കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിയമവഴി തേടി ക്രൈംബ്രാഞ്ച്. ഹൈക്കോടതിയിലും ആലുവ കോടതിയിലും വ്യത്യസ്ത ഹർജികൾ നൽകാനാണ് തീരുമാനം. അഭിഭാഷകരുടെ സഹായത്തോടെ സാക്ഷികളെ സ്വാധീനിച്ചു, കേസിലെ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചു തുടങ്ങിയ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഉയർത്തുക.

കേസിൽ ഏറ്റവും സുപ്രധാനമായ 150 ഡിജിറ്റൽ തെളിവുകൾ ദിലീപ് നശിപ്പിച്ചെന്നാണ് ഫോറൻസിക് ലാബിൽ നടത്തിയ ശാസ്ത്രീയ പരിശോധനയിൽ നിന്നും കണ്ടെത്തിയത്. ക്രൈംബ്രാഞ്ച് മേധാവി ശ്രീജിത്താണ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിലും ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ആലുവകോടതിയെ സമീപിക്കുന്നത്.

കേസിൽ ദിലീപ് അടക്കമുള്ള പ്രതികൾ നശിപ്പിച്ചത് 12 നമ്പറിൽ നിന്നുള്ള വിവരങ്ങളാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ.നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതി ദിലീപ് നൽകിയ ഹർജി തള്ളണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ തെളിവ് നശിപ്പിക്കാൻ ശ്രമങ്ങൾ നടന്നു എന്ന് ക്രൈംബ്രാഞ്ച് ആവർത്തിച്ചു വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് 12 നമ്പരിൽ നിന്നുള്ള വിവരങ്ങൾ ദിലീപ് നശിപ്പിച്ചുവെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചിരിക്കുന്നത്.

12 നമ്പരിലേക്കുള്ള വാട്ട്‌സാപ്പ് ചാറ്റുകൾ പൂർണമായും നശിപ്പിച്ചു. നശിപ്പിച്ച വിവരങ്ങൾ വീണ്ടെടുക്കാൻ ഫോറൻസിക് സയൻസ് ലാബിന്റെ സഹായം ക്രൈംബ്രാഞ്ച് തേടി. ഫോറൻസിക് റിപ്പോർട്ട് രണ്ട് ദിവസത്തിനകം ലഭിക്കുമെന്നാണ് കരുതുന്നത്. ജനുവരി 30ന് ഉച്ചയ്ക്ക് 1.36നും 2.32നും ഇടയ്ക്കാണ് ചാറ്റുകൾ നശിപ്പിച്ചിരിക്കുന്നത് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പ്രതികൾ ഉപയോഗിച്ചിരുന്ന ഫോണുകൾ മാറ്റിയെന്നും, ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾ മൊബൈൽ ഫോണിലെ രേഖകൾ നശിപ്പിച്ചുവെന്നും നേരത്തെ ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചിരുന്നു.

ജനുവരി 30 നാണ് ഫോണുകൾ മുംബൈയിൽ എത്തിച്ച് രേഖകൾ നശിപ്പിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി ഫോണുകൾ കൈമാറണമെന്ന് കോടതി ജനുവരി 29ന് ഉത്തരവിട്ടതിന് പിന്നാലെയായിരുന്നു നടപടി. ഹൈക്കോടതി രജിസ്ട്രാർക്ക് ഫോണുകൾ സമർപ്പിച്ചത് രേഖകൾ നശിപ്പിച്ച ശേഷമായിരുന്നു എന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

ഗൂഢാലോചനയ്ക്ക് ഉപയോഗിച്ചത് നാല് ഫോണുകളാണ്. ഇവയെല്ലാം മുംബൈയിൽ എത്തിച്ച് ഡേറ്റകൾ നശിപ്പിക്കുകയായിരുന്നു. 29, 30 തീയ്യതികളിലായിരുന്നു ഇത്തരത്തിൽ നശിപ്പിക്കപ്പെട്ടതെന്ന് തിരുവനന്തപുരം ഫോറൻസിക് ലാബിൽ നടത്തിയ പരിശോധനകളിൽ വ്യക്തമായിട്ടുണ്ട്. ഇതിൽ ചിലത് വീണ്ടെടുക്കാനായിട്ടുണ്ട് എന്നും ക്രൈം ബ്രാഞ്ച് പറയുന്നു.

കോടതിയുടെ നിർദ്ദേശങ്ങൾ നിലനിൽക്കെ തന്നെ ഇത്തരത്തിൽ ഫോണിലെ നിർണായകമായ വിവരങ്ങൾ നശിപ്പിക്കുകയും ഫോണുകൾ കോടതിയിൽ ഹാജരാക്കുകയും ചെയ്തതിന് പിന്നാലെ തുടരന്വേഷണം തടയണം എന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയാണ് എന്നും ക്രൈംബ്രാഞ്ച് കോടതിയിൽ വ്യക്തമാക്കുന്നു. ഈ ഹർജി തള്ളണമെന്നും ക്രൈം ബ്രാഞ്ച് ആവശ്യപ്പെടുന്നു. വാട്‌സ്ആപ്പ് കോളുകളും, സന്ദേശങ്ങളും മറ്റ് രേഖകളും നശിപ്പിച്ചിട്ടുണ്ട്. ഈ കാര്യങ്ങൾ ഉൾപ്പെടുത്തിയ ഫോറൻസിക് റിപ്പോർട്ടിന്റെ പകർപ്പ് അന്വേഷണസംഘം കോടതിക്ക് കൈമാറി.