- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വഴിയെ പോകുന്ന ആർക്കും ദിലീപിനെതിരെ കേസ് കൊടുക്കാമെന്ന അവസ്ഥ; നാളെ ദിലീപിന്റെ കാർ നന്നാക്കിയ വർക് ഷോപ്പിലെ ഒരാൾക്ക് എന്തെങ്കിലും സംഭവിച്ചാൽ അതും ദിലീപിന്റെ പേരിലാകുമോ? കുടുംബത്തെ മുഴുവനും തേജോവധം ചെയ്യുന്നത് വളരെ കഷ്ടമെന്ന് നിർമ്മാതാവ് സുരേഷ് കുമാർ
കൊച്ചി: ദിലീപിന്റെ ഐഫോൺ സർവീസ് ചെയ്ത സലീഷ് എന്ന യുവാവ് കാറപകടത്തിൽ മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് പുനരന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ രംഗത്ത് എത്തിയിരിക്കുകയാണ്. 2020 ഓഗസ്റ്റ് 30 നാണ് കൊടകര സ്വദേശി സലീഷ് അങ്കമാലി ടെൽക്കിന് സമീപം ഉണ്ടായ റോഡപകടത്തിലാണ് മരിച്ചത്. കാർ റോഡരികിലെ തൂണിൽ ഇടിച്ചായിരുന്നു അപകടം. സലീഷ് കൊച്ചിയിൽ മൊബൈൽ സർവീസ് കട നടത്തിയിരുന്നു. ദിലീപിന്റെ ഫോണുകൾ സർവീസ് ചെയ്തിരുന്നത് സലീഷാണ്. മരണത്തിന് പിന്നിൽ ദുരൂഹതകളുണ്ടെന്ന് സംവിധായകൻ ബൈജു കൊട്ടാരക്കര ഉൾപ്പെടെ ആരോപണം ഉന്നയിച്ചതിനെ തുടർന്നാണ് ബന്ധുക്കൾ അങ്കമാലി പൊലീസിന് പരാതി നൽകിയത്.
ഈ ആരോപണത്തിൽ പ്രതികരിച്ച് നിർമ്മാതാവ് സുരേഷ് കുമാർ രംഗത്തെത്തി. ദിലീപിനെ ക്രിമിനൽ ആയി മുദ്രകുത്തണമെന്ന ലക്ഷ്യം വച്ചുകൊണ്ടാണ് ചില ആളുകൾ ഇങ്ങനെ ചെയ്യുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 'നാളെ ദിലീപിന്റെ കാർ നന്നാക്കിയ വർക്ഷോപ്പിലെ ഒരാൾക്ക് എന്തെങ്കിലും സംഭവിച്ചാൽ അതും ദിലീപിന്റെ പേരിലാകുമോ? ഇതെന്തൊരു കഷ്ടമാണ്! ഒരാളെ തേജോവധം ചെയ്യുന്നതിന് ഒരു പരിധിയില്ലേ?, സുരേഷ് കുമാർ മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
'ഒരു കേസ് തീരാറായ സമയത്ത് ബാലചന്ദ്രകുമാർ എന്നൊരാൾ പ്രത്യക്ഷപ്പെടുന്നു. അയാൾ വായിൽ തോന്നുന്നതൊക്കെ വിളിച്ചു പറയുന്നത് രേഖപ്പെടുത്തി അതൊരു കേസായി വരുന്നു... ഇതൊക്കെ എന്താണ്? ഇത് വിശ്വസിക്കുന്ന കുറെ പേർ ഉണ്ട്. എന്നാൽ ബാക്കിയുള്ളവരൊക്കെ മണ്ടന്മാരാണോ? പൊലീസ് വളഞ്ഞിട്ട് ആക്രമിക്കുന്നതു പോലെയാണ് എനിക്കു തോന്നിയത്', സുരേഷ് കുമാർ പറഞ്ഞു.
'ഒരാളെ നശിപ്പിക്കുക എന്നതിൽ കവിഞ്ഞ് വേറൊന്നും ഇതിൽ കാണാൻ കഴിയില്ല. എന്നിട്ട്, ഇൻഡസ്ട്രി മുഴുവൻ മിണ്ടാതിരിക്കുകയാണ്. ദിലീപിന്റെ സംഘടനയിലെ ആളുകൾ പോലും സംസാരിക്കുന്നില്ല. അവർക്കൊക്കെ ആരെയോ ഭയമാണ്. എന്തിന് ഭയക്കണം? ഇത് ജനാധിപത്യരാജ്യമാണ്. ഒരാളെയും അയാളുടെ അമ്മ ഒഴിച്ച് ബാക്കി കുടുംബത്തെ മുഴുവനെയും തേജോവധം ചെയ്യുന്ന രീതിയിലല്ലേ കാര്യങ്ങൾ നടക്കുന്നത്. ഇത് വളരെ കഷ്ടമാണ്. ആ അമ്മയ്‌ക്കെതിരെയും ആരോപണങ്ങൾ ഉയർത്താമായിരുന്നല്ലോ? എന്തിനാണ് അവരെ മാത്രം ഒഴിവാക്കിയത്? ഇനി ബാക്കി ആരുമില്ലല്ലോ ആ കുടുംബത്തിൽ!
വഴിയെ പോകുന്ന ആർക്കും ദിലീപിനെതിരെ കേസ് കൊടുക്കാമെന്ന അവസ്ഥയായി. എന്തെല്ലാം കാര്യങ്ങളാണ് ഇപ്പോൾ പുതുതായി അടിച്ചേൽപ്പിക്കപ്പെടുന്നത്. ഒരാൾ വീട്ടിലിരുന്നു പറയുന്നത് കാര്യമായി എടുക്കാനൊക്കുമോ? ഒരു ബാറിൽ ചെന്നിരുന്നാൽ എന്തെല്ലാം പറയുന്നത് കേൾക്കാം! മനഃപൂർവം ഒരാളെ ഫിനിഷ് ചെയ്യുക എന്നതല്ലാതെ മറ്റൊന്നും ഇതിൽ കാണാൻ കഴിയുന്നില്ല. മാനസികമായും അല്ലാതെയും ഉള്ള ഇത്തരം പീഡനം ഒരാൾ എങ്ങനെ സഹിക്കും? വേറെ ആർക്കെങ്കിലും ഇതുപോലെ സംഭവിച്ചിട്ടുണ്ടോ? എന്തെങ്കിലും ഒരു തെളിവ് വേണ്ടേ? ശരി, അയാൾ കുറ്റക്കാരനാണെങ്കിൽ അയാളെ ശിക്ഷിക്കൂ. അതിന് കോടതിയുണ്ടല്ലോ!
കോടതിയിൽ ഒരു കേസ് തീരാറായ സമയത്താണ് പുതിയ കാര്യങ്ങൾ എടുത്തുകൊണ്ടു വരുന്നത്. ഒരു സിനിമയിൽ വർക്ക് ചെയ്യാൻ വന്നിട്ട്, അതു നടക്കാതെ പോയതിന്റെ വൈരാഗ്യം വച്ചിട്ടല്ലേ ഇപ്പോൾ ഈ കാര്യങ്ങൾ ചെയ്യുന്നത്? ഒരാൾ അപകടത്തിൽ മരിക്കുന്നു. അവിടെ സിസിടിവി കാണില്ലേ? ഇതൊക്കെ മനഃപൂർവം ആരോ ചെയ്യിപ്പിക്കുന്നതാണ്. ഇനിയും വരും ഇതുപോലെ ഓരോ സംഭവങ്ങൾ! ആ കേസ് തീരുന്നതു വരെ ഇങ്ങനെ ഓരോന്ന് പൊക്കിക്കൊണ്ടു വരും. ദിലീപിനെ ക്രിമിനൽ ആയി മുദ്രകുത്തണമെന്ന ലക്ഷ്യം വച്ചുകൊണ്ടാണ് ചില ആളുകൾ ഇങ്ങനെ ചെയ്യുന്നത്. ആരാണ് ഇതിന്റെ പിന്നിലെന്നാണ് അന്വേഷിക്കേണ്ടത്. പൊലീസ് ഇപ്പോൾ ചെയ്യുന്നത് ശരിയായ നടപടിയായി എനിക്ക് തോന്നുന്നില്ല. എന്തായാലും അന്വേഷണം നടക്കട്ടെ.' സുരേഷ് കുമാർ അഭിപ്രായപ്പെട്ടു.
കടപ്പാട്: മനോരമ ഓൺലൈൻ
മറുനാടന് മലയാളി ബ്യൂറോ