കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന് കുരുക്കായി പുതിയ ശബ്ദരേഖ പുറത്ത്. അടുത്ത സുഹൃത്ത് ബൈജുവുമായി ദിലീപ് സംസാരിച്ചതിന്റെ ശബ്ദരേഖയാണ് പുറത്തുവന്നിരിക്കുന്നത്. ഇത് വേറെ പെണ്ണ് അനുഭവിക്കേണ്ട ശിക്ഷയാണെന്നും അവരെ രക്ഷിച്ചതിന് താൻ ശിക്ഷിക്കപ്പെട്ടെന്നുമാണ് സംഭാഷണത്തിൽ ദിലീപ് പറയുന്നത്. അതേസമയം, ഈ ശബ്ദരേഖ തന്റേതല്ലെന്നാണ് ദിലീപ് ക്രൈംബ്രാഞ്ചിന് നൽകിയ മറുപടി.

'ഈ ശിക്ഷ ഞാൻ അനുഭവിക്കേണ്ടതല്ല, വേറെ പെണ്ണ് അനുഭവിക്കേണ്ടതായിരുന്നു. അവരെ നമ്മൾ രക്ഷിച്ച് രക്ഷിച്ച് കൊണ്ടുപോയിട്ട് ഞാൻ ശിക്ഷിക്കപ്പെട്ടു' എന്നാണ് പത്ത് സെക്കന്റ് ദൈർഘ്യമുള്ള ശബ്ദരേഖയിൽ പറയുന്നത്. ദിലീപിന്റെ ബാല്യകാല സുഹൃത്തായ വ്യാസൻ എടവനക്കാട് അടക്കം 10 സുഹൃത്തുക്കൾ ഈ ശബ്ദം തിരിച്ചറിഞ്ഞിട്ടുണ്ട്.

ഫൊറൻസിക് ലാബിലേക്ക് അയച്ച ഈ ശബ്ദരേഖയുടെ ഫലം ഇതുവരെ പുറത്തുവന്നിട്ടില്ല. എങ്കിലും ദിലീപിന്റേതുതന്നെയാണ് ശബ്ദമെന്ന അനുമാനത്തിലാണ് ക്രൈംബ്രാഞ്ച് സംഘം. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടാണ് ഈ സംസാരമെന്നുമാണ് വിലയിരുത്തൽ.
സംവിധായകൻ ബാലചന്ദ്രകുമാർ റെക്കോഡ് ചെയ്ത ശബ്ദരേഖയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇത് അന്വേഷണസംഘം കോടതിയിലും സമർപ്പിച്ചിരുന്നു. ഇതേ ശബ്ദരേഖ ദിലീപിന്റെ ഫോണിൽനിന്നും കണ്ടെടുത്തിട്ടുണ്ടെന്നാണ് ക്രൈംബ്രാഞ്ച് സംഘം പറയുന്നത്.
2017 ൽ നടന്നതാണ് ഈ സംഭാഷണം എന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.

ദിലീപിന് വേണ്ടി സാക്ഷിയെ സ്വാധീനിക്കുന്ന മൊബൈൽ ഫോൺ സംഭാഷണം നേരത്തെ പുറത്ത് വന്നിരുന്നു. ഡോക്ടർ ഹൈദരലിയും ദിലീപിന്റെ സഹോദരി ഭർത്താവ് സൂരജും തമ്മിലുള്ള ഫോൺ സംഭാഷണമാണ് പുറത്തുവന്നത്. ദിലീപിന് അനുകൂലമായി മൊഴി നൽകാൻ സൂരജ് ഡോക്ടറിനോട് ആവശ്യപ്പെടുന്നതാണ് സംഭാഷണം. നടി ആക്രമിക്കപ്പെടുമ്പോൾ ആലുവയിലെ ആശുപത്രിയിൽ അഡ്‌മിറ്റ് ആയിരുന്നു എന്നാണ് ദിലീപിന്റെ വാദം. ഇങ്ങനെയായിരുന്നു ആദ്യം ദിലീപ് മൊഴി നൽകിയിരുന്നത്. എന്നാലിത് തെറ്റാണെന്ന് പിന്നീട് അന്വേഷണ സംഘം കണ്ടെത്തി. ദിലീപ് അഡ്‌മിറ്റ് ആയിരുന്നില്ലെന്ന് ഡോക്ടർ ഹൈദരലി ആദ്യം മൊഴി നൽകിയിരുന്നു. ഈ മൊഴി തിരുത്താനാണ് ആവശ്യപ്പെടുന്നത്.

രേഖകൾ പൊലീസിന്റെ കൈവശം ഉണ്ടന്നു ഡോക്ടർ പറയുമ്പോൾ ആ തെളിവിന് പ്രസക്തിയില്ല, കോടതിക്ക് നൽകുന്ന മൊഴിയാണ് ഇനി പ്രധാനമെന്നു സൂരജ് മറുപടി നൽകുന്നു. പ്രശ്‌നങ്ങളൊന്നുമില്ലാതെ വക്കീൽ നോക്കുമെന്നും ഡോക്ടർ വക്കീൽ പഠിപ്പിക്കുന്നതപോലെ പറഞ്ഞാൽ മതിയെന്നും സംഭാഷണത്തിലുണ്ട്. പ്രോസിക്യൂഷൻ സാക്ഷിയായ ഡോക്ടർ പിന്നീട് കൂറ് മാറി ദിലീപിന് അനുകൂലമായി മൊഴി നൽകിയിരുന്നു.

അതിനിടെ, കേസിൽ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവനെ തിങ്കളാഴ്ച ക്രൈംബ്രാഞ്ച് സംഘം ചോദ്യംചെയ്യും. കാവ്യയും സുഹൃത്തുക്കളും തമ്മിലുള്ള തർക്കങ്ങളാണ് സംഭവങ്ങൾക്കെല്ലാം കാരണമെന്ന് പറയുന്ന ശബ്ദരേഖയും കഴിഞ്ഞദിവസങ്ങളിൽ പുറത്തുവന്നിരുന്നു. ദിലീപിന്റെ സഹോദരീഭർത്താവ് ടി.എൽ. സുരാജും ദിലീപിന്റെ സുഹൃത്ത് ശരത്തും തമ്മിൽ സംസാരിച്ചതിന്റെ ശബ്ദരേഖയാണ് പുറത്തുവന്നിരുന്നത്. കാവ്യയെ കുടുക്കാൻ കൂട്ടുകാരികൾ ശ്രമിച്ചിരുന്നു, കൂട്ടുകാർക്ക് തിരിച്ച് പണി കൊടുക്കാൻ കാവ്യയും ശ്രമിച്ചു. ദിലീപിനെ വിവാഹം ചെയ്തതാണ് കാവ്യയുടെ കൂട്ടുകാരുടെ വൈരാഗ്യത്തിന് കാരണമെന്നും ശബ്ദരേഖയിലുണ്ടായിരുന്നു. നേരത്തെ സംഭവത്തിന് പിന്നിൽ മാഡം ഉണ്ടെന്ന് വെളിപ്പെടുത്തുന്ന പൾസർ സുനിയുടെ ശബ്ദരേഖയും പുറത്തുവന്നിരുന്നു. പൾസർ സുനി പിന്നീട് ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തുകയും ചെയ്തു. ഇതെല്ലാം പരിഗണിച്ചാണ് ക്രൈംബ്രാഞ്ച് സംഘം കാവ്യയെ ചോദ്യംചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത്.

അതേസമയം, കാവ്യയെ കേസിലേക്ക് കൊണ്ടുവന്ന് ദിലീപിൽനിന്ന് ശ്രദ്ധമാറ്റാനുള്ള ശ്രമമാണോ ഇതിനെല്ലാം പിന്നിലെന്നും അന്വേഷണസംഘം സംശയിക്കുന്നുണ്ട്. മറ്റൊരാൾ ചെയ്തത് അവരെ രക്ഷിക്കാൻ വേണ്ടി താൻ ഏറ്റെടുത്തെന്നരീതിയിലാണ് ദിലീപിന്റെയും മറ്റുള്ളവരുടെയും സംഭാഷണങ്ങൾ. അതിനാൽ തന്നെ ഇത് തന്ത്രപൂർവമുള്ള നീക്കങ്ങളാണോയെന്നും അന്വേഷണസംഘം സംശയിക്കുന്നു.

അതിനിടെ, കേസിലെ തെളിവ് നശിപ്പിച്ചെന്ന ആരോപണത്തിൽ ദിലീപിന്റെ മൂന്ന് അഭിഭാഷകർക്ക് കേരള ബാർ കൗൺസിൽ നോട്ടീസ് നൽകി. അതിജീവിത നൽകി പരാതിയിലാണ് നടപടി. സീനിയർ അഭിഭാഷകനായ ബി രാമൻ പിള്ള, ഫിലിപ് ടി വർഗീസ്, സുജേഷ് മോനോൻ എന്നിവർക്കാണ് നോട്ടീസ് നൽകിയത്. നടിയുടെ ആരോപണത്തിൽ രണ്ടാഴ്ചയ്ക്കകം മറുപടി നൽകണമെന്നാണ് നോട്ടീസിൽ വ്യക്തമാക്കിയിട്ടുള്ളത്. വിചാരണ നടക്കുന്ന കേസിൽ 20 സാക്ഷികളെ അഭിഭാഷകൻ ഇടപെട്ട് കൂറ് മാറ്റിയെന്നും കോടതിയെ സഹായിക്കണ്ട അഭിഭാഷകനിൽ നിന്ന് നീതി തടയുന്ന പ്രവർത്തിയാണുണ്ടായതെന്നും നടിയുടെ പരാതിയിലുണ്ട്.