- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷാർജ ക്രിക്കറ്റ് അസോസിയേഷൻ സിഇഒ ഉൾപ്പെടെ 12 നമ്പറുകളിലേക്കുള്ള ചാറ്റുകൾ നീക്കി; പ്രമുഖ നടിയുമായുള്ള ചാറ്റും വീണ്ടെടുക്കാൻ കഴിയാത്ത വിധം അപ്രത്യക്ഷം; ഫോറൻസിക് വിഭാഗവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥയുമായുള്ള ചാറ്റും നീക്കി; ദിലീപിന്റെ നീക്കങ്ങൾ ദുരൂഹമെന്ന് പൊലീസ്
കൊച്ചി: വധ ഗൂഢാലോചനക്കേസുമായി ബന്ധപ്പെട്ട് ദിലീപ് ഡിലീറ്റ് ചെയ്ത 12 നമ്പറുകളിലെ ചാറ്റുകളിൽ കൂടുതലും ദുബായ് നമ്പറുകൾ. ദുബായിലെ മലയാളി വ്യവസായികളടക്കമുള്ള ആളുകളുമായി നടത്തിയ ചാറ്റുകളാണ് ദിലീപ് ഡിലീറ്റ് ചെയ്തത്. അതുകൊണ്ട് തന്നെ ദിലീപിന്റെ ഈ നീക്കത്തിൽ ദുരൂഹതയുണ്ടെന്ന നിലപാടിലാണ് പൊലീസ്. കാവ്യാ മാധവൻ, ദിലീപിന്റെ സഹോദരീ ഭർത്താവ് സൂരജ്, മലയാളത്തിലെ ഒരു പ്രമുഖ നടി, ദുബായിലെ മലയാളി വ്യവസായികൾ തുടങ്ങിയവരുമായുള്ള ചാറ്റുകളും ഡിലീറ്റ് ചെയ്തവയിൽ ഉൾപ്പെടും.
ദിലീപിന്റെ മൊബൈൽ ഫോണുകൾ ശാസ്ത്രീയ പരിശോധനകൾ നടത്തി, അതിന്റെ റിപ്പോർട്ട് പുറത്തുവന്നപ്പോൾ തന്നെ 12 മൊബൈൽ ഫോൺ നമ്പറിലേക്കുള്ള ചാറ്റുകൾ ഡിലീറ്റ് ചെയ്തതായി വ്യക്തമായിരുന്നു. ഇതിന്റെ വിശദാംശങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്. ദുബായ് ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട വ്യക്തിയടക്കം നിരവധി ദുബായ് നമ്പറുകൾ ഈ കുട്ടത്തിലുണ്ട് എന്നാണ് വ്യക്തമായിരിക്കുന്നത്.
ഫോറൻസിക് വിഭാഗവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥ, മലപ്പുറം തൃശ്ശൂർ സ്വദേശികളായ ദുബായിലെ വ്യവസായികൾ തുടങ്ങിയവരും ഇതിൽ ഉൾപ്പെടും. വീണ്ടെടുക്കാൻ കഴിയാത്ത വിധത്തിലാണ് ചാറ്റുകൾ നശിപ്പിച്ചിരിക്കുന്നത്. ഐ ഫോണിലെ ചാറ്റുകളാണ് തിരിച്ചെടുക്കാനാകാത്ത വിധം നീക്കിയത്. നീക്കിയ ചാറ്റുകളിൽ ഷാർജ ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹിയുടെ സംഭാഷണവും ഉണ്ട്. ഇതോടെ ഷാർജ ക്രിക്കറ്റ് അസോസിയേഷൻ സി ഇ ഒ ഗാലിഫും സംശയ നിഴലിലായി. ഫോണുകൾ കോടതിക്ക് കൈമാറുന്നതിന് തൊട്ടു മുൻപായിരുന്നു ഇതെന്നും കണ്ടെത്തിയിട്ടുണ്ട്. ദുബായിൽ ബിസിനസ് നടത്തുകയാണ് ഗാലിഫ്.
കോടതി ഉത്തരവ് അനുസരിച്ച് മൊബൈൽ ഫോണുകൾ കോടതിക്ക് കൈമാറും മുമ്പ് 12 നമ്പറുകളിലേക്ക് ഉള്ള ചാറ്റുകളാണ് ദീലീപ് നീക്കിയത്. വീണ്ടെടുക്കാൻ കഴിയാത്തവിധം ഈ ചാറ്റുകൾ മാറ്റിയതിൽ ദുരൂഹത ഉണ്ടെന്നാണ് ക്രൈംബ്രാഞ്ച് നിഗമനം. ദുബായിൽ സൂപ്പർമാർക്കറ്റ് നടത്തുന്ന മലപ്പുറം സ്വദേശി ജാഫർ, ദുബായിലെ സാമൂഹിക പ്രവർത്തകൻ തൃശൂർ സ്വദേശി നസീർ, ദിലീപിന്റെ അളിയൻ സൂരജ് എന്നിവരുമായുള്ള വാട്‌സ്ആപ്പ് ചാറ്റുകളും നശിപ്പിച്ചതിൽ ഉണ്ട് ദേ പുട്ടിന്റെ ദുബായ് പാർട്ണറുമായുള്ള സംഭാഷണവും നീക്കിയിട്ടുണ്ട്. ഈ ചാറ്റുകൾ ഇത് കണ്ടെത്താൻ അന്വേഷണം നടക്കുകയാണെന്ന് ക്രൈം ബ്രാഞ്ച് റിപ്പോർട്ട് പറയുന്നു.
സ്വകാര്യതയുമായി ബന്ധപ്പെട്ട വിവരങ്ങൾ മാത്രമായിരുന്നു ഡിലീറ്റ് ചെയ്തത് എന്നായിരുന്നു ദിലീപ് നേരത്തെ പറഞ്ഞത്. വധ ഗൂഢാലോചനാ കേസിൽ എഫ്‌ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയിൽ ഹർജി നൽകിയതിന് പിന്നാലെ ക്രൈംബ്രാഞ്ച് വധ ഗൂഢാലോചന കേസിൽ ഇതുവരെ ലഭ്യമായ മുഴുവൻ തെളിവുകളും ആലുവ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ