- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വധഗൂഢാലോചനാ കേസ്: എഫ്ഐആർ റദ്ദാക്കണമെന്ന ദിലീപിന്റെ ഹർജിയിൽ ഹൈക്കോടതി വിധി നാളെ; കേസ് റദ്ദാക്കുകയോ അന്വേഷണം സിബിഐക്ക് വിടുകയോ വേണമെന്ന് നടൻ; നടിയെ ആക്രമിച്ച കേസിൽ ക്രൈംബ്രാഞ്ച് എഡിജിപിയുടെ റിപ്പോർട്ടിനു കോടതി വിമർശനം
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്തിയെന്ന കേസിലെ എഫ്ഐആർ റദ്ദാക്കണമെന്ന നടൻ ദിലീപിന്റെ ഹർജിയിൽ ഹൈക്കോടതി നാളെ വിധി പറയും. നാളെ ഉച്ചയ്ക്ക് 1:45 നാണ് വിധി പറയുക. സിംഗിൾ ബെഞ്ചാണ് വിധി പറയുക.
കേസ് റദ്ദാക്കുകയോ അല്ലെങ്കിൽ അന്വേഷണം സിബിഐക്ക് വിടണമെന്നും ആണ് ദിലീപിന്റെ ആവശ്യം. ഡിവൈഎസ്‌പി ബൈജു പൗലോസ്, നടിയെ ആക്രമിച്ച കേസിൽ നിർണായക വെളിപ്പെടുത്തൽ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാർ എന്നിവർ തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്നാണ് ദിലീപ് കോടതിയിൽ ഉയർത്തിയ വാദം.
തനിക്കെതിരായ ആരോപണങ്ങൾ തെളിയിക്കാനാനുള്ള തെളിവുകളില്ല. കേസ് ക്രൈംബ്രാഞ്ച് കെട്ടിച്ചമച്ചതാണെന്നും എഫ്ഐആർ നിലനിൽക്കില്ലെന്നും ദിലീപ് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനൊപ്പമാണ് എഫ്ഐആർ റദ്ദാക്കിയില്ലെങ്കിൽ അന്വേഷണം സിബിഐക്ക് വിടണമെന്നും ദിലീപ് ആവശ്യപ്പെട്ടത്.
എഴ് പേരാണ് നിലവിൽ വധ ഗൂഢാലോചന കേസിൽ പ്രതികളായിട്ടുള്ളത്. ദിലീപിനെ ഒന്നാം പ്രതിയാക്കിയാണ് എഫ്ഐആർ. തുടക്കത്തിൽ ആറ് പേരെ പ്രതികളാക്കിയായിരുന്നു കേസ് രജിസ്റ്റർ ചെയ്തത്. പിന്നീട് ദിലീപിന്റെ ഫോണുകളിൽ നിന്ന നിർണായക വിവരങ്ങൾ നീക്കം ചെയ്തു എന്ന് വെളിപ്പെടുത്തിയ ഐടി വിദഗ്ധൻ സായ് ശങ്കറിനെയും കേസിൽ പ്രതിചേർക്കുകയായിരുന്നു. ദിലീപിന്റെ സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സുരാജ്, വിഐപി എന്ന് വിശേഷിപ്പിക്കപ്പെട്ട വ്യവസായി ശരത്ത് എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ.
അതേസമയം നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണ പുരോഗതി ക്രൈംബ്രാഞ്ച് വിചാരണക്കോടതിയെ അറിയിച്ചു. കേസ് 21 ന് പരിഗണിക്കാൻ മാറ്റി.ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ അപേക്ഷയും കോടതി 21 പരിഗണിക്കാൻ മാറ്റിയിട്ടുണ്ട്.ഇതിനിടെ തുടരന്വേഷണവുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് അപേക്ഷ ചോർന്ന സംഭവത്തിൽ ക്രൈംബ്രാഞ്ച് എ ഡി ജി പി കോടതിക്ക് റിപ്പോർട്ട് സമർപ്പിച്ചു.
ക്രൈംബ്രാഞ്ചിന് കോടതി വിമർശനം
നടിയെ ആക്രമിച്ച കേസിലെ രഹസ്യ വിവരങ്ങൾ പുറത്തായ സംഭവത്തിൽ ക്രൈംബ്രാഞ്ച് എഡിജിപിയുടെ റിപ്പോർട്ടിനു കോടതിയുടെ വിമർശനം. ഡിവൈഎസ്‌പി ബൈജു പൗലോസ് സമർപ്പിച്ച റിപ്പോർട്ടിന്റെ കോപ്പി പേസ്റ്റാണ് എഡിജിപിയുടേതായി സമർപ്പിക്കപ്പെട്ടിരിക്കുന്നത് എന്നു കോടതി വിമർശിച്ചു.
ഡിവൈഎസ്‌പിയുടെ വിശദീകരണം തൃപ്തികരമല്ലാതെ വന്നതോടെ എഡിജിപിയോട് ഇന്നു വിശദമായ റിപ്പോർട്ടു സമർപ്പിക്കാൻ കോടതി നിർദ്ദേശിക്കുകയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരുടെ കൈയിൽനിന്നു രേഖകൾ ചോർന്നിട്ടില്ല എന്നായിരുന്നു ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി ഇന്നു നൽകിയ റിപ്പോർട്ടിലും വ്യക്തമാക്കിയിരിക്കുന്നത്.
കേസിന്റെ തുടരന്വേഷണ വിവരങ്ങൾ മാധ്യമങ്ങൾക്കു ചോർത്തി നൽകിയെന്ന പരാതിയിൽ കഴിഞ്ഞ ദിവസം കേസ് പരിഗണിക്കുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥൻ നേരിട്ടു ഹാജരാകാൻ വിചാരണ കോടതി ആവശ്യപ്പെട്ടിരുന്നു. തുടരന്വേഷണ റിപ്പോർട്ട് രഹസ്യമായി സൂക്ഷിക്കണമെന്ന ഉത്തരവ് അന്വേഷണ ഉദ്യോഗസ്ഥൻ ലംഘിച്ചെന്നായിരുന്നു പ്രതിഭാഗത്തിന്റെ പരാതി. കോടതി ജീവനക്കാരെ ചോദ്യംചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷ മാധ്യമങ്ങൾക്ക് കൈമാറിയെന്ന ആരോപണത്തെ തുടർന്നായിരുന്നു ഇത്.
മറുനാടന് മലയാളി ബ്യൂറോ