ആലുവ: നടിയെ ആക്രമിച്ച കേസിൽ ഇന്നും സർക്കാറിന് തിരിച്ചടി. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ കോടതിയിൽ നിന്നും ചോർന്നെന്ന കാര്യത്തിൽ കൂടുതൽ പരിശോധന ഇല്ലെന്ന് വിചാരണാ കോടതി വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് ദൃശ്യങ്ങൾ ചോർന്നത് പരിശോധിക്കണമെന്ന പ്രോസിക്യൂഷൻ വാദം വിചാരണ കോടതി തള്ളി. അന്വേഷണ ഉദ്യോഗസ്ഥന്റെ ഇക്കാര്യത്തിലെ വിശദീകരണം തൃപ്തികരമല്ലെന്ന് പറഞ്ഞാണ് വിചാരണ കോടതി ജഡ്ജി ആവശ്യം തള്ളിയത്. മെയ് 9 ലെ ഉത്തരവിലൂടെയാണ് ആവശ്യം കോടതി തള്ളിയത്. കോടതി ഉത്തരവ് അറിഞ്ഞില്ലെന്ന് പ്രോസിക്യൂഷൻ പ്രതികരിച്ചു. ഉത്തരവ് കൈപ്പറ്റാത്തത് എന്തുകൊണ്ടെന്ന് കോടതി ചോദിച്ചു.

അന്വേഷണ ഉദ്യോഗസ്ഥന് ഉത്തരവ് അയച്ചിരുന്നുവെന്നും വിചാരണ കോടതി വ്യക്തമാക്കി. മുൻപ് ഫോറൻസിക് പരിശോധന നടത്തിയിട്ടുണ്ടെന്ന് പറഞ്ഞ കോടതി അതിൽ കൂടുതലായി പരിശോധിക്കേണ്ടതിന്റെ ആവശ്യമെന്തെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കിയില്ലെന്നും പറഞ്ഞു.അതേസമയം കേസിൽ കുറ്റാരോപിതനായ നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ മെയ് 31 ന് വാദം തുടരും.

അതിനിടെ നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി നിലപാടുകളിൽ സംശയം ഉന്നയിച്ച് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ രംഗത്തുവന്നു. ജുഡീഷ്യറിയിലെ പുഴുക്കുത്തുകളെ ഇല്ലാതാക്കണം. നടി സീൽഡ് കവറിൽ കൊടുത്ത കാര്യങ്ങൾ കോടതിയിൽ നിന്നും പുറത്ത് പോയി. ജുഡീഷ്യറിയിൽ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് നടന്നത്. ജുഡീഷ്യറിയിൽ നിന്ന് നീതി കിട്ടിയില്ലെന്ന് നടി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. തങ്ങളുടെ കൂട്ടത്തിൽ പുഴുക്കുത്തുകൾ ഉണ്ടെന്ന് ജുഡീഷ്യറി തന്നെ പറഞ്ഞിട്ടുണ്ടെന്നും ഇവ ഇല്ലായ്മ ചെയ്യണമെന്നും എംവി ജയരാജൻ പറഞ്ഞു.

അതേസമയം അതിജീവിതയെ വേട്ടയാടാനാണ് പ്രതിപക്ഷ നേതാവ് വിഡി സതീശനും കൂട്ടരും ശ്രമിക്കുന്നതെന്ന് ഇടത് മുന്നണി കൺവീനർ ഇപി ജയരാജൻ. എറണാകുളത്ത് തൃക്കാക്കര തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിജീവിതക്കെതിരെ ഇടത് നേതാക്കൾ ഒന്നും പറഞ്ഞിട്ടില്ലെന്നും യുഡിഎഫ് സ്ത്രീകളെ വേട്ടയാടുകയാണെന്നും പറഞ്ഞ ഇപി, യുഡിഎഫിന്റെ അധപതനമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും പറഞ്ഞു.

നേരത്തെ അതിജീവിത ഇന്ന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച്ച നടത്തിയിരുന്നു. അതിജീവിതയ്ക്ക് നീതി ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിച്ചു. ഇത്തരം കേസുകളിൽ എതിർപക്ഷത്ത് എത്ര ഉന്നതനായാലും നടപടിയുണ്ടാകും. എന്നും അതിജീവിതക്കൊപ്പമാണ് സർക്കാർ നിലകൊണ്ടത്. ആ നില തന്നെ തുടർന്നും ഉണ്ടാകുമെന്നും മുഖ്യമന്ത്രി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

ചില ആശങ്കകൾ നടി അറിയിച്ചു. കോടതിയെ സമീപിച്ചത് സർക്കാർ നടപടികളിലുള്ള വീഴ്ചയുടെ പേരിലല്ലെന്നും അതിജീവിത പറഞ്ഞതായി മുഖ്യമന്ത്രി വ്യക്തമാക്കി. കോടതിയിൽ നടന്നിട്ടുള്ള ചില കാര്യങ്ങളിൽ കോടതിയുടെ അനുകൂല ഉത്തരവ് പ്രതീക്ഷിച്ചും അന്വേഷണത്തിൽ കൂടുതൽ സമയം ലഭിക്കാനും വേണ്ടിയാണ് ഇത് ചെയ്തത്. മുഖ്യമന്ത്രി വ്യക്തമാക്കി.

ആക്രമണത്തിനിരയായ നടി സെക്രട്ടേറിയറ്റിലെത്തിയാണ് മുഖ്യമന്ത്രിയെ കണ്ടത്. രാവിലെ 10 മണിക്കായിരുന്നു കൂടിക്കാഴ്ച. ഭാഗ്യലക്ഷ്മിക്കൊപ്പമാണ് നടി സെക്രട്ടേറിയറ്റിലെത്തിയത്. കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ഒരു ആശങ്കയും വേണ്ടെന്ന് നടിക്ക് മുഖ്യമന്ത്രി ഉറപ്പ് നൽകി. കേസിൽ സർക്കാർ നടിക്കൊപ്പം തന്നെയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ സംതൃപ്തിയുണ്ടെന്ന്, സന്ദർശനത്തിന് ശേഷം അതിജീവിത വ്യക്തമാക്കിയിരുന്നു. നിഷ്പക്ഷമായ അന്വേഷണം ഉറപ്പാക്കാൻ സർക്കാരിന്റെ ഭാഗത്തു നിന്നും എല്ലാവിധ സപ്പോർട്ടും ഉണ്ടാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. അതിൽ സന്തോഷമുണ്ട്. കേസിൽ തന്നോടൊപ്പമായിരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയെന്നും നടി പറഞ്ഞു.

അതേസമയം, കൂടിക്കാഴ്ചയ്ക്ക് പിന്നാലെ നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണത്തിൽ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടു. ഡിജിപിയെയും എഡിജിപിയെയും മുഖ്യമന്ത്രി ഓഫീസിലേക്ക് വിളിച്ചു വരുത്തി. കേസുമായി ബന്ധപ്പെട്ട സ്ഥിതിഗതികൾ വിലയിരുത്തി. അന്വേഷണം സുതാര്യമായി മുന്നോട്ടുകൊണ്ടുപോകണം. വേഗത്തിൽ അന്വേഷണം പൂർത്തിയാക്കാനും മുഖ്യമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.