കൊച്ചി: വധഗൂഢാലോചനാ കേസിൽ അറസ്റ്റിലായ സൈബർ ഹാക്കർ സായ് ശങ്കർ ദിലീപിനെതിരെ വെളിപ്പെടുത്തലുമായി രംഗത്തെത്തി. താൻ ഫോൺ രേഖകൾ നശിപ്പിച്ചത് നടന്റെ സാന്നിധ്യത്തിലാണ്. ദിലീപിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടിട്ടാണ് അദ്ദേഹത്തിന്റെ ഓഫീസിൽ പോയത്. തെളിവുകൾ നശിപ്പിക്കാനെന്ന് പറഞ്ഞല്ല തന്നെ വിളിച്ചത്. അഭിഭാഷകന്റെ ഓഫീസിൽ എത്തിയപ്പോഴാണ് ഇക്കാര്യം മനസിലായത്

രണ്ട് ഐ ഫോണുകളിലെ തെളിവുകളാണ് താൻ നശിപ്പിച്ചത്. ഇതൊരിക്കലും പുറത്തുവരരുതെന്ന് ദിലീപിന്റെ അഭിഭാഷകൻ തന്നോട് പറഞ്ഞു. അഡ്വ ഫിലിപ് ടി വർഗീസാണ് ഇക്കാര്യം പറഞ്ഞത്. തെളിവുകൾ നീക്കം ചെയ്യുമ്പോൾ ദിലീപും ഒപ്പമുണ്ടായിരുന്നുവെന്നും അദ്ദേഹം ടെലിവിഷന്ചാനലിനോട് വെളിപ്പെടുത്തി. തെളിവ് നശിപ്പിച്ചതിന് തനിക്ക് കാര്യമായി പണം തന്നില്ലെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും സായ് ശങ്കർ പറഞ്ഞു. മുഴുവൻ കാര്യങ്ങളും കോടതിയിൽ തുറന്നു പറയുമെന്നും അദ്ദേഹം വ്യക്തമാക്കി.

അറസ്റ്റിലായതിന് പിന്നാലെ സായ് ശങ്കറിന് ആലുവ കോടതി ജാമ്യം അനുവദിച്ചു. പുട്ടപ്പർത്തിയിൽ ഒളിവിലായിരുന്ന സായ് ശങ്കർ അന്വേഷണ ഉദ്യോഗസ്ഥന് മുൻപാകെ കീഴടങ്ങുകയായിരുന്നു. ദിലീപിന്റെ അഭിഭാഷകർ പറഞ്ഞിട്ടാണ് ഫോണിലെ രേഖകൾ നീക്കം ചെയ്തതെന്ന് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ സായ് ശങ്കർ മാധ്യമങ്ങളോട് പറഞ്ഞു. കേസിൽ നിർണായകമെന്ന് കരുതുന്ന ദിലീപിന്റെയും കൂട്ടു പ്രതികളുടേയും ഫോണിലെ വിവരങ്ങൾ മായ്ച്ച് കളഞ്ഞതായി സായ് ശങ്കർ മൊഴി നൽകിയിരുന്നു. അന്വേഷണവുമായി സഹകരിക്കാമെന്ന് അറിയിച്ച പശ്ചാത്തലത്തിൽ ഇയാളുടെ രഹസ്യ മൊഴി രേഖപ്പെടുത്താനും തീരുമാനിച്ചു. കേസിൽ സായ് ശങ്കറിനെ ഭാവിയിൽ പ്രോസിക്യൂഷൻ സാക്ഷിയാക്കി കൊണ്ടുവരാനാണ് നീക്കം.

ദിലീപിന്റെയും സുഹൃത്തുക്കളുടേയും മൊബൈൽ ഫോണിലെ ഡാറ്റാ ഡിലീറ്റ് ചെയ്തതുമായി ബന്ധപ്പെട്ട് സായി ശങ്കറിന്റെ രഹസ്യമൊഴിയെടുക്കുന്നതും പരിഗണിക്കുന്നുണ്ടെന്ന് ക്രൈം ബ്രാഞ്ച് എസ്‌പി അറിയിച്ചു. കേസിലെ ഏഴാം പ്രതിയാണ് സായ് ശങ്കർ. ദിലീപിന്റെ മൊബൈൽ ഫോണിലെ നിർണായക തെളിവുകൾ നശിപ്പിച്ചത് ഹാക്കർ സായി ശങ്കർ ആണെന്ന് അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു.

ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയതിന് പിന്നാലെ പൊലീസ് പീഡനം ആരോപിച്ച് ഇയാൾ ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ അന്വേഷണവുമായി സഹകരിക്കാനായിരുന്നു ഹൈക്കോടതിയുടെ നിർദ്ദേശം. എന്നാൽ ചോദ്യം ചെയ്യലുമായി സായി ശങ്കർ സഹകരിച്ചില്ല. തുടർന്നാണ് സായി ശങ്കറിനെ ഏഴാം പ്രതിയാക്കി അന്വേഷണ സംഘം കോടതിയിൽ റിപ്പോർട്ട് നൽകിയത്. ഇതിന് പിന്നാലെ തനിക്കെതിരെ ഉദ്യോഗസ്ഥർ കള്ളകേസുകളെടുക്കുന്നെന്ന് ആരോപിച്ചും ഇയാൾ രംഗത്തെത്തിയിരുന്നു.

ഫോൺ രേഖകൾ മായ്ച്ചതിനെ കുറിച്ച് സായ് ശങ്കർ

രണ്ട് ദിവസം നീണ്ട ശ്രമത്തിനൊടുവിലാണ് ദിലീപിന്റെ ഫോണിലെ രേഖകൾ മായ്ച്ച് കളഞ്ഞതെന്നും വധഗൂലോചനക്കേസിലെ തെളിവുകളേക്കാളുപരി നടിയെ ആക്രമിച്ച കേസിലെ തെളിവുകളാണ് ഐ ഫോണുകളിൽ നിന്ന് മായ്ച്ച് കളഞ്ഞതെന്നും സായ് ശങ്കർ പറഞ്ഞു. കോടതി രേഖകളുൾപ്പെടെ ദിലീപിന്റെ ഫോണിലുണ്ടായിരുന്നെന്നും സായ് ശങ്കർ വെളിപ്പെടുത്തി.ദിലീപ് തെറ്റ് ചെയ്തിട്ടില്ലായിരുന്നെന്നാണ് ആദ്യ ഘട്ടത്തിൽ ഞാനും കരുതിയത്. പക്ഷെ പിന്നീടുള്ള ദിവസങ്ങളിൽ നമ്മളുടെ അനുഭവങ്ങളും കാര്യങ്ങളുമെല്ലാം ചിന്തിച്ചു നോക്കുമ്പോൾ ഇരയ്ക്ക് നീതി കിട്ടണമെന്ന് ഞാനും ആഗ്രഹിക്കുന്നു. തന്നെ കൊണ്ട് പറ്റുന്നത് പോലെ കേസിലേക്ക് വിവരങ്ങൾ നൽകുമെന്നും സായ് ശങ്കർ പറഞ്ഞു.

സായ് ശങ്കറിന്റെ വാക്കുകൾ

എല്ലാം പറഞ്ഞ് തന്നത് ദിലീപാണ്. ദിലീപിന്റെ ഫോണുകളിൽ കോടതി രേഖകൾ ഉണ്ടായിരുന്നു. ജഡ്ജി എഴുതി വെച്ച പുസ്തകത്തിന്റെ കളർ ഫോട്ടോ ഉണ്ടായിരുന്നു. വാട്സ്ആപ്പിലൂടെയാണ് രേഖകൾ വന്നതെന്നാണ് കരുതുന്നത്. വാട്സ്ആപ്പ് ചാറ്റുകളും തുടങ്ങിയവ ഫോണിലുണ്ടായിരുന്നു. ജനുവരി 29 നും 30 നും ഹയാത് ഹോട്ടലിലെ മുറിയിൽ ഈ രേഖകൾ മായ്ക്കലായിരുന്നു ജോലി. പലപ്പോഴും ഇത് പുലർച്ചെ മൂന്ന് മണിവരെ നീണ്ടെന്നും സായ് ശങ്കർ പറഞ്ഞു. എല്ലാ ഫോണിലും ഉണ്ടായിരുന്നത് ഒരേ രേഖകൾ തന്നെയായിരുന്നു.

ഫോണുകളിൽ നിന്ന എന്താണ് മായ്ച്ച് കളയേണ്ടതെന്ന് പറഞ്ഞ് തന്നത് ദിലീപ് തന്നെയാണ്. ഇക്കാര്യവുമായി ബന്ധപ്പെട്ട് അഭിഭാഷകരോടൊപ്പം ദിലീപിന്റെ കൂടെ അഞ്ച് മണിക്കൂറുണ്ടായിരുന്നെന്നും സായ് ശങ്കർ പറഞ്ഞു. ഇപ്പോൾ ലഭിച്ചിരിക്കുന്ന ചാറ്റുകൾ ഡമ്മിയാണ്. യഥാർത്ഥ രേഖകൾ മറച്ച് അവിടെ ജങ്ക് ഡാറ്റ ലോഡ് ചെയ്യുകയാണ് ചെയ്തത്. ഫോണിൽ നിന്നും ഒന്നും മായ്ച്ചിട്ടില്ല എന്ന് വിശ്വസിപ്പിക്കാൻ മായ്ച്ചിടത്ത് പകരം വെറുതെയുള്ള രേഖകളും ചാറ്റുകളും വെക്കുകയാണ് ചെയ്തത്. ഇപ്പോൾ റിക്കവർ ചെയ്ത 12 ചാറ്റുകളും ഡമ്മിയാണ്.

യഥാർത്ഥ ചാറ്റുകൾ ലഭിക്കില്ല. പക്ഷെ എനിക്കത് തിരിച്ചെടുക്കാൻ പറ്റും. ഈ ഫോണിൽ നിന്ന് എന്തൊക്കെ പോയൊ അതൊക്കെ തിരിച്ചെടുക്കാൻ അതൊക്കെ എനിക്ക് പറ്റും. നടിയെ ആക്രമിച്ച കേസിലെ തെളിവുകളായിരുന്നു അവരുടെ ആശങ്ക. വധഗൂഢാലോചനക്കേസിനാവശ്യമായ തെളിവുകൾ ഫോണിലുണ്ടായിരുന്നെന്ന് കരുതുന്നില്ല. നടിയെ ആക്രമിച്ച കേസിലെ നിർണായക തെളിവുകൾ ഫോണിൽ ഉണ്ട്. അതായിരുന്നു അവരുടെ പ്രധാന ആശങ്ക. ഞായറാഴ്ച ഒരു ആറു മണിയോടെ രേഖകൾ മായ്ച്ചു. അന്ന് തന്നെ 11.30 ക്ക് അവർ ബോംബെയിൽ നിന്ന് തിരിച്ചു വന്നപ്പോൾ ഞാൻ ഫോൺ തിരികെ കൊണ്ട് കൊടുത്തു.