ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിൽ സർക്കാരിന് തിരിച്ചടി. വിചാരണ നീട്ടണമെന്ന സർക്കാരിന്റെ ആവശ്യം സുപ്രീംകോടതി നിരസിച്ചു. ഇക്കാര്യം ആവശ്യപ്പെട്ട് സർക്കാർ സമർപ്പിച്ച ഹർജി കോടതി തള്ളി.

കേസിൽ പുതിയ ചില തെളിവുകൾ കൂടി ലഭിച്ചുവെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നുമാണ് സർക്കാരിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ജയദീപ് ഗുപ്ത വാദിച്ചത്. സുപ്രീംകോടതി നിശ്ചയിച്ച സമയപരിധി ചൂണ്ടിക്കാട്ടി പുതിയ തെളിവുകൾ വിചാരണ കോടതി പരിഗണിക്കുന്നില്ല. അതിനാൽ വിചാരണ പൂർത്തിയാക്കാനുള്ള സമയം ഫെബ്രുവരി 14-ൽ നിന്നും നീട്ടണമെന്നാണ് സർക്കാർ ആവശ്യപ്പെട്ടത്.

എന്നാൽ ഇക്കാര്യം ഉന്നയിക്കാൻ സർക്കാരിന് അവകാശമില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. വിചാരണ കോടതിയാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്. കോടതിക്ക് ഉചിതമായ തീരുമാനമെടുക്കാം. മുൻപ് സമയം നീട്ടണമെന്ന് ആവശ്യപ്പെട്ട് വിചാരണ കോടതി തന്നെ സമീപിച്ചിരുന്നെന്നും ഇത് അംഗീകരിച്ചിരുന്നെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.

എന്നാൽ രഹസ്യവിചാരണ നടക്കുന്ന കേസിൽ മാധ്യമവിചാരണയാണ് നടക്കുന്നതെന്ന് ദിലീപിന്റെ അഭിഭാഷകൻ വാദിച്ചു. സർക്കാരിന്റെ ഒത്താശയോടെയാണ് മാധ്യമവിചാരണ നടക്കുന്നത്. പുതിയ ചില തെളിവുകൾ ലഭിച്ചുവെന്ന് അവകാശപ്പെട്ട് നടൻ ദിലീപിനെ പൊതുസമൂഹത്തിൽ അപകീർത്തിപ്പെടുത്താനാണ് നീക്കമെന്നും പ്രതിഭാഗം വാദിച്ചു.

നടിയെ ആക്രമിച്ച കേസിലെ വിസ്താരം നീട്ടിവെക്കണമെന്ന ആവശ്യവുമായി പ്രോസിക്യൂഷൻ ഹൈക്കോടതിയെയും സമീപിച്ചിട്ടുണ്ട്. സാക്ഷികളെ വിസ്തരിക്കുന്നത് തുടരന്വേഷണം പൂർത്തിയായതിന് ശേഷമാകണമെന്നാണ് ആവശ്യം. കഴിഞ്ഞയാഴ്ച പുതിയ സാക്ഷികളെ വിസ്തരിക്കാൻ പ്രോസിക്യൂഷന് ഹൈക്കോടതി അനുമതി നൽകിയിരുന്നു.

അഞ്ചു പുതിയ സാക്ഷികളെ വിസ്തരിക്കാനാണ് അനുമതി നൽകിയത്. പത്ത് ദിവസത്തിനകം വിസ്താരം പൂർത്തിയാക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. ഈ കാലാവധി ജനുവരി 30ന് അവസാനിക്കാനിരിക്കെയാണ് പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിച്ചത്. നിലവിലെ സാഹചര്യത്തിൽ ഇത് പ്രായോഗികമല്ലെന്നാണ് പ്രോസിക്യൂഷൻ ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്.

അഞ്ച് സാക്ഷികളിൽ ചിലർ കോവിഡ് പോസിറ്റീവ് ആയതിനാലും ഒരാൾ കേരളത്തിന് പുറത്തായതിനാലും പത്ത് ദിവസം കൊണ്ട് നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കഴിയില്ല.

തുടരന്വേഷണവും നടക്കുന്ന സാഹചര്യത്തിൽ വിസ്താരം നടത്തുന്നതിനുള്ള സമയം നീട്ടിക്കിട്ടണമെന്ന് ആവശ്യമാണ് ഹൈക്കോടതിയിൽ പ്രോസിക്യൂഷൻ ഉന്നയിച്ചിരിക്കുന്നത്.