തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ പ്രതിയായ ദിലീപും സംഘവും ജഡ്ജിയെ സ്വാധീനിക്കാൻ ശ്രമിച്ചതായി ആരോപണം. ജഡ്ജിയെ സ്വാധീനിക്കാൻ വഴിയൊരുക്കുന്നതിന്റെ ശബ്ദരേഖ റിപ്പോർട്ടർ ടിവിയാണ് പുറത്തുവിട്ടത്.

ജഡ്ജിയുമായി ആത്മബന്ധം സ്ഥാപിക്കാനായി എന്നാണ് ശബ്ദരേഖയിൽ പറയുന്നതെന്ന് റിപ്പോർട്ടർ ടിവി റിപ്പോർട്ട് ചെയ്യുന്നു. പാവറട്ടി കസ്റ്റഡി കൊലയേക്കുറിച്ചും കേസിൽ ആരോപണവിധേയനായ എക്സൈസ് ഉദ്യോഗസ്ഥൻ ജിജു ജോസിനേക്കുറിച്ചും ദിലീപിന്റെ സഹോദരൻ അനൂപിന്റേതെന്ന് കരുതപ്പെടുന്ന ശബ്ദമാണ് ഓഡിയോ ക്ലിപ്പിലുള്ളത്.

നടിയെ ആക്രമിച്ച കേസിൽ സാക്ഷിയാണ് അനൂപ്. ദിലീപ് ഫോണുകൾ ഫോറൻസിക് പരിശോധനയ്ക്ക് നൽകിയ മുംബൈ ലാബിൽ നിന്നുള്ള കൂടുതൽ തെളിവുകളാണ് ചാനൽ പുറത്തുവിട്ടത്. ദിലീപിന്റെ കേസ് കൈമാറിയിരിക്കുന്ന കോടതിയിലെ ജഡ്ജി, എക്സൈസ് ഉദ്യോഗസ്ഥനായ ജിജുവിന്റെ (ജിജു ജോസ്) ഭാര്യയാണെന്ന് പറയുന്നത് ശബ്ദരേഖയിൽ കേൾക്കാം. ലോക്കപ്പ് മർദ്ദന മരണത്തിൽ ഏറ്റവും കൂടുതൽ ആരോപണം വന്നിരിക്കുന്നത് ജിജുവിനെതിരെയാണെന്ന് ശബ്ദരേഖയിൽ പറയുന്നു. ദിലീപിന്റെ അഭിഭാഷകനായ 'സന്തോഷിനെ 'അവർ' ബന്ധപ്പെട്ടു, നമ്മുടെ ഭാഗത്ത് ആശയക്കുഴപ്പം ഉണ്ടാകരുത്, 'അവരുടെ' ജീവിതത്തേയും ഭാവിയേയും ബാധിക്കുന്ന കാര്യമാണ് എന്ന് പറഞ്ഞു', എന്നിങ്ങനെയെല്ലാം ഓഡിയോ ക്ലിപ്പിൽ കേൾക്കാം. ജഡ്ജിയുമായി ആത്മബന്ധം ഒന്നു കൂടി നിലനിർത്താൻ കഴിഞ്ഞെന്ന് പറഞ്ഞുകൊണ്ടാണ് സംഭാഷണശകലം അവസാനിക്കുന്നത്.

ശബ്ദരേഖയിൽ പറയുന്നതായി ചാനൽ പുറത്തുവിട്ടത്:

ചേട്ടാ നമസ്‌കാരം..

തേടിയ വള്ളി കാലിൽ ചുറ്റി എന്ന് പറഞ്ഞ പോലെയാണ്, ഇപ്പോഴത്തെ നമ്മുടെ ചേട്ടന്റെ ഈ കേസ് കൈ മാറിയിട്ടുള്ള കോടതിയിലെ ജഡ്ജി ഉണ്ടല്ലോ. മൂപ്പരുടെ ഹസ്ബന്റിന് എതിരെയാണ് ഏറ്റവും കൂടുതൽ ആരോപണം വന്നത്. ഒരു മറ്റേ ലോക്കപ്പ് മർദ്ദന മരണം എക്സൈസിന്റെ..ജിജു എന്ന് പറഞ്ഞിട്ട് മൂപ്പരുടെ ഹസ്ബന്റാണ് സിഐ.

അപ്പോ അതുമായി ബന്ധപ്പെട്ട് നമ്മുടെ സന്തോഷ് വക്കീലിനെ അവർ കോൺടാക്ട് ചെയ്തിരുന്നു. നമ്മുടെ ഭാഗത്ത് നിന്നും കൺഫ്യൂഷൻ ഉണ്ടാകരുത്. അവരുടെ ലൈഫിനെയും ഭാവിയേയും ബാധിക്കുന്ന കാര്യം ആണെന്ന് പറഞ്ഞിട്ട്. അത് നമുക്ക് വളരെ പോസിറ്റീവ് ആയിട്ട്, ടെൻഷൻ ഉണ്ടാവില്ല. ആത്മബന്ധം ഒന്നുകൂടി കീപ്പ് ചെയ്യാൻ സാധിച്ചിട്ടുണ്ട് എന്നർത്ഥം.

അതേസമയം, നടിയെ ആക്രമിച്ച കേസിൽ ജീവനക്കാരെ ചോദ്യം ചെയ്യാൻ എന്ത് അധികാരമെന്ന് പ്രോസിക്യൂഷനോട് കോടതി ഇന്ന് ചോദിച്ചു. രഹസ്യ രേഖകൾ ചോർന്നിട്ടില്ലെന്ന് വിചാരണ കോടതി വ്യക്തമാക്കി. അന്വേഷണ വിവരം ചോരുന്നതിൽ പ്രോസിക്യൂഷന് മറുപടിയുണ്ടായില്ല.
കോടതിയിലെ എ ഡയറി രഹസ്യ രേഖയല്ല. ഏത് രഹസ്യ രേഖയാണ് ചോർന്നതെന്ന് വ്യക്തമാക്കണമെന്നും പ്രോസിക്യൂഷനോട് കോടതി ആവശ്യപ്പെട്ടു.

ദിലീപിന്റെ ഫോണിൽ കോടതി രേഖകൾ കണ്ടെത്തിയതെങ്ങനെയെന്ന് പ്രോസിക്യൂഷൻ ചോദിച്ചു. എന്നാൽ ദിലീപിന്റെ ഫോണിൽ കോടതി രേഖകൾ കണ്ടെത്തിയതെങ്ങനെയെന്ന് അന്വേഷിക്കാൻ പൊലീസിന് അധികാരമില്ല. എന്ത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷിക്കുന്നതെന്ന് വിചാരണ കോടതി ചോദിച്ചു. ഇത് കോടതിയുടെ അധികാര പരിധിയിലുള്ള കാര്യമാണ്. ഇതിൽ ഇടപെടാൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ദിലീപ് പല സാക്ഷികളെയും സ്വാധീനിച്ചതായി തുടരന്വേഷണത്തിൽ വ്യക്തമായതാണെന്ന് പ്രോസിക്യൂഷൻ അറിയിച്ചു. അതിൽ കോടതി ജീവനക്കാരുണ്ടോയെന്ന് അന്വേഷിക്കണ്ടേയെന്നും പ്രോസിക്യൂഷൻ ചോദിച്ചു.