കൊച്ചി: ദിലീപിന്റെ ഫോണുകളുടെ പരിശോധന സംബന്ധിച്ച നിർണായക വിവരങ്ങൾ പുറത്ത്. വധഗൂഢാലോചനാ കേസിൽ ഫോണിലെ വിവരങ്ങൾ നശിപ്പിച്ചതായാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. മുംബൈയിലെ ലാബാണ് ഇതിന് സാങ്കേതിക സഹായം നൽകിയത് എന്ന് മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ദിലീപിന്റെ അഭിഭാഷകൻ മുംബൈയിലെ ലാബിലേക്ക് ഫോണുകൾ കൊറിയർ അയയ്ക്കുകയായിരുന്നു.

കോടതിക്ക് ഫോൺ കൈമാറുന്നതിന്റെ തൊട്ടുതലേന്നാണ് വിവരങ്ങൾ നശിപ്പിച്ചത്. ലാബ് സിസ്റ്റംസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിലാണ് ഫോണുകൾ എത്തിച്ചത്. ദിലീപിന്റെയും കൂട്ടുപ്രതികളുടെയും ഐ ഫോണടക്കം നാല് ഫോണുകളാണ് എത്തിച്ചത്. നാല് അഭിഭാഷകരാണ് ജനുവരി 30 ന് ലാബിലെത്തിയത്. ഇവർ നശിപ്പിച്ച മിറർ ഇമേജുകൾ വീണ്ടെടുക്കാൻ ആയെന്നും ക്രൈംബ്രാഞ്ച് പറയുന്നു. സ്ഥാപനത്തിന്റെ ഡയറക്ടറെയും ജീവനക്കാരെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. ഫോണിലെ വിവരങ്ങൾ നശിപ്പിച്ചത് ജനുവരി 29 നും 30 നും ആണെന്ന കണ്ടെത്തി. രണ്ടു ഫോണുകളിലെ തെളിവുകൾ നശിപ്പിച്ച ശേഷം കോടതിക്ക് കൈമാറിയെന്നും ക്രൈംബ്രാഞ്ച് പറയുന്നു.ദിലീപിന്റെ അഭിഭാഷകരെ ലാബുമായി ബന്ധപ്പെടുത്തിയത് വിൻസന്റ് ചൊവ്വല്ലൂർ എന്ന മുംബൈ മലയാളി ആണെന്നും കണ്ടെത്തിയിട്ടുണ്ട്.

ദിലീപിന്റെയും കൂട്ടുപ്രതികളുടെയും അടക്കം ആറ് ഫോണുകളാണ് തിരുവനന്തപുരം ഫൊറൻസിക് ലാബിൽ പരിശോധിച്ചത്. ഈ പരിശോധനയിലാണ് ഫോണിലെ വിവരങ്ങൾ നശിപ്പിച്ചതായി കണ്ടെത്തിയത്. മുംബൈയിലെ ലാബ് സിസ്റ്റംസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിൽ് ജനുവരി 29-ന് മുംബൈയിൽവെച്ച് വിവരങ്ങൾ നശിപ്പിക്കാൻ ശ്രമങ്ങളുണ്ടായി. എന്നാൽ അന്നേദിവസം തന്നെ ഫോണുകൾ ഹാജരാക്കാൻ കോടതി ഉത്തരവിട്ടു. ഇതോടെ നാല് അഭിഭാഷകർ ജനുവരി 30-ന് മുംബൈയിലെത്തി ഫോൺ വാങ്ങിക്കൊണ്ടുപോയതായും ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

മുംബൈയിലേക്ക് അയച്ച നാലുഫോണുകളിൽ രണ്ടെണ്ണം മാത്രമാണ് കോടതിയിൽ ഹാജരാക്കിയിട്ടുള്ളതെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. മുംബൈയിലേക്ക് അയച്ച ഫോണുകളുടെ ഐ.എം.ഇ.ഐ നമ്പറുകളടക്കം അന്വേഷണസംഘം ശേഖരിച്ചിരുന്നു. ഇതനുസരിച്ചാണ് രണ്ട് ഫോണുകൾ ഹാജരാക്കിയിട്ടില്ലെന്ന് കണ്ടെത്തിയത്. മാത്രമല്ല, ഫോണുകൾ ഹാജരാക്കാൻ ഉത്തരവിട്ടതിന് ശേഷമാണ് ഭൂരിഭാഗം വിവരങ്ങളും ഫോണുകളിൽനിന്ന് മായ്ച്ചുകളഞ്ഞതെന്നും വ്യക്തമായിട്ടുണ്ട്.

അതേസമയം, നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതി ദിലീപ് നൽകിയ ഹർജി ഹൈക്കോടതി തള്ളി. ഒപ്പം തുടരന്വേഷണം നടത്താൻ ഏപ്രിൽ 15 വരെ സമയ പരിധി നീട്ടി നൽകുകയും ചെയ്തു. മൂന്ന് മാസം സമയപരിധിയാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നത്. റിപ്പോർട്ടർ ചാനലിലൂടെ സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലുകളാണ് തുടരന്വേഷണത്തിലേക്ക് വഴി തുറന്നത്.

കേസിന്റെ വിചാരണ നീട്ടിക്കൊണ്ടു പോകാനാണ് തുടരന്വേഷണം നടത്തുന്നതെന്നാണ് ദിലീപിന്റെ വാദം. കേസ് കെട്ടിച്ചമച്ചതാണെന്നും ബാലചന്ദ്രകുമാറിന്റെ ആദ്യമൊഴിയിൽ ഗൂഢാലോചന കേസ് ചുമത്താൻ തക്ക ഗൗരവമുള്ള വെളിപ്പെടുത്തലുകളില്ലെന്നും ദിലീപ് വാദിച്ചു. ആദ്യ കേസിലെ അന്വേഷണ പാളിച്ചകൾ ഒഴിവാക്കാനാണ് തുടരന്വേഷണമെന്നും ദിലീപ് വാദിച്ചു. എന്നാൽ ഈ വാ?ദങ്ങളെ പ്രോസിക്യൂഷൻ എതിർത്തു.

ദിലീപിന്റെ ഹർജിക്കെതിരെ ആക്രമിക്കപ്പെട്ട നടി എതിർ കക്ഷി ചേർന്നിരുന്നു. തുടരന്വേഷണം ചോദ്യം ചെയ്യാൻ പ്രതിക്ക് കഴിയില്ല. തന്നെ കേൾക്കാതെ തീരുമാനമെടുക്കുന്നത് തനിക്ക് നീതി ലഭിക്കുന്നതിൽ പരിഹരിക്കാൻ കഴിയാത്ത വലിയ നഷ്ടമുണ്ടാക്കുമെന്നും നടി വ്യക്തമാക്കി. കേസിലെ പരാതിക്കാരിയാണ് ഞാൻ. നിയമപരമായി പ്രതിക്ക് തുടരന്വേഷണത്തെ ചോദ്യം ചെയ്യാൻ കഴിയില്ല. പല കേസുകളിലും സുപ്രീം കോടതി ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതിനാൽ നിയമപരമായി ദിലീപിന്റെ ഹർജി നിലനിൽക്കില്ല. ഹർജിക്കെതിരെ മൂന്നാം എതിർകക്ഷിയായി തന്നെ ചേർക്കണമെന്ന് അതിജീവിതയുടെ ഹർജിയിൽ പറഞ്ഞിരുന്നു.

കേസ് കെട്ടിച്ചമച്ചതാണെന്നും തെളിവുകളില്ലെന്നുമായിരുന്നു ദിലീപിന്റെ ഹർജിയിലെ പ്രധാന വാദം. പരാതിക്കാരനായി ഉദ്യോഗസ്ഥൻ ബൈജു പൗലോസും സംവിധായകൻ ബാലചന്ദ്രകുമാറും ഗൂഢാലോചന നടത്തിയെന്നുമാണ് ദിലീപ് ഹർജിയിൽ പറയുന്നത്. നടിയെ ആക്രമിച്ച കേസ് അന്വേഷണത്തിലെ പാളിച്ചകൾ മറച്ചുവയ്ക്കാനാണ് തുടരന്വേഷണമെന്നും ദിലീപ് ആരോപിച്ചു. ഇതിന് മുതിർന്ന ഉദ്യോഗസ്ഥരുടെ അനുമതി ഉണ്ടായിരുന്നില്ലെന്നും ദിലീപ് വാദിക്കുന്നു, വിചാരണ നടപടികൾ വേഗത്തിൽ പൂർത്തിയാക്കണമെന്നും ദിലീപ് നൽകിയ ഹർജിയിൽ ആവശ്യപ്പെട്ടു. എന്നാൽ ദിലീപിനെതിരെ വ്യക്തമായ തെളിവുകളുണ്ടെന്നാണ് പ്രോസിക്യൂഷൻ വ്യക്തമാക്കിയത്.