- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദിലീപിന്റെയും മറ്റ് പ്രതികളുടെയും ഫോണിലെ തെളിവുകൾ നശിപ്പിച്ചു; സുപ്രധാന വിവരങ്ങൾ അന്വേഷണ സംഘത്തിനുമുന്നിൽ മറച്ചുവച്ചു; വധഗൂഢാലോചനക്കേസിൽ സൈബർ വിദഗ്ധൻ സായ് ശങ്കറും പ്രതി
കൊച്ചി: ദിലീപിനെതിരായ വധഗൂഢാലോചനക്കേസിൽ സൈബർ വിദഗ്ധൻ സായ് ശങ്കറെ പ്രതി ചേർത്തു. കേസിൽ ഏഴാം പ്രതിയാണ് സായ് ശങ്കർ. ഇത് സംബന്ധിച്ച റിപ്പോർട്ട് അന്വേഷണ സംഘം കേസ് പരിഗണിക്കുന്ന ആലുവ കോടതിയിൽ സമർപ്പിച്ചു.
ദിലീപിന്റെയും മറ്റ് പ്രതികളുടെയും ഫോണിലെ തെളിവുകൾ നശിപ്പിച്ചതിനും സുപ്രധാന വിവരങ്ങൾ അന്വേഷണ സംഘത്തിനുമുന്നിൽ മറച്ചുവച്ചതിനുമാണ് കേസ്. ദിലീപിന്റെ സുഹൃത്തും വ്യവസായിയുമായ ശരത്തും പ്രതിയാണ്.
സായ് ശങ്കർ കൊച്ചിയിൽ തങ്ങി ദിലീപിന്റെയും മറ്റ് പ്രതികളുടെയും ഫോൺ വിവരങ്ങൾ നശിപ്പിച്ചെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. ഭാര്യയുടെ ഐ മാക് സിസ്റ്റം ഉപയോഗിച്ചായിരുന്നു തെളിവ് നശിപ്പിക്കൽ. ഫോൺ വിവരങ്ങൾ നശിപ്പിച്ചിട്ടില്ലെന്നും മറ്റൊരിടത്തേക്ക് മാറ്റിയതായും സായ് ശങ്കർ സമ്മതിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇയാളെ പ്രതിയാക്കി ക്രൈംബ്രാഞ്ച് ആലുവ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്.
ഇലക്ട്രോണിക് ഉപകരണങ്ങളിലെ തെളിവ് നശിപ്പിച്ചെന്നും സുപ്രധാന വിവരങ്ങൾ അന്വേഷണ സംഘത്തിനുമുന്നിൽ മറച്ചുവച്ചെന്നും ക്രൈംബ്രാഞ്ച് ആരോപിച്ചു.കേസിലെ വിഐപി എന്ന് സംവിധായകൻ ബാലചന്ദ്രകുമാർ വിശേഷിപ്പിച്ചയാൾ ദിലീപിന്റെ സുഹൃത്തും വ്യവസായിയുമായ ശരത്താണെന്ന് ക്രൈംബ്രാഞ്ച് എസ്‌പി സ്ഥിരീകരിച്ചിരുന്നു. ചോദ്യം ചെയ്യലിന് പിന്നാലെയാണു ശരത്തിനെയും പ്രതി ചേർത്തത്. ഇതോടെ വധഗൂഢാലോചനക്കേസിൽ ദിലീപടക്കം ഏഴ് പേർ പ്രതികളാണ്.
മുൻകൂർ ജാമ്യാപേക്ഷയിൽ വിധി വരുന്നതുവരെ ശരത്തിനെ അറസ്റ്റ് ചെയ്യില്ല. ദിലീപിന്റെ അഭിഭാഷകർക്ക് മുംബൈയിലെ ഫൊറൻസിക് ലാബ് പരിചയപ്പെടുത്തിക്കൊടുത്ത വിൻസന്റ് ചൊവ്വല്ലൂരിനെ ചോദ്യം ചെയ്ത് വിട്ടയച്ചു.
മറുനാടന് മലയാളി ബ്യൂറോ