കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനാ കേസിൽ ദിലീപിന്റെ മാത്രമല്ല, കാവ്യ മാധവന്റെ ഫോണും പരിശോധിക്കണമെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ. വേങ്ങരയിലെ രാഷ്ട്രീയ പ്രമുഖനും ആയുള്ള ഡീൽ നടക്കുമ്പോൾ ദിലീപ് ഉപയോഗിച്ചത് കാവ്യയുടെ ഫോണാണ്. അതുകൊണ്ട് അതും പരിശോധിക്കണം. റിപ്പോർട്ടർ ടിവിയോടാണ് ബാലചന്ദ്രകുമാർ ഇക്കാര്യങ്ങൾ പറഞ്ഞത്. ജയിലിൽ നിന്ന് പുറത്തിറങ്ങിയ ശേഷം ദിലീപ് അധികം ഉപയോഗിച്ചത് അനൂപിന്റെയും കാവ്യയുടെയും ഫോണുകളാണെന്നും ബാലചന്ദ്രകുമാർ പറഞ്ഞു.

ബാലചന്ദ്രകുമാറിന്റെ വാക്കുകൾ:

'കേസിൽ നിർണായകമായ ഫോണുകൾ ഏത് കാലഘട്ടത്തിൽ ഉപയോഗിച്ചു എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ജയിലിൽ നിന്ന് ഇറങ്ങിയ ശേഷം ദിലീപ് അധികവും ഉപയോഗിച്ചത് അനൂപിന്റെയും കാവ്യയുടെയും ഫോണുകളാണ്. 2018 ജനുവരി മുതൽ ഒക്ടോബർ വരെ ഉപയോഗിച്ച ഫോൺ കിട്ടിയാൽ അതിൽ നിന്ന് ഒരുപാട് വിവരങ്ങൾ ലഭിക്കും.

ഇപ്പോൾ എല്ലാവരും ദിലീപിന്റെ ഫോണിന്റെ പിന്നാലെയാണ്. സഹോദരി ഭർത്താവിന്റെ ഫോണിന്റെയും അനുജന്റെ ഫോണിന്റെ പിന്നാലെയാണ്. കാവ്യയുടെ ഫോണും ഒരുപാട് കാലം ദിലീപ് ഉപയോഗിച്ചിട്ടുണ്ട്. ഉപയോഗിച്ച് കൊണ്ടിരിക്കുന്നുണ്ട്. വേങ്ങര സംഭവം നടക്കുമ്പോഴും ദിലീപ് ഉപയോഗിച്ചിരുന്നത് കാവ്യയുടെ ഫോണാണ്. ഈ ഫോണിന്റെ വിവരങ്ങളെക്കുറിച്ച് ആരും ഒന്നും പറയുന്നില്ല.

വേങ്ങര ഡീൽ നടന്നതും സുരാജിന്റെയും അനൂപിന്റെയും ഫോണിലൂടെയാണ്, 2017 സെപ്റ്റംബർ മാസത്തിൽ. അതുകൊണ്ട് ഏതെങ്കിലും ഏഴ് ഫോണുകൾ പരിശോധിച്ചതുകൊണ്ട് കാര്യമില്ല. ഈ കാലഘട്ടങ്ങളിലെ ഫോണുകൾ കണ്ടെത്തണം, കാലഘട്ടം പ്രധാനപ്പെട്ടതാണ്. കാവ്യയുടെ ഫോണും അന്വേഷണപരിധിയിൽ ഉൾപ്പെടുത്തണം.

നടിയെ ആക്രമിച്ച കേസിൽ ജാമ്യം ലഭിച്ച ശേഷം ദിലീപും കാവ്യാ മാധവനും വേങ്ങരയിൽ എത്തി കേരളത്തിലെ പ്രമുഖ രാഷ്ട്രീയ നേതാവിന് അമ്പത് ലക്ഷം രൂപ കൈമാറിയെന്ന് കഴിഞ്ഞ ദിവസം ബാലചന്ദ്രകുമാർ ആരോപിച്ചിരുന്നു. ജാമ്യത്തിൽ ഇറങ്ങി പത്ത് മാസം പിന്നിട്ട ശേഷമാണ് ഇരുവരും വേങ്ങരയിൽ എത്തി പണം കൈമാറിയതെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വേളയിലാണിത്. 'തിരുവനന്തപുരത്തെ ഒരു സംവിധായകൻ വഴി കേരളത്തിലെ ഒരു രാഷ്ട്രീയ കക്ഷിയുടെ യുവജന സംഘടനയുടെ നേതാവിനെ 2017 സെപ്റ്റംബർ 21 ന് അനീപും സുരാജും കാണാൻ പോയി. വേങ്ങരയിലാണ് നേതാവിന്റെ വീട്. അവരുടെ സിഡിആർ പരിശോധിച്ചാൽ അക്കാര്യം മനസിലാവും. 6 മണിക്കാണ് അവരെത്തിയത്. 7 മണിക്ക് തിരികെ പോരുന്നു. അന്നൊക്കെ ദിലീപ് ജയിലിൽ കിടക്കുകയാണ്. ഒക്ടോബർ മൂന്നിനാണ് ജാമ്യത്തിൽ ഇറങ്ങുന്നത്.''

'ജാമ്യത്തിൽ ഇറങ്ങി പത്ത് ദിവസം കഴിഞ്ഞപ്പോൾ കാവ്യയും ദിലീപും ഡ്രൈവർ അപ്പുണ്ണിയോടൊപ്പം ഈ യുവജന സംഘടനാ നേതാവിനെ കാണാൻ വീണ്ടും പോയി. രാത്രിയാണ് പോയത്. കൈയിൽ 50 ലക്ഷം രൂപയുണ്ടായിരുന്നു. അന്നവിടെ കേരളത്തിലെ മറ്റൊരു പ്രമുഖനായ രാഷ്ട്രീയ നേതാവും എത്തി. ആഹാരം കഴിച്ചു, പാട്ട് പാടി. പൈസയും വാങ്ങിയിട്ടാണ് അദ്ദേഹം പോയത്. രാഷ്ട്രീയ നേതാവിന്റെ ഭാര്യയും മക്കളോടൊപ്പം ചിത്രവും എടുത്തിട്ടുണ്ട്. അത് രണ്ട് ദിവസത്തിനകം പുറത്ത് വരും. കാവ്യയുടെ 4686 ൽ അവസാനിക്കുന്ന നമ്പറിന്റെ സിഡിആർ പരിശോധിക്കുക. എന്നാൽ കൃത്യമായി കാര്യങ്ങൾ മനസിലാവും. 50 ലക്ഷം കൊടുത്തുവെന്ന് സുരാജ് തന്നെയാണ് എന്നോട് പറഞ്ഞത്.''

അതേസമയം, നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയതുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടതിൽ ആറു ഫോണുകൾ ദിലീപും കൂട്ടുപ്രതികളും തിങ്കളാഴ്ച കൈമാറണമെന്ന് ഹൈക്കോടതി ഉത്തരവ്. ഫോൺ ഹാജരാക്കാൻ കൂടുതൽ സമയം വേണമെന്ന ദിലീപിന്റെ അപേക്ഷ ജസ്റ്റിസ് പി ഗോപിനാഥ് തള്ളി.

തിങ്കളാഴ്ച രാവിലെ 10.15ന് ഫോൺ ഹൈക്കോടതി രജിസ്ട്രിക്കു കൈമാറണം. ഇത് അനുസരിച്ചില്ലെങ്കിൽ ദിലീപിന് അറസ്റ്റിൽനിന്നു നൽകിയ സംരക്ഷണം പിൻവലിക്കുമെന്ന് കോടതി മുന്നറിയിപ്പു നൽകി. ബുധനാഴ്‌ച്ചയാണ് ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നത്. ഫോൺ മുംബൈയിൽ ആണെന്നും ഹാജരാക്കാൻ കൂടുതൽ സമയം വേണമെന്നും ദിലീപിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടു. ഇത് അനുവദിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.

ഏഴു ഫോണുകൾ കൈമാറണമെന്നാണ് ക്രൈംബ്രാഞ്ച് നോട്ടീസിൽ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഇതിൽ ഒരു ഫോണിനെക്കുറിച്ച് തനിക്ക് അറിയില്ലെന്ന് ദീലീപ് കോടതിയിൽ പറഞ്ഞു. തുടർന്നാണ് ആറു ഫോണുകൾ മുദ്രവച്ച കവറിൽ ഹാജരാക്കാൻ കോടതി ഉത്തരവിട്ടത്. മൂന്ന് ഫോണുകൾ മാത്രമേ കൈവശമുള്ളൂവെന്നും നാലാമത്തെ ഫോണിനെക്കുറിച്ച് അറിയില്ലെന്നും ദിലീപ് കോടതിയെ അറിയിച്ചിരുന്നു.ഡിജിറ്റൽ തെളിവുകൾ നടൻ മനപ്പൂർവം മറച്ചുപിടിക്കുന്നുവെന്ന പ്രോസിക്യൂഷന്റെ വാദമാണ് കോടതി അംഗീകരിച്ചത്.

സ്വകാര്യ വിവരങ്ങൾ ഉള്ളതിനാൽ ഫോൺ പരിശോധനയ്ക്ക് നൽകാനാവില്ലെന്ന് ദിലീപ് അറിയിച്ചിരുന്നു.ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട് ഉപഹർജി പരിഗണിക്കുന്നതിന് വേണ്ടി ജസ്റ്റിസ് ഗോപിനാഥിന്റെ ബഞ്ച് കേസിൽ സിറ്റിങ് ആരംഭിച്ചിരിക്കുകയാണ്. ദിലീപിന് വേണ്ടി മുതിർന്ന അഭിഭാഷകൻ ബി രാമൻ പിള്ളയാണ് ഹാജരായത്. ഇതുമായി ബന്ധപ്പെട്ട് നടപടികൾ ആരംഭിച്ചിരിക്കുകയാണ്. ഒന്നുകിൽ ദിലീപിന്റെ മുൻകൂർ ജാമ്യം തള്ളണം അല്ലെങ്കിൽ കസ്റ്റോഡിയൽ ഇന്ററോഗേഷനുവേണ്ടി വിട്ടുനൽകണം എന്നാവശ്യപ്പെടാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

ഫോൺ കൈമാറാൻ ആശങ്കയെന്തിനെന്നും അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടതെല്ലാം ഹാജരാക്കണമെന്നും ദിലീപിനോട് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. എന്നാൽ പൊലീസിന്റെ ഫോറൻസിക് ലാബിൽ വിശ്വാസമില്ലെന്നായിരുന്നു ദിലീപിന്റെ നിലപാട്. കേസുമായി ദിലീപ് സഹകരിക്കുന്നില്ലെന്ന് കാട്ടി പ്രോസിക്യൂഷൻ നൽകിയ അപേക്ഷയിലാണ് അടിയന്തരമായി കേസ് പരിഗണിക്കാൻ കോടതി തീരുമാനിച്ചത്. എന്നാൽ, അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞതെല്ലാം ഹാജരാക്കിയെന്നും ചോദ്യം ചെയ്യലുമായി സഹകരിച്ചെന്നും ദിലീപ് പറഞ്ഞിരുന്നു. സർക്കാരിന്റെയും മാധ്യമങ്ങളുടെയും ഇരയാണ് താനെന്നും ദിലീപ് ആരോപിച്ചു.