- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വധഗൂഢാലോചന കേസിൽ ദിലീപിനെ ഡിഐജി സഞ്ജയ് കുമാർ ഗരുഡിൻ വിളിച്ചതായി ആരോപണം; വാട്സാപ്പ് കോൾ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ പരാതിക്ക് പിന്നാലെ; സംസാരിച്ചത് നാല് മിനിറ്റ് 12 സെക്കന്റ്; ഫോൺ മാറ്റിയത് ഈ സംഭാഷണത്തിന് ശേഷം; പുതിയ വെളിപ്പെടുത്തൽ
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട വധഗൂഢാലോചന കേസിൽ, പ്രതി ദിലീപിനെ ഡിഐജി സഞ്ജയ് കുമാർ ഗരുഡിൻ ഫോണിൽ വിളിച്ചതായി ആരോപണം. റിപ്പോർട്ടർ ടിവിയാണ് രേഖകൾ പുറത്തുവിട്ടത്. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ പരാതിക്ക് പിന്നാലെയായിരുന്നു ഫോൺ വിളി എന്ന് ചാനൽ റിപ്പോർട്ട് ചെയ്യുന്നു.
ഡിഐജി ദിലീപിനെ വിളിച്ചത്, ജനുവരി എട്ടിന് രാത്രി 10.04നാണ്. ഇരുവരും നാല് മിനിറ്റ് 12 സെക്കന്റ് സംസാരിച്ചു. വാട്ട്സ്ആപ്പ് കോൾ വഴിയായിരുന്നു സംഭാഷണം. ഈ സംഭാഷണത്തിന് ശേഷമാണ് ദിലീപ് ഫോൺ മാറ്റിയത് എന്നാണ് ആരോപണം. ദിലീപ് അഭിഭാഷകനുമായി ഫോണിൽ ബന്ധപ്പെട്ടതിന് പിന്നാലെയായിരുന്നു ഡിഐജിയുടെ വാട്സ്ആപ്പ് കോൾ.
അതിന് അടുത്ത ദിവസം, ജനുവരി ഒൻപതിന് ദിലീപിനെയും സംഘത്തെയും പ്രതി ചേർത്ത് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. ഡിഐജിയുടെ ഫോൺ സംഭാഷണത്തെക്കുറിച്ച് ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.
അതേസമയം, അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ തെളിവ് നശിപ്പിച്ചിട്ടില്ലെന്ന് ദിലീപ് ഹൈക്കോടതിയിൽ ബോധിപ്പിച്ചു. മൊബൈൽ ഫോണിൽ നിന്നും കളഞ്ഞത് കേസുമായി ബന്ധമില്ലാത്ത സ്വകാര്യ സംഭാഷണങ്ങളാണ്. വധഗൂഢാലോചനക്കേസ് റദ്ദാക്കണമെന്ന ഹർജിയിലാണ് ഹൈക്കോടതിയിൽ ദിലീപിന്റെ വിശദീകരണം.
ഫോണിൽ നിന്ന് താൻ ഡിലീറ്റ് ചെയ്തു എന്ന് പറയുന്നത് വാട്സ്ആപ്പ് ചാറ്റുകളാണ്. അത് ഈ കേസുമായി ബന്ധമില്ലാത്ത സന്ദേശങ്ങൾ മാത്രമാണ്. സ്വാഭാവികമായി ചെയ്യുന്ന നടപടി മാത്രമാണ്. അതിൽ തെറ്റു കാണേണ്ടതില്ലെന്നും ദിലീപ് വിശദീകരിക്കുന്നു. ഫോൺ കോടതിക്ക് കൈമാറാൻ ഹൈക്കോടതി ഉത്തരവിട്ടശേഷവും ദിലീപ് തെളിവുകൾ നശിപ്പിച്ചതായി അന്വേഷണസംഘം ആരോപിച്ചിരുന്നു.
ഫോണുകൾ പരിശോധിച്ച് കോടതിക്ക് കൈമാറിയ ഫോറൻസിക് റിപ്പോർട്ടും, ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്വേഷണ ഉദ്യോഗസ്ഥൻ നൽകിയിട്ടുള്ള വിശദീകരണവും തമ്മിൽ വൈരുധ്യമുണ്ട്. ലാബിൽ നിന്ന് അന്വേഷണ ഉദ്യോഗസ്ഥൻ കണ്ടെടുത്ത മിറർ ഇമേജിൽ പറയുന്ന അതേ കാര്യങ്ങൾ തന്നെയാണ് ഫോറൻസിക് റിപ്പോർട്ടിൽ പറയുന്നതെന്നും ദിലീപ് വ്യക്തമാക്കുന്നു.
ഫോണുകൾ നശിപ്പിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നെങ്കിൽ, ഫോറൻസിക് ലാബിൽ കൈമാറുകയല്ല പകരം നശിപ്പിക്കുകയായിരുന്നു ചെയ്യുക. തനിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ച സംവിധായകൻ ബാലചന്ദ്രകുമാറുമായുള്ള ആശയവിനിമയങ്ങളുടെ വിശദാംശങ്ങളും വിവരങ്ങളും ശേഖരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫോണുകൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചത്. ഈ തീരുമാനമെടുത്തത് തനിക്കെതിരെ വധഗൂഢാലോചനക്കേസ് രജിസ്റ്റർ ചെയ്യുന്നതിനും വളരെ മുമ്പാണെന്നും ദിലീപ് വ്യക്തമാക്കി.
തന്റേതെന്ന പേരിൽ ബാലചന്ദ്രകുമാർ കോടതിയിൽ ഹാജരാക്കിയ ശബ്ദസന്ദേശങ്ങൾ വിശ്വാസയോഗ്യമല്ല. ഒരു പെൻഡ്രൈവ് മാത്രമാണ് ബാലചന്ദ്രകുമാർ ഹാജരാക്കിയത്. ഈ ശബ്ദങ്ങൾ റെക്കോഡ് ചെയ്യുന്ന ഉപകരണങ്ങൾ ഹാജരാക്കിയിട്ടില്ല. തനിക്കെതിരെ വീട്ടു ജോലിക്കാരനായിരുന്ന ദാസൻ പറയുന്ന കാര്യങ്ങളും വിശ്വാസയോഗ്യമല്ല. അത് പൊലീസ് പറഞ്ഞു പഠിപ്പിച്ചു വിട്ട മൊഴിയാണ്. ദാസൻ അഭിഭാഷകന്റെ ഓഫീസിലെത്തി എന്നു പറയുന്ന ദിവസങ്ങളിൽ അഡ്വ. രാമൻപിള്ള കോവിഡ് ബാധിതനായി കഴിയുകയായിരുന്നുവെന്നും ദിലീപ് ചൂണ്ടിക്കാട്ടി. ഇതുമായി ബന്ധപ്പെട്ട കോവിഡ് പരിശോധനാഫലവും ദിലീപ് കോടതിയിൽ ഹാജരാ്കിയിട്ടുണ്ട്
മറുനാടന് മലയാളി ബ്യൂറോ