- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വധഗൂഢാലോചനാ കേസിലെ അന്വേഷണത്തിന് സ്റ്റേയില്ല; ദിലീപിന്റെ ആവശ്യം തൽക്കാലം അംഗീകരിച്ചില്ല; ഹർജിയിൽ ഹൈക്കോടതി സർക്കാർ നിലപാട് തേടി
കൊച്ചി: വധഗൂഢാലോചന കേസിൽ പ്രതി ദിലീപിന്റെ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ നിലപാട് തേടി. എഫ്.ഐ.ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. രണ്ടാഴ്ചയ്ക്കുള്ളിൽ സർക്കാർ മറുപടി നൽകണമെന്ന് കോടതി നിർദ്ദേശിച്ചു. കേസ് രണ്ടാഴ്ചയ്ക്കു ശേഷം വീണ്ടും പരിഗണിക്കും. കേസിന്റെ അന്വേഷണം സ്റ്റേ ചെയ്യണമെന്ന ദിലീപിന്റെ ആവശ്യവും കോടതി തള്ളി.
എഫ്ഐആർ കെട്ടിച്ചമച്ചതാണെന്നും തെളിവുകൾ വിശ്വാസയോഗ്യമല്ലെന്നുമാണ് ദീലീപിന്റെ വാദം. അഭിഭാഷകൻ ബി രാമൻപിള്ള മുഖേനെയാണ് ഹർജി ഫയൽ ചെയ്തിരിക്കുന്നത്. ഡിജിപി ബി.സന്ധ്യ, എഡിജിപി എസ്.ശ്രീജിത്ത് എന്നിവരുടെ അറിവോടെയാണ് തനിക്കെതിരെ ഗൂഢാലോചന നടത്തിയിരിക്കുന്നതെന്ന് ദിലീപ് ഹർജിയിൽ പറഞ്ഞു. കേസ് ക്രൈം ബ്രാഞ്ച് കെട്ടിച്ചമച്ചതാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ മനഃപൂർവം തന്നെ വേട്ടയാടുകയാണെന്നും ഇതേ കേസിൽ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നതിനിടെ വാദിച്ചിരുന്നു.
നടിയെ ആക്രമിച്ച കേസിന്റെ വിചാരണ അട്ടിമറിക്കാനാണ് പുതിയ കേസുമായി മുന്നോട്ട് പോകുന്നത്. ഗൂഢലക്ഷ്യത്തോടെ തയ്യാറാക്കിയ എഫ്ഐആർ റദ്ദാക്കണമെന്നാണ് ആവശ്യം. കേസ് റദ്ദാക്കാത്ത സാഹചര്യത്തിൽ ഗൂഢാലോചന കേസ് സിബിഐയ്ക്ക് കൈമാറമെന്നും ദിലീപ് അഭ്യർത്ഥിച്ചിട്ടുണ്ട്.
വധഗൂഢാലോചക്കേസിൽ നേരത്തെ ദിലീപിനു ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചതിനു പിന്നാലെയാണ് എഫ്ഐആർ റദ്ദാക്കണമെന്നാവശ്യവുമായി ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെ ഗൂഢാലോചന തെളിയിക്കാൻ പര്യാപ്തമായ തെളിവ് ഇല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.
വധ ഗൂഢാലോചനാക്കുറ്റം പ്രഥമദൃഷ്ട്യാ നിലനിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപടക്കം ആറ് പ്രതികൾക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളെ തുടർന്നാണ് നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയതിന് ദിലീപ് അടക്കം ആറ് പേരെ പ്രതിയാക്കി കേസ് എടുത്തത്.