- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോടതിയിൽ വരാതെ പുറത്തുകറങ്ങി നടക്കുന്നു; കോടതിയിലെ രഹസ്യരേഖകൾ കീഴുദ്യോഗസ്ഥരെ ഉപയോഗിച്ചു ചോർത്തുന്നു; നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥനായ ബിജു പൗലോസിന് പ്രത്യേക താൽപര്യങ്ങളെന്ന് വിചാരണ കോടതിയുടെ വിമർശനം; ക്രൈംബ്രാഞ്ച് ഹർജിയിൽ ദിലീപിന് ഹൈക്കോടതി നോട്ടീസ്
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥനെതിരെ വിചാരണക്കോടതിയുടെ വിമർശനം. കോടതി നടപടിക്രമങ്ങളിൽ പങ്കെടുക്കാതെ പുറത്തു കറങ്ങി നടക്കുകയാണ്. കോടതിയിലെ രഹസ്യരേഖകൾ കീഴുദ്യോഗസ്ഥരെ ഉപയോഗിച്ചു ചോർത്തുന്നു, തുടങ്ങിയ കാര്യങ്ങളാണ് കോടതി പറഞ്ഞത്. നടപടികൾ പാലിക്കണമെന്ന് കോടതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കേസിൽ കോടതി മാറ്റത്തിനെതിരെ നടിയും പ്രോസിക്യൂഷനും നൽകിയ ഹർജി പരിഗണിക്കുമ്പോഴായിരുന്നു വിമർശനം.
രാവിലെ ഹർജി പരിഗണിച്ചപ്പോൾ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ് കോടതിയിൽ ഹാജരുണ്ടായിരുന്നില്ല. ഇതു ചൂണ്ടിക്കാട്ടിയ കോടതി അന്വേഷണ ഉദ്യോഗസ്ഥൻ എവിടെയെന്ന് ആരാഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥൻ കോടതിനടപടികളിൽ പങ്കെടുത്താത്തത് എന്തുകൊണ്ടെന്ന് ചോദിച്ച കോടതി ഹർജി ഉച്ചയ്ക്കു പരിഗണിക്കാനായി മാറ്റുകയായിരുന്നു. അതേസമയം, ജഡ്ജി മാറണമെന്ന് പ്രോസിക്യൂഷനും അതിജീവിതയും ആവർത്തിച്ചു. എന്നാൽ പ്രതിഭാഗം ഇതിനെ എതിർത്തു. ഒന്നാം പ്രതി പൾസർ സുനിയുടെ ആരോഗ്യാവസ്ഥ സംബന്ധിച്ച് വെള്ളിയാഴ്ച റിപ്പോർട്ട് നൽകാൻ ജയിൽ അധികൃതരോട് കോടതി നിർദേശിച്ചു. കേസ് ഈ മാസം 19ന് വീണ്ടും പരിഗണിക്കും.
അതേസമയം, നടിയെ ആക്രമിച്ച കേസിൽ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നൽകിയ ഹർജിയിൽ പ്രതി ദിലീപീന് ഹൈക്കോടതി നോട്ടീസ് അയച്ചു. ദിലീപ് ജാമ്യവ്യവസ്ഥകൾ ലംഘിച്ചുവെന്നാരോപിച്ചാണ് ക്രൈംബ്രാഞ്ചിന്റെ ഹർജി. ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ്രൈകംബ്രാഞ്ച് നൽകിയ ഹർജി വിചാരണ കോടതി തള്ളിയിരുന്നു. ഇതു ചോദ്യം ചെയ്താണ് ഹൈക്കോടതിയിൽ അപ്പീൽ നൽകിയിരിക്കുന്നത്.
ദിലീപ് തെളിവുകൾ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ശ്രമിച്ചതിനു തെളിവുകളുണ്ടായിട്ടും വിചാരണക്കോടതി ഇക്കാര്യം പരിഗണിച്ചില്ലെന്നാണ് അപ്പീലിലെ വാദം. വസ്തുതകൾ പരിശോധിക്കാതെയാണ് വിചാരണ കോടതി ആവശ്യം തള്ളിയതെന്നും ഹർജിയിൽ പറയുന്നു.
നടിയെ ആക്രമിച്ച കേസിൽ 84 ദിവസത്തെ ജയിൽ വാസത്തിന് ശേഷം 2017 ഒക്ടോബറിലാണ് ദിലീപിന് ജാമ്യം അനുവദിച്ചത്. സാക്ഷികളെ സ്വാധീനിക്കരുതെന്നും തെളിവ് നശിപ്പിക്കരുതെന്നും ജാമ്യവ്യവസ്ഥയിൽ കോടതി നിഷ്‌കർഷിച്ചിരുന്നു. എന്നാൽ സാക്ഷികളായ വിപിൻലാൽ, ദാസൻ, സാഗർ വിൻസെന്റ്, ഡോ. ഹൈദരാലി, ശരത്ബാബു, ജിൻസൺ എന്നിവരെ ദിലീപ് സ്വാധീനിച്ചെന്നാണ് പ്രോസിക്യൂഷന്റെ വാദം. ജൂൺ 28നാണ് ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജി വിചാരണക്കോടതി തള്ളിയത്.