- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൾസർ സുനിയും ദിലീപും ഒന്നിച്ചുള്ള ചിത്രം ഒറിജിനൽ; സെൽഫിയെടുത്തത് പുഴയ്ക്കൽ ടെന്നീസ് ക്ലബ്ബിൽ ഷൂട്ടിങ്ങിനായി എത്തിയപ്പോൾ; ചിത്രത്തിൽ കൃത്രിമം കാട്ടിയിട്ടില്ല; ഇതുമായി ബന്ധപ്പെട്ട് താൻ കോടതിയിൽ മൊഴിയും നൽകി; ദിലീപ്-പൾസർ സുനി ചിത്രം ഫോട്ടോഷോപ്പെന്ന മുൻ ഡിജിപി ആർ.ശ്രീലേഖയുടെ വാദം തള്ളി ഫോട്ടോഗ്രാഫർ ബിദിൽ
തൃശൂർ: 'പൾസർ സുനിക്കൊപ്പം ദിലീപ് നിൽക്കുന്ന ചിത്രം വ്യാജമാണ്. ഇരുവരും ഒരുമിച്ചുള്ള ചിത്രം ഫോട്ടോ ഷോപ്പ് ചെയ്തതാണ്. അക്കാര്യം പൊലീസുകാർ തന്നെ സമ്മതിച്ചതാണ്. തെളിവിന് വേണ്ടിയുണ്ടാക്കിയതാണെന്നാണ് പറഞ്ഞത്''- മുൻ ഡിജിപി ആർ.ശ്രീലേഖയുടെ തുറന്നുപറച്ചിൽ ഇങ്ങനെയാണ്. എന്നാൽ, പൾസർ സുനിയും ദിലീപുമൊപ്പമുള്ള ചിത്രത്തിൽ കൃത്രിമം കാട്ടിയിട്ടില്ലെന്ന് ചിത്രമെടുത്ത ഫോട്ടോഗ്രാഫർ പറയുന്നു. തൃശൂർ സ്വദേശിയായ ബിദിലാണ് ദിലീപിനൊപ്പമുള്ള ചിത്രം പകർത്തിയത്. ഇക്കാര്യത്തിൽ ശ്രീലേഖയുടെ വാദത്തിന് അടിസ്ഥാനമില്ലെന്നുംം ബിദിൽ പറഞ്ഞു.
ഈ കേസിലെ സാക്ഷി കൂടിയായിരുന്നു ബിദിൽ. പുഴയ്ക്കൽ ടെന്നീസ് ക്ലബ്ബിൽ ഷൂട്ടിങ്ങിനായി എത്തിയപ്പോഴാണ് സെൽഫിയെടുത്തത്. അന്ന് ദിലീപിനെ കണ്ട കൗതുകത്തിൽ ഫോണിൽ എടുത്ത സെൽഫിയാണത്. എടുത്ത ഉടൻ തന്നെ ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു. യാതൊരു വിധത്തിലുള്ള എഡിറ്റിങ്ങും ഫോട്ടോയിൽ ചെയ്തിട്ടില്ല. പിന്നീട് വാർത്തയിൽ കണ്ട ശേഷമാണ് ആ ചിത്രത്തിൽ ദിലീപിനൊപ്പമുള്ളത് പൾസർ സുനിയാണെന്ന് അറിഞ്ഞതെന്നും ബിദിൽ പറഞ്ഞു.
ടെന്നീസ് ക്ലബിൽ ബാർമാനായി ജോലി ചെയ്തിരുന്ന സമയത്താണ് സംഭവം. പിന്നിട് അന്വേഷണത്തിനെത്തിയപ്പോൾ ഫോണിൽ അന്നെടുത്ത ചിത്രങ്ങൾ ഉണ്ടോയെന്ന് പൊലീസ് അന്വേഷിച്ചിരുന്നു. അങ്ങനെ ഫോൺ പരിശോധിച്ചപ്പോഴാണ് സിഐ ആ സെൽഫി കണ്ടത്. ഇതുസംബന്ധിച്ച് കോടതിയിൽ മൊഴി നൽകിയിട്ടുണ്ടെന്നും ഫോൺ കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെന്നും ബിദിൽ പറഞ്ഞു. കേസിൽ ഇതുവരെ തന്നെ ആരും സ്വാധീനിക്കാൻ ശ്രമിച്ചിട്ടില്ലെന്നും ബിദിൽ വ്യക്തമാക്കി
'ദിലീപിനെതിരെ പൊലീസ് വ്യാജ തെളിവുകളുണ്ടാക്കിയെന്നാണ് ശ്രീലേഖ ഐപിഎസിന്റെ ആരോപണം. 'ജയിലിൽ നിന്നും കേസിലെ മുഖ്യപ്രതി പൾസർ സുനി ദിലീപിന് അയച്ചുവെന്ന് പറയുന്ന കത്ത് എഴുതിയത് സുനി അല്ല. സഹ തടവുകാരൻ വിപിനാണ് കത്തെഴുതിയത്. ഇയാൾ ജയിലിൽ നിന്നും കടത്തിയ കടലാസ് ഉപയോഗിച്ചാണ് കത്തെഴുതിയത്. പൊലീസുകാർ പറഞ്ഞിട്ടാണ് കത്തെഴുതിയതെന്ന് വിപിൻ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്''- ശ്രീലേഖ ഐപിഎസ് പറയുന്നു.
'സാക്ഷികൾ കുറുമാറാൻ കാരണം പൊലീസ് അന്വേഷണം ശരിയായി നടത്താത്തതിനാലാണ്. പൾസർ സുനിൽ മുമ്പും നടിമാരെ ആക്രമിച്ച കാര്യം തനിക്കറിയാമെന്നും പലരും പണം കൊടുത്ത് രക്ഷപ്പെടുകയായിരുന്നു'' എന്നും ശ്രീലേഖ പറയുന്നു. ജയിലിൽ സുനിക്ക് ഉപയോഗിക്കാനുള്ള ഫോൺ എത്തിച്ചത് പൊലീസുകാരാണെന്നും ശ്രീലേഖ വെളിപ്പെടുത്തുന്നു. ദിലീപും സുനിയും കണ്ടതിന് തെളിവുകളില്ല. ഒരേ ടവർ ലൊക്കേഷൻ എന്നതും തെളിവായി കാണാൻ ആകില്ല. ദിലീപിനെ തുടക്കം മുതൽ സംശയിച്ചത് മാധ്യമങ്ങളാണെന്നും പൊലീസിന് മേൽ മാധ്യമങ്ങളുടെ വലിയ സമ്മർദം ഉണ്ടായിരുന്നുവെന്നും ശ്രീലേഖ കുറ്റപ്പെടുത്തുന്നു.
'ഒരാളെ പ്രതി ചേർക്കുന്നതിലെ തർക്കത്തിൽ വിചാരണ അനന്തമായി നീളുന്നു. ഹാഷ് വാല്യൂ മാറി എന്നൊക്കെ പറയുന്നത് സാങ്കേതികം മാത്രമാണ്. താൻ പറയുന്നത് വിശ്വസിക്കേണ്ടവർ വിശ്വസിച്ചാൽ മതി. ദിലീപിനെ ശിക്ഷിക്കാൻ ഒരു തെളിവും ഇല്ലാതിരിക്കെ ആണ് ഗൂഢാലോചന എന്ന പേരിൽ പുതിയ കേസ് ഉയർന്നു വന്നത്''- ശ്രീലേഖ പറയുന്നു. 'ദിലീപിന്റെ അറസ്റ്റിൽ തെറ്റ് പറ്റി എന്ന് പൊലീസ് പറഞ്ഞാൽ വിശ്വാസ്യത കൂടുക അല്ലെ ചെയ്യുക. അന്ന് മാധ്യമ സമ്മർദത്തിൽ അറസ്റ്റ് ഉണ്ടായി, ഇന്നിപ്പോൾ തെളിവ് ഇല്ല എന്ന് പറഞ്ഞാൽ വിശ്വാസ്യത കൂടുകയല്ലേ ചെയ്യുക''- എന്നു പറഞ്ഞാണ് വീഡിയോ അവസാനിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ