കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപ് ഫോണിലെ ചാറ്റുകളടക്കമുള്ള തെളിവുകൾ നശിപ്പിച്ചെന്ന് പ്രോസിക്യൂഷൻ. നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി പരിഗണിക്കുന്നതിനിടെയാണ് പ്രോസിക്യൂഷൻ ഇക്കാര്യം കോടതിയെ അറിയിച്ചത്. അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയതിന്റെ ചാറ്റുകൾ നശിപ്പിച്ചതിന് തെളിവുകളുണ്ടെന്നും ഇതിന്റെ ശാസ്ത്രീയ പരിശോധന റിപ്പോർട്ടുകളുണ്ടെന്നും പ്രോസിക്യൂഷൻ പറഞ്ഞു.

വാദങ്ങളുടെ സംക്ഷിപ്ത രൂപം പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചു. സംവിധായകൻ ബാല ചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് ശേഷം കേസിലെ എട്ടാം പ്രതിയായ ദിലീപ് ഫോണിലെ തെളിവുകൾ നശിപ്പിച്ചതായി പ്രോസിക്യൂഷൻ വാദിച്ചു. അഭിഭാഷകൻ മുംബൈയിൽ പോയതിന് തെളിവുണ്ട്. അതിന്റെ വിമാന ടിക്കറ്റും വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചു. ദിലീപിന്റെ ഫോൺ് മറ്റൊരാളുടെ ഐമാക്കുമായി ബന്ധിപ്പിച്ചതിന് തെളിവുണ്ട്. ഇതെല്ലാം തെളിവുകൾ നശിപ്പിക്കുന്നതിന് വേണ്ടിയായിരുന്നു. കോടതിയിൽ ഹാജരാക്കുന്നതിന് മുൻപ് ഫോണിലെ വാട്‌സ് ആപ്പ് ചാറ്റുകൾ നശിപ്പിച്ചെന്നും പ്രോസിക്യൂഷൻ അവകാശപ്പെട്ടു.

തെളിവ് നശിപ്പിച്ച ജനുവരി 29,30 തിയ്യതികൾ സുപ്രധാനമാണെന്നും പ്രോസിക്യൂഷൻ ചൂണ്ടികാട്ടി. എന്നാൽ ഇത് എങ്ങനെ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെടുത്തുമെന്ന് കോടതി ചോദിച്ചു. ബന്ധമുണ്ടെന്ന് തെളിയിച്ചാൽ മാത്രമേ തെളിവ് നശിപ്പിച്ചെന്ന കുറ്റം നിലനിൽക്കൂവെന്നും കോടതി വ്യക്തമാക്കി. അതേസമയം, ഇതിന് നടിയെ ആക്രമിച്ച കേസുമായി എന്ത് ബന്ധമാണുള്ളതെന്നായിരുന്നു കോടതിയുടെ ചോദ്യം. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട തെളിവുകളാണോ ദിലീപ് നശിപ്പിച്ചതെന്നും കോടതി ചോദിച്ചു. ദിലീപ് ഫോണിലെ വിവരങ്ങൾ നശിപ്പിച്ചെന്നും ഹൈക്കോടതിയിൽ ഫോണുകൾ ഹാജരാക്കുന്നതിന് മുമ്പ് വിവരങ്ങൾ നശിപ്പിച്ചതിന് തെളിവുകളുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചിരുന്നു. ഫോണിലെ വിവരങ്ങൾ ഇല്ലാതാക്കാൻ ദിലീപിന്റെ അഭിഭാഷകർ മുംബൈയിൽ പോയതിന് തെളിവുകളുണ്ടെന്നും പ്രോസിക്യൂഷൻ പറഞ്ഞു. ഹർജിയിൽ വാദം തുടരുകയാണ്.

ഫോൺ ഹൈക്കോടതിയിൽ സമർപ്പിക്കുന്നതിന് തൊട്ടുമുമ്പ് ദിലീപ് 12 നമ്പറിലേക്കുള്ള വാട്സാപ്പ് ചാറ്റുകൾ ഡിലീറ്റ് ചെയ്തതെന്നും പ്രോസിക്യൂഷൻ വാദിച്ചു. ആ നമ്പറുകൾ ആരുടെയൊക്കെയാണെന്ന് വ്യക്തമാക്കണമെന്ന് കോടതി മറുചോദ്യം ഉന്നയിച്ചു.വധ ഗൂഢാലോചനാകേസിൽ കേവലം എഫ്ഐആർ മാത്രമാണ് ഉള്ളതെന്ന് കോടതി. അഭിഭാഷകരുടെ വോയിസ് ക്ലിപ്പുകൾ അല്ലാതെ എന്തെങ്കിലും ഉണ്ടോയെന്നും കോടതി ചോദിച്ചു. ഏത് ഫോണിൽ നിന്ന് ഏത് വോയ്‌സ് ക്ലിപ്പ് നശിപിച്ചു എന്ന് പോലും പറയാൻ പ്രോസിക്യൂഷന് സാധിക്കുന്നില്ലെന്ന് കോടതി പറഞ്ഞു.

നടിയെ ആക്രമിച്ചകേസിൽ പ്രതിയായ ദിലീപ് ജാമ്യത്തിൽ ഇരിക്കെയാണ് വധ ഗൂഢാലോചനാകേസിലും പ്രതിയായത്. വധ ഗൂഢാലോചനക്കേസിൽ ദിലീപ്, പ്രതിയായി എന്നത് ജാമ്യവ്യവസ്ഥ ലംഘിച്ചതിന് ഏറ്റവും വലിയ തെളിവാണിതെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ഒരു കേസിലെ പ്രതി വിചാരണാ വേളയിൽ മറ്റൊരുകേസിൽ പ്രതിയായാൽ അത് തന്നെ ജാമ്യവ്യവസ്ഥകൾ ലംഘിക്കുന്നതിന് കാരണമാണെന്ന് കോടതി പറഞ്ഞു.

കോടതി തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നത് ശരിയല്ലെന്ന് പബ്ലിക് പ്രോസിക്യൂട്ടർ പറഞ്ഞു. എന്നാൽ കൃത്യമായ കാര്യങ്ങൾ ആണ് കോടതിയിൽ പറയുന്നത്. ഫോറെൻസിക്ക് റിപ്പോർട്ടിന്റെ വിശദമായ വിവരങ്ങൾ സോഫ്റ്റ് കോപ്പിയിൽ ഉണ്ടെന്ന് പ്രോസിക്യൂഷൻ. എന്നാൽ അത് കാണിക്കാൻ കോടതി പറഞ്ഞു.മറ്റൊരു ദിവസം ഹാജരാക്കാം എന്ന് പ്രോസക്യൂഷൻ. കാര്യങ്ങൾ പറയുമ്പോൾ പ്രോസിക്യൂഷനെ കുറ്റപ്പെടുത്തൽ ആയി വ്യാഖ്യനിക്കരുത്. എന്ത് ചോദിച്ചാലും അത് നാളെ സമർപ്പിക്കും ചെയ്യും എന്ന് പറയുന്നു. പ്രോസിക്യൂട്ടർ സഹായിച്ച പൊലീസ് ഉദ്യോഗസ്ഥയോട് കയർത്തു സംസാരിച്ചുവെന്നും കോടതി.

പലകാര്യങ്ങളും കോടതിയിൽ ഹാജരാക്കാൻ ആവശ്യപ്പെടുമ്പോൾ ഇതു സഹായിച്ചപ്പോൾ ആയിരുന്നു കോടതി വാക്കാൽ വിമർശനമുന്നയിച്ചത്.കേസിൽ തുടർവാദം കേൾക്കുന്നത് മെയ്‌ 26 ലേക്ക് വീണ്ടും മാറ്റി. എല്ലാ തെളിവുകളും ഹാജരാക്കണമെന്ന് കോടതി എല്ലാ തെളിവുകളും ഹാജരാക്കിയ ശേഷം മാത്രമേ വാദം അനുവദിക്കുകയുള്ളൂ എന്നും കോടതി പ്രോസിക്യൂഷനെ അറിയിച്ചു.