽ ദിലീപ് ആരോപിക്കുന്നു. ഇതോടൊപ്പം ജഡ്ജി സ്ഥലം മാറുന്നത് വരെ വിചാരണയിൽ കാലതാമസം വരുത്തുകയെന്ന ഗൂഢോദ്ദേശവും സർക്കാരിനുണ്ടെന്ന് മറുപടി സത്യവാങ്മൂലത്തിൽ ദിലീപ് ചൂണ്ടിക്കാട്ടി. കേസിൽ അന്വേഷണ ഉദ്യോഗസ്ഥന്റെ വിചാരണ മാത്രമാണ് ഇനി അവശേഷിക്കുന്നത്. അദ്ദേഹം വിചാരണ ഒഴിക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് സർക്കാരിന്റെ അപേക്ഷയെന്നും ദിലീപ് ആരോപിക്കുന്നു.
വിചാരണ കോടതി ജഡ്ജിയാണ് സമയം നീട്ടി നൽകണം എന്ന് ആവശ്യപ്പെടേണ്ടത്. എന്നാൽ വിചാരണ കോടതി ജഡ്ജി അത്തരം ഒരു ആവശ്യം ഉന്നയിച്ചിട്ടില്ല. ഇപ്പോൾ നടത്തിയ വെളിപ്പെടുത്തലുകൾ സംവിധാകയാകൻ ബാലചന്ദ്രകുമാർ എന്തുകൊണ്ടാണ് നേരത്തെ പറയാത്തത് എന്നതിന് കൃത്യമായ വിശദീകരണം ഇല്ലെന്നും സുപ്രീംകോടതിയിൽ ഫയൽ ചെയ്ത മറുപടി സത്യവാങ്മൂലത്തിൽ ദിലീപ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ദിലീപിന് വേണ്ടി സീനിയർ അഭിഭാഷകൻ മുകുൾ റോത്തഗി നാളെ സുപ്രീം കോടതിയിൽ ഹാജരായേക്കും.
നേരത്തെ ജഡ്ജിയെ മാറ്റണമെന്ന് സർക്കാർ തന്നെ ആവശ്യപ്പെട്ടത് പരാമർശിച്ചായിരുന്നു ദിലീപിന്റെ ആരോപണം. ജസ്റ്റിസുമാരായ എ.എം. ഖാൻവിൽക്കർ, സി.ടി. രവികുമാർ എന്നിവരുൾപ്പെട്ട ബെഞ്ചാണ് സർക്കാരിന്റെ അപേക്ഷ പരിഗണിക്കുന്നത്. ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് സർക്കാർ കഴിഞ്ഞ ദിവസം കോടതിയോട് അഭ്യർത്ഥിച്ചിരുന്നു. ഫെബ്രുവരി പതിനാറിനകം വിചാരണ പൂർത്തിയാക്കണമെന്നാണ് നേരത്തെ സുപ്രീംകോടതി നിർദ്ദേശിച്ചിരുന്നത്.
അതേസമയം, നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ നടൻ ദിലീപിന്റെ മൊഴിയെടുക്കുന്നത് പുരോഗമിക്കുന്നു. ദിലീപ് നൽകിയ മൊഴിയിൽ നിറയെ പൊരുത്തക്കേടുകളുണ്ടെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങൾ അറിയിച്ചു. തെളിവുകളുള്ള കാര്യങ്ങളിൽ പോലും നിഷേധാത്മക മറുപടിയാണ് ദിലീപ് നൽകുന്നത്. നേരത്തെ അന്വേഷണവുമായി സഹകരിച്ചില്ലെങ്കിൽ ജാമ്യം റദ്ദ് ചെയ്യുമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ബിഷപ്പുമായി ബന്ധപ്പെട്ട് ഉയർന്ന വാദങ്ങളെയും ക്രൈംബ്രാഞ്ച് തള്ളിയിട്ടുണ്ട്. അന്വേഷണം വഴിതിരിച്ചുവിടാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നും ആരോപണത്തിൽ കഴമ്പൊന്നുമില്ലെന്നും അന്വേഷണസംഘം നിരീക്ഷിച്ചു.
ഇതിനിടെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന് ആരോപണം ദിലീപ് നിഷേധിച്ചു. ജീവിതത്തിൽ താനാരെയും ദ്രോഹിച്ചിട്ടില്ലെന്നും പ്രതി ക്രൈംബ്രാഞ്ചിനോട് പറഞ്ഞു. കോടതിയിൽ നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ കാണിച്ചപ്പോൾ അത് വേണ്ടെന്ന് പറഞ്ഞു. കാരണം നടിയെ ആ അവസ്ഥയിൽ കാണാൻ ആഗ്രഹമില്ലാത്തതിനാലാണെന്നും ദിലീപ് പറഞ്ഞതായിട്ടാണ് വിവരം.
അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ ആരോപണ വിധേയരായ ദിലീപ് അടക്കമുള്ള പ്രതികൾ ഉദ്യോഗസ്ഥരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുന്നുണ്ട്.
എന്നാൽ അതിന്റെ നിജസ്ഥിതി പരിശോധിച്ചശേഷമേ സഹകരിക്കുന്നുണ്ടോ അല്ലെയോ എന്നത് പറയാനാകൂ. ദിലീപ് എന്ത് മറുപടിയാണ് നൽകിയതെന്ന് ഇപ്പോൾ പറയാനാകില്ല. പ്രതികളുടെ മൊഴികളും വിലയിരുത്താറായിട്ടില്ല. മൊഴികൾ വിശദമായി വിലയിരുത്തിയ ശേഷം ബാക്കി കാര്യങ്ങൾ തീരുമാനിക്കുമെന്നും അതെല്ലാം പിന്നീട് അറിയിക്കാമെന്നും അന്വേഷണ ഉദ്യോഗസ്ഥനായ എ.ഡി.പി.ജി എസ് ശ്രീജിത്ത് വ്യക്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ