തിരുവനന്തപുരം: കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പൊലീസിനെതിരെ ദിലീപിന്റെ അഭിഭാഷകന്റെ പരാതി. എഡിജിപി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിൽ വ്യാജപ്രചാരണം നടത്തുന്നുവെന്ന് ആഭ്യന്തരസെക്രട്ടറിക്ക് പരാതി നൽകി. മാധ്യമങ്ങൾക്ക് ശബ്ദരേഖ ചോർത്തിനൽകുന്നുവെന്നും പരാതിയിൽ പറയുന്നു.

പ്രതികളേയും ബന്ധുക്കളേയും അഭിഭാഷകരേയും ക്രൈംബ്രാഞ്ച് അപമാനിക്കാൻ ശ്രമിക്കുന്നുവെന്ന് പരാതിയിൽ പറയുന്നു. ബാലചന്ദ്രകുമാർ എ.ഡി.ജി.പി ശ്രീജിത്തിന്റെ അടുത്ത ബന്ധുവാണ്. ചട്ടവിരുദ്ധമായാണ് കേസിൽ അന്വേഷണം നടക്കുന്നത്. ആസൂത്രിതമായി ഗൂഢാലോചന നടത്തുന്നുവെന്നും പരാതിയിൽ പറയുന്നു. ദിലീപിന്റെ അഭിഭാഷകർ. അഡ്വ ഫിലിപ്പ് ടി വർഗ്ഗീസ് മുഖേനയാണ് സർക്കാരിന് പരാതി നൽകിയത്.

ദിലീപിന്റെ അഭിഭാഷകർക്കെതിരെ അന്വേഷണ സംഘം അപവാദ പ്രചാരണം നടത്തുകയാണ്. ഇതിനുവേണ്ടി അന്വേഷണ സംഘം സായി ശങ്കറിനെ കൂട്ടുപിടിച്ചു. സായി ശങ്കറിന് മാധ്യമങ്ങളെ കാണാൻ അവസരമൊരുക്കിയത് എഡിജിപിയുടെ നിർദ്ദേശപ്രകാരമാണെന്നും പരാതിയിൽ ആരോപിക്കുന്നുണ്ട്.

നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് വിചാരണ കോടതിയിൽ കഴിഞ്ഞ ദിവസം അപേക്ഷ നൽകിയിരുന്നു. ദിലീപ് ജാമ്യ വ്യവസ്ഥകളെല്ലാം ലംഘിച്ചുവെന്നും തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ശ്രമിച്ചുവെന്നും ഹർജിയിൽ പറഞ്ഞിരുന്നു. ജാമ്യ വ്യവസ്ഥകൾ ലംഘിച്ചാൽ അന്വേഷണ സംഘത്തിന് വിചാരണ കോടതിയെ സമീപിക്കാമെന്നും ജാമ്യം റദ്ദാക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതുപ്രകരമാണ് അന്വേഷണ സംഘം വിചാരണക്കോടതിയെ സമീപിച്ചത്.