കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പരാതിയിൽ പ്രതി നടൻ ദിലീപിന്റെ അഭിഭാഷകരോട് വിശദീകരണം തേടാൻ ബാർ കൗൺസിൽ തീരുമാനിച്ചു. മറുപടി ആവശ്യപ്പെട്ട് ബി.രാമൻപിള്ള ഉൾപ്പടെയുള്ള അഭിഭാഷകർക്കു നോട്ടിസ് അയയ്ക്കാനാണ് തീരുമാനം. മറുപടി ലഭിച്ച ശേഷമായിരിക്കും തുടർനടപടി എന്തായിരിക്കണം എന്ന തീരുമാനം ഉണ്ടാകുക.

അതിജീവിത, ആദ്യം നൽകിയ പരാതി നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന് കാട്ടി ബാർ കൗൺസിൽ തിരിച്ചയച്ചിരുന്നു. പിന്നീട് കൗൺസിലിന്റെ ചട്ടപ്രകാരം 2500 രൂപ ഫീസുമടച്ചാണ് പരാതി നൽകിയത്. അഭിഭാഷകരായ ബി രാമൻപിള്ള, ഫിലിപ്പ് ടി വർഗീസ്, സുജേഷ് മേനോൻ എന്നിവർക്കെതിരെയാണ് പരാതി. അഭിഭാഷകർ നടി കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നും തെളിവുകൾ നശിപ്പിക്കാൻ കൂട്ടുനിന്നുവെന്നും പരാതിയിൽ പറഞ്ഞു.

അഭിഭാഷകവൃത്തിക്ക് നിരക്കാത്ത പ്രവർത്തികൾ ചെയ്തവർക്കെതിരെ നടപടിയെടുക്കണമെന്നാണ് ആവശ്യം. അഭിഭാഷകരോട് വിശദീകരണം ചോദിക്കുമെന്ന് ബാർ കൗൺസിൽ ചെയർമാൻ അഡ്വ. കെ എൻ അനിൽകുമാർ പറഞ്ഞു. ഇരുകൂട്ടരുടെയും വാദങ്ങൾ കേട്ടശേഷം കൗൺസിൽ ചർച്ച ചെയ്യും. പിന്നീട് അച്ചടക്ക സമിതിയുടെ പരിഗണനയ്ക്ക് വിടുമെന്നും അദ്ദേഹം പറഞ്ഞു. പരാതിക്കാരിയിൽ നിന്നു കുടുതൽ വിവരങ്ങൾ ആവശ്യമെങ്കിൽ സ്വീകരിച്ച ശേഷമായിരിക്കും അച്ചടക്ക നടപടി ശുപാർശ പോലെയുള്ളവയിലേക്കു കടക്കുക.

കേസ് അട്ടിമറിക്കാൻ പ്രതികൾക്കു വേണ്ടി അഭിഭാഷകർ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നെന്ന ആശങ്കയാണ് പരാതിയിൽ. സാക്ഷികളെ മൊഴിമാറ്റാനും തെളിവ് നശിപ്പിക്കാനും അഭിഭാഷകർ ശ്രമിച്ചതിന്റെ തെളിവുകളും പരാതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അഭിഭാഷകരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന ആവശ്യമാണ് അതിജീവിത ഉയർത്തുന്നത്. ഇ-മെയിലായി നൽകിയ പരാതി സ്വീകരിക്കാൻ കഴിയില്ലെന്ന് ബാർ കൗൺസിൽ വ്യക്തമാക്കിയതിനെ തുടർന്നാണ് അതിജീവിത രേഖാമൂലം പരാതി നൽകിയത്.