കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട മാധ്യമ വാർത്തകൾ വിലക്കണം എന്ന് ആവശ്യപ്പെട്ട് പ്രതി ദിലീപ് നൽകിയ ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 24 ലേക്കു മാറ്റി. മാധ്യമ വിചാരണ നടത്തി തനിക്കെതിരെ ജനവികാരം ഉണ്ടാക്കാൻ ശ്രമിക്കുന്നെന്നാണ് ദിലീപിന്റെ ആക്ഷേപം. അതേസമയം ദിലീപ് നൽകിയ ഹർജി നിയമപരമായി നില നിൽക്കുന്നതല്ല എന്നാണ് പ്രോസിക്യൂഷന്റെ നിലപാട്.

ഹർജി നേരത്തെ പരിഗണിക്കവെ നടിയെ ആക്രമിച്ച കേസിന്റെ രഹസ്യവിചാരണ എന്ന ഉത്തരവ് മാധ്യമങ്ങൾ ലംഘിച്ചിട്ടുണ്ടോ എന്ന് അന്വേഷണം നടത്തി നടപടിയെടുക്കാൻ ഡിജിപിക്കു കോടതി നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ചില മാധ്യമ സ്ഥാപനങ്ങൾക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

തനിക്കെതിരെ മാധ്യമ വിചാരണ നടത്തി ജനവികാരം സൃഷ്ടിച്ച് കേസ് അട്ടിമറിക്കാൻ അന്വേഷണ സംഘം ശ്രമിക്കുന്നെന്നാണ് ദിലീപിന്റെ ആരോപണം. വിചാരണകോടതിയിലെ നടപടികൾ പൂർത്തിയാവും വരെ വാർത്തകൾ പ്രസിദ്ധീകരിക്കുന്നത് തടയണമെന്നും രഹസ്യ വിചാരണ എന്ന കോടതി ഉത്തരവ് ലംഘിക്കുന്ന മാധ്യമങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ദിലീപ് ഹർജിയിൽ ആവശ്യപ്പെടുന്നു.

കേസിൽ തുടരന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജിയെ എതിർത്ത് കക്ഷി ചേരാനാവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടി കഴിഞ്ഞ ദിവസം ഹൈക്കോടതിയെ സമീപിച്ചിരുന്നു. ദിലീപിന്റെ ഹർജി പരിഗണിച്ചപ്പോഴാണ് നടി ഇക്കാര്യം അറിയിച്ചത്. കക്ഷി ചേരാൻ സമയം അനുവദിക്കണമെന്ന് നടി കോടതിയിൽ അഭ്യർത്ഥിച്ചു. കേസ് ഹൈക്കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി.

നടിയെ ആക്രമിച്ച കേസ് അന്വേഷണത്തിലെ പാളിച്ചകൾ മറച്ചുവയ്ക്കാനാണ് തുടരന്വേഷണമെന്നാണ് ദിലീപിന്റെ ആരോപണം. ഇതിന് മുതിർന്ന ഉദ്യോഗസ്ഥരുടെ അനുമതി ഉണ്ടായിരുന്നില്ലെന്നും ആരോപിക്കുന്നു. വിചാരണ നടപടികൾ വേഗത്തിൽ പൂർത്തിയാക്കണമെന്നും ദിലീപ് നൽകിയ ഹർജിയിൽ പറയുന്നു.