കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം റദ്ദാക്കണമെന്ന പ്രതി ദിലീപിന്റെ ഹർജി ഹൈക്കോടതി പരിഗണിക്കുന്നു. കേസിൽ കക്ഷിചേർക്കണമെന്ന ആക്രമിക്കപ്പെട്ട നടിയുടെ ആവശ്യം കോടതി അംഗീകരിച്ചു. ദിലീപിന്റെ ഹർജി തള്ളണമെന്നും നടി ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം അന്വേഷണം ഇപ്പോൾ തെറ്റായ രീതിയിലാണെന്ന് ദിലീപ് അറിയിച്ചു. തുടരന്വേഷണം റദ്ദാക്കണമെന്ന ഹർജിയെ എതിർത്ത് കേസിൽ കക്ഷി ചേരാനാണ് നടി അപേക്ഷ നൽകിയിരുന്നത്.

തുടരന്വേഷണം ചോദ്യം ചെയ്യാൻ പ്രതിക്ക് കഴിയില്ല. തന്നെ കേൾക്കാതെ തീരുമാനമെടുക്കുന്നത് തനിക്ക് നീതി ലഭിക്കുന്നതിൽ പരിഹരിക്കാൻ കഴിയാത്ത വലിയ നഷ്ടമുണ്ടാക്കുമെന്നും നടി പറയുന്നു. കേസിലെ പരാതിക്കാരിയാണ് ഞാൻ. നിയമപരമായി പ്രതിക്ക് തുടരന്വേഷണത്തെ ചോദ്യം ചെയ്യാൻ കഴിയില്ല. പല കേസുകളിലും സുപ്രീം കോടതി ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതിനാൽ നിയമപരമായി ദിലീപിന്റെ ഹർജി നിലനിൽക്കില്ല. ഹർജിക്കെതിരെ മൂന്നാം എതിർകക്ഷിയായി തന്നെ ചേർക്കണമെന്ന് അതിജീവിതയുടെ ഹർജിയിൽ പറയുന്നു. കേസ് ഉച്ചയ്ക്ക് ശേഷം ഹൈക്കോടതി പരിഗണിക്കും.

കേസ് കെട്ടിച്ചമച്ചതാണെന്നും തെളിവുകളില്ലെന്നുമാണ് ദിലീപിന്റെ ഹർജിയിലെ പ്രധാന വാദം. പരാതിക്കാരനായി ഉദ്യോഗസ്ഥൻ ബൈജു പൗലോസും സംവിധായകൻ ബാലചന്ദ്രകുമാറും ഗൂഢാലോചന നടത്തിയെന്നുമാണ് ദിലീപ് ഹർജിയിൽ പറയുന്നത്. നടിയെ ആക്രമിച്ച കേസ് അന്വേഷണത്തിലെ പാളിച്ചകൾ മറച്ചുവയ്ക്കാനാണ് തുടരന്വേഷണമെന്നും ദിലീപ് ആരോപിക്കുന്നു. ഇതിന് മുതിർന്ന ഉദ്യോഗസ്ഥരുടെ അനുമതി ഉണ്ടായിരുന്നില്ലെന്നും ദിലീപ് വാദിക്കുന്നു, വിചാരണ നടപടികൾ വേഗത്തിൽ പൂർത്തിയാക്കണമെന്നും ദിലീപ് നൽകിയ ഹർജിയിൽ പറയുന്നു. എന്നാൽ ദിലീപിനെതിരെ വ്യക്തമായ തെളിവുകളുണ്ടെന്നാണ് പ്രോസിക്യൂഷൻ പറയുന്നത്.

അതിനിടെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ ദിലീപിന്റെ സഹോദരി ഭർത്താവ് ടി എൻ സുരാജ് ചോദ്യം ചെയ്യലിന് ഹാജരായി. കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസിലാണ് ഹാജരായത്. ദിലീപിന്റെ സഹോദരൻ അനൂപ് നാളെ ഹാജരാകും. ക്രൈംബ്രാഞ്ച് നേരിട്ട് പിടിച്ചെടുത്ത ഫോണുകളുടെ പരിശോധന ഫലത്തിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. കോടതി അനുമതിയോടെ നടന്ന മൂന്നു ദിവസത്തെ ചോദ്യം ചെയ്യലിനു ശേഷമുള്ള രണ്ടാംഘട്ട ചോദ്യംചെയ്യൽ ആണ് ഇന്ന് നടക്കുന്നത്. സുരാജിനെയും അനൂപിനെയും ചോദ്യംചെയ്ത ശേഷം നടൻ ദിലീപിനെയും ഈയാഴ്‌ച്ച ചോദ്യം ചെയ്യാൻ വിളിപ്പിക്കും. ദിലീപിന്റെയും അനൂപിന്റെയും സുരാജിന്റെയും മൊബൈൽ ഫോണുകളുടെ ശാസ്ത്രീയ പരിശോധനാഫലം ആലുവ മജിസ്ട്രേറ്റ് കോടതിയിൽ ലഭിച്ചിട്ടുണ്ട്. ഇത് കൈമാറണം എന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയിൽ അപക്ഷ നൽകും.

രാമൻ പിള്ളയ്ക്കും ക്രൈംബ്രാഞ്ച് നോട്ടീസ്

ദിലീപിന്റെ അഭിഭാഷകനും ക്രൈം ബ്രാഞ്ച് നോട്ടീസ് നൽകിയിട്ടുണ്ട്. സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന പരാതിയിലാണ് അഡ്വ ബി രാമൻപിള്ളയ്ക്ക് നോട്ടീസ് നൽകിയത്. നോട്ടീസിന് രാമൻ പിള്ള മറുപടി നൽകിയിട്ടുണ്ട്. കോട്ടയം ക്രൈം ബ്രാഞ്ച് എസ്‌പിയാണ് നോട്ടീസ് നൽകിയത്.