- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉച്ചയ്ക്ക് 1.30 ന് ലഞ്ച് ബ്രേക്ക്; ക്രൈംബ്രാഞ്ച് ഓഫീസ് മെസിൽ നിന്ന് വെജിറ്റേറിയൻ ഊണ്; അഞ്ചുപേരും ഭക്ഷണം കഴിച്ചതും വെവ്വേറെ മുറികളിൽ ഇരുന്ന്; രാത്രി 8 മണിയോടെ പുറത്തിറങ്ങിയപ്പോൾ ദിലീപിന്റെ മുഖത്ത് നിരാശ
കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിലെ ദിലീപിന്റെയും കൂട്ടാളികളുടെയും ആദ്യ ദിവസത്തെ ചോദ്യംചെയ്യൽ പൂർത്തിയായി. രാത്രി 7.30 ന് ചോദ്യം ചെയ്യൽ പൂർത്തിയാക്കി. മൊഴികൾ വായിച്ചു നോക്കി 8 മണിയോടെ പുറത്തിറങ്ങി. ആദ്യം ഡ്രൈവർ പുറത്തിറങ്ങി. പിന്നാലെ സഹോദര ഭർത്താവും സംഘവും. കാർ ക്രൈംബ്രാഞ്ച് ഓഫീസിനോട് ചേർത്ത് നിർത്തിയ ശേഷമാണ് ഒടുവിൽ ദിലീപ് പുറത്തിറങ്ങിയത്. നടൻ ഏറെ ക്ഷീണിതനായിരുന്നു. മുഖത്ത് കടുത്ത നിരാശ തോന്നിച്ചു. നേരെ ആലുവയിലെ വീട്ടിലേക്കാണ് ദിലീപും കൂട്ടാളികളും കളമശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ നിന്ന് മടങ്ങിയത്. ചോദ്യം ചെയ്യലിന് ശേഷം മൂന്നുപേരുടെ ഫോൺ പിടിച്ചെടുത്തിട്ടുണ്ട്.
അന്വേഷണ ഉദ്യോഗസ്ഥരുടെ പല ചോദ്യങ്ങൾക്കും ദിലീപ് പൂർണ തൃപ്തികരമായ മറുപടി നൽകിയില്ല. ചില ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകിയപ്പോൾ, ചിലതിന് അവ്യക്തമായ മറുപടികളായിരുന്നു എന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പറയുന്നു.
ഉച്ചയ്ക്ക് 1.30 യ്ക്കാണ് ഉച്ചഭക്ഷണത്തിന് പിരിഞ്ഞത്. ചോദ്യം ചെയ്യൽ പോലെ തന്നെ വെവ്വേറെ മുറികളിലായിരുന്നു ഉച്ചഭക്ഷണവും. ക്രൈംബ്രാഞ്ച് ഓഫീസിലെ മെസിൽ നിന്നായിരുന്നു വെജിറ്റേറിയൻ ഊണ്. അഞ്ച് പേരുടെയും ചോദ്യം ചെയ്യലിന് സിഐ റാങ്കിലുള്ള ഉദ്യോഗസ്ഥരാണ് നേതൃത്വം നൽകിയത്. ക്രൈംബ്രാഞ്ച് എസ്പി മോഹനചന്ദ്രന്റെ മേൽനോട്ടത്തിലായിരുന്നു ചോദ്യം ചെയ്യൽ. ഒരു മണിക്കൂർ എഡിജിപി ശ്രീജിത്തും ദിലീപിനെ ചോദ്യം ചെയ്തു. ദിലീപും കൂട്ടാളികളും ചോദ്യം ചെയ്യലിനോട് സഹകരിച്ചുവെന്നാണ് എസ്പി മാധ്യമങ്ങളെ അറിയിച്ചത്. ചില കാര്യങ്ങളിൽ വ്യക്തത വരുത്താൻ ഉള്ളതുകൊണ്ട് ചോദ്യം ചെയ്യൽ നാളെയും തുടരും.
മൊഴികൾ വിശദമായി വിലയിരുത്തിയ ശേഷം ബാക്കി കാര്യങ്ങൾ തീരുമാനിക്കൂയെന്നാണ് ഉച്ചയ്ക്ക് എഡിജിപി എസ് ശ്രീജിത്ത് മാധ്യമങ്ങളോട് പറഞ്ഞത്. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചതിന് ആവശ്യത്തിന് തെളിവ് പൊലീസിന്റെ കൈവശമുണ്ടെന്നും ശ്രീജിത്ത് പറഞ്ഞു. കോടതിയിൽ മുൻകൂർ ജാമ്യത്തിന് ശ്രമിച്ചവരെയാണ് ഇപ്പോൾ ചോദ്യം ചെയ്യുന്നത്. ആവശ്യമെങ്കിൽ കൂടുതൽ ആളുകളെയും ചോദ്യം ചെയ്യും. കേസിൽ സത്യം പുറത്തുകൊണ്ടുവരാൻ കഴിയുമെന്ന് ആത്മവിശ്വാസമുണ്ടെന്നും ശ്രീജിത്ത് അറിയിച്ചിരുന്നു.
അതേസമയം, താൻ ജീവിതത്തിൽ ഒരാളെ പോലും ദ്രോഹിച്ചിട്ടില്ലെന്നാണ് ദിലീപ് നൽകിയ മൊഴി. കോടതിയിൽ നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ കാണിച്ചപ്പോൾ അത് കാണേണ്ടെന്നാണ് പറഞ്ഞത്. കാരണം നടിയെ ആ അവസ്ഥയിൽ കാണാനുള്ള മനസ്സ് ഇല്ലാത്തതുകൊണ്ടായിരുന്നു അതെന്നും ദിലീപ് ഇന്നത്തെ ചോദ്യം ചെയ്യലിൽ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ കൊല്ലാൻ ഗുഢാലോചന നടന്നുവെന്ന ആരോപണം തെറ്റാണെന്നും ദിലീപ് പറഞ്ഞു.
ഇതിനിടെ നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ നീട്ടരുതെന്ന് ആവശ്യപ്പെട്ട് പ്രതി ദിലീപ് സുപ്രീംകോടതിയെ സമീപിച്ചു. വിചാരണ എത്രയും പെട്ടെന്ന് പൂർത്തിയാക്കണമെന്ന് ദിലീപ് സുപ്രീംകോടതിയിൽ സമർപിച്ച സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടു. തുടരന്വേഷണം വേണമെന്ന ആവശ്യം പ്രഹസനമാണ്. കേസിൽ തുടരന്വേഷണം ആവശ്യമില്ല. വിചാരണ കോടതി ജഡ്ജിയെ മാറ്റുന്നതിനായാണ് സർക്കാർ സമയം തേടുന്നതെന്നും ദിലീപ് കോടതിയിൽ പറഞ്ഞു. നാളെ സർക്കാർ ഹർജി പരിഗണിക്കാനിരിക്കെയാണ് ദിലീപ് സുപ്രീംകോടതിയെ സമീപിച്ചത്.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.