- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തുടരന്വേഷണം വന്നാൽ 'മാഡം' പുറത്തേക്ക് വരും; പല ചോദ്യങ്ങൾക്കും ഉത്തരം പറയേണ്ടി വരും; അതിന്റെ അങ്കലാപ്പിലാണ് ദിലീപ്; അതുകൊണ്ടാണ് ഒരിക്കലും നിൽക്കാത്ത ഹർജികളുമായി ഓടുന്നതും എന്ന് ബാലചന്ദ്രകുമാർ
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം വേണ്ടെന്ന് ദിലീപ് പറയുന്നതിന്റെ കാരണം സംഭവത്തിൽ പങ്കുള്ള സ്ത്രീയെ തിരിച്ചറിയുമെന്നതാണെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ. റിപ്പോർട്ടർ ടി.വി ചർച്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കേസിൽ തുടരന്വേഷണം നടന്നാൽ സ്ത്രീ പങ്കാളിത്തം പുറത്തുവരുമെന്ന ദിലീപിന് അറിയാമെന്നും സ്ത്രീസാന്നിധ്യം പുറത്തുവന്നാൽ ദിലീപിന് അത് ബുദ്ധിമുട്ടാകുമെന്നും ബാലചന്ദ്രകുമാർ പറഞ്ഞു.
ബാലചന്ദ്രകുമാറിന്റെ വാക്കുകൾ:
കേസിൽ തുടർ അന്വേഷണം നടന്നാൽ സ്ത്രീ പങ്കാളിത്തം പുറത്തുവരുമെന്ന ദിലീപിന് അറിയാം. ഇനി പഴുതടച്ച അന്വേഷണം വരുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. സ്ത്രീ സാന്നിധ്യം പുറത്തുവന്നാൽ ദിലീപിന് അത് ബുദ്ധിമുട്ടാകും. മാഡത്തിന്റെ പങ്കാണ് പുറത്തുവരിക. മറ്റൊരു ആൾക്ക് വേണ്ടി ചെയ്തതിന് ഞാൻ അനുഭവിക്കുന്നു എന്നാണ് ദിലീപ് പറഞ്ഞത്. തുടർ അന്വേഷണം നടന്നാൽ പല ചോദ്യങ്ങൾക്കും ഉത്തരം പറയേണ്ടി വരും. ആ പറഞ്ഞ സ്ത്രീയാര്, എന്തിന് അങ്ങനെ പറഞ്ഞു തുടങ്ങിയ ചോദ്യങ്ങൾക്ക്. ഇതോടെ മാഡം പുറത്തേക്ക് വരും. ഇതിന്റെ അങ്കലാപ്പിലാണ് ദിലീപ്. അതുകൊണ്ടാണ് തുടർഅന്വേഷണത്തെ ദിലീപ് എതിർക്കുന്നതും ഒരിക്കലും നിൽക്കാത്ത ഹർജികളുമായി ഓടുന്നതും.
നടിയെ ആക്രമിച്ച കേസിലെ മാഡം എന്ന വ്യക്തിയെക്കുറിച്ച് ഇപ്പോഴും തുമ്പുണ്ടാക്കാൻ ക്രൈംബ്രാഞ്ചിന് കഴിഞ്ഞിട്ടില്ല. അവരെ സംരക്ഷിക്കാൻ ശ്രമിച്ച് താൻ അകത്തായി എന്ന തരത്തിൽ ദിലീപ് സംസാരിക്കുന്ന ഓഡിയോയും ബാലചന്ദ്ര കുമാർ പുറത്തുവിട്ടിരുന്നു. ഈ ഓഡിയോയിൽ പറയുന്നവരാണ് മാഡമെന്നാണ് സൂചന. എന്ത് വന്നാലും മാഡത്തെ ഒറ്റിക്കൊടുക്കാൻ ദിലീപ് തയ്യാറാവില്ലെന്ന സൂചനയും ഓഡിയോ നൽകുന്നുണ്ട്.
കേസിൽ ഉയർന്ന് കേൾക്കുന്ന മാഡം എന്ന വ്യക്തി ദിലീപിന് ഏറ്റവും പ്രിയപ്പെട്ട ആളായിരിക്കുമെന്ന് ബാലചന്ദ്രകുമാർ നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു. അവർ ജയിലിൽ പോകരുതെന്ന് ദിലീപ് ആഗ്രഹിക്കുന്നുണ്ടെന്ന് അദ്ദേഹത്തിന്റെ സംഭാഷണത്തിലൂടെ വ്യക്തമാകുന്നതെന്നും ബാലചന്ദ്രകുമാർ പറഞ്ഞു.
'മാഡമെന്ന പേര് പൾസർ സുനിയാണ് ആദ്യം ഉന്നയിച്ചത്. ഒരു പെണ്ണിന് വേണ്ടിയാണ് ഇത് സംഭവിച്ചതെന്ന് ദിലീപ് പറയുമ്പോൾ മാഡമുണ്ടെന്ന് ഞാനും വിശ്വസിച്ചു. അത് ദിലീപിന് ഏറ്റവും പ്രിയപ്പെട്ട ഒരാളായിരിക്കുമെന്നാണ് മനസിലാക്കുന്നത്. ദിലീപിന് ഏറ്റവും അടുപ്പമുള്ള ഒരു സ്ത്രീയായിരിക്കണം. അവർ ജയിലിൽ പോവരുതെന്ന് ദിലീപ് ആഗ്രഹിക്കുന്നുണ്ട്.''
മറുനാടന് മലയാളി ബ്യൂറോ