തിരുവനന്തപുരം: നടിയെ അക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു കെ പൗലോസിനെ വകവരുത്താൻ ദിലീപ് പദ്ധതിയിട്ടത് സിനിമാറ്റിക്ക് സ്റ്റൈലിൽ ആണെന്ന് നേരത്തെ തന്നെ വിവരങ്ങൾ പുറത്ത് വന്നിരുന്നു.ഇക്കാര്യം നേരത്തെ ബാലചന്ദ്രകുമാർ മൊഴി് നൽകിയിരുന്നു.എന്നാൽ മമ്മൂട്ടി ചിത്രം ദി ട്രൂത്തിന്റെ ഇതിവൃത്തത്തെ അനുകരിച്ചാണ് പദ്ധതി പ്ലാൻ ചെയ്തതെന്ന് പൊലീസ്.

2017 നവംബർ 15ന് ആലുവയിലെ പത്മസരോവരം വീട്ടിൽ വച്ച് ദിലീപ് സഹോദരൻ അനൂപിന് നൽകിയ നിർദ്ദേശത്തിലാണ് ട്രൂത്ത് സിനിമയുടെ ഇതിവൃത്തത്തിന് സമാനമായി ഉദ്യോഗസ്ഥനെ കൊലപ്പെടുത്തണമെന്ന് പറയുന്നത്.സംവിധായകൻ ബാലചന്ദ്രകുമാർ നൽകിയ ശബ്ദസാമ്പിളിൽ ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.

പത്മസരോവരത്തിന് പുറമേ, എറണാകുളം രവിപുരത്തെ മേത്തർ അപ്പാർട്ട്മെന്റിലും ഓടുന്ന കാറിലുമാണ് ഗൂഢാലോചന നടത്തിയത്.അന്വേഷണ ഉദ്യോഗസ്ഥരെ കത്തിക്കണമെന്ന് കാറിലെ ഗൂഢാലോചനയിൽ ദിലീപ് പറഞ്ഞതായാണ് ബാലചന്ദ്രകുമാറിന്റെ മൊഴി. ബൈജു കെ. പൗലോസിനോട് സാറും കുടുംബവും സുഖമായി കഴിയുകയാണല്ലേയെന്നും ദിലീപ് പറഞ്ഞിരുന്നു.

പ്രതികളുടെ ശബ്ദപരിശോധന തിങ്കളാഴ്ചയ്ക്കുശേഷം നടത്തും. അതേസമയം, നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യം ദിലീപിന് കൈമാറിയെന്ന് സംശയിക്കുന്ന വി.ഐ.പി ശരത്തിന് ചോദ്യം ചെയ്യലിന് ഹാജരാകാൻ അന്വേഷണസംഘം നോട്ടീസ് നൽകും. ഒരുതവണ നോട്ടീസ് നൽകിയെങ്കിലും ഹാജരായില്ല. മുൻകൂർജാമ്യം തേടിയിരിക്കുകയാണ് ശരത്ത്. തിങ്കളാഴ്ച വിധി വന്നശേഷമായിരിക്കും നോട്ടീസ് നൽകുക.

അതേസമയം നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങൾ ചോർന്ന സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഇരയായ നടി. സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് ആക്രമണത്തിന് ഇരയായ നടി ഇത് സംബന്ധിച്ച് കത്ത് നൽകി. എറണാകുളം ജില്ലാ സെഷൻസ് കോടതിയിൽ നിന്നാണ് ദൃശ്യങ്ങൾ ചോർന്നത്. ദൃശ്യങ്ങൾ അനുമതിയില്ലാതെ തുറന്നത് ഞെട്ടിക്കുന്ന സംഭവമെന്ന് നടി പ്രതികരിച്ചു. ദൃശ്യങ്ങൾ ചോർന്നതോടെ തന്റെ സ്വകാര്യത ഹനിക്കപ്പെട്ടുവെന്നും നടി കത്തിൽ ചൂണ്ടിക്കാട്ടി.

പീഡനദൃശ്യങ്ങൾ ചോർന്നുവെന്ന മാധ്യമ വാർത്തകലെ തുടർന്നാണ് അതിജീവിതയായ നടി സുപ്രീംകോടതിയെ സമീപിച്ചത്. കത്തിന്റെ പകർപ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുഖ്യമന്ത്രി പിണറായി വിജയനും മനുഷ്യാവകാശ കമ്മീഷൻ ഉൾപ്പെടെയുള്ളവർക്ക് കൈമാറി. അടിയന്തിര നടപടി ആവശ്യപ്പെട്ടാണ് കത്ത്. കോടതിയിൽ നിന്നും നീതി ലഭിക്കുമെന്ന് പ്രതീക്ഷിച്ച തനിക്ക് കടുത്ത അനീതിയാണ് നേരിട്ടതെന്നും അതിജീവിത വ്യക്തമാക്കി.

എറണാകുളം ജില്ലാ സെഷൻസ് കോടതിയിൽ നിന്നാണ് ദൃശ്യങ്ങൾ ചോർന്നത്. 2019 ഡിസംബർ 20നാണ് ദൃശ്യങ്ങൾ ചോർന്നതായി വിചാരണ കോടതിയിൽ സ്ഥിരീകരിച്ചത്. സംസ്ഥാന ഫോറൻസിക് വിഭാഗമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ദൃശ്യങ്ങളുടെ ഹാഷ് വാല്യു മാറിയതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. ഇത് സംബന്ധിച്ച് റിപ്പോർട്ടുകൾ അക്കാലയളവിൽ കൈമാറിയിരുന്നെന്നുമാണ് പുരത്തുവന്ന വാർത്തകൾ. അന്വേഷണ സംഘം സീൽ ചെയ്ത കവറിൽ കോടതിയിൽ സമർപ്പിച്ച ദൃശ്യങ്ങൾ എങ്ങനെയാണ് അനുമതിയില്ലാതെ മറ്റൊരാൾ കണ്ടതെന്ന സംശയമാണ് ഈ ഘട്ടത്തിൽ ഉയരുന്നത്.

മജിസ്‌ട്രേട്ട് കോടതിയിൽ നിന്നും ഈ ദൃശ്യങ്ങൾ വിചാരണ കോടതിയിൽ എത്തിയിരുന്നു. ഈ ദൃശ്യങ്ങളുടെ പകർപ്പ് പുറത്തു പോയി എന്നാണ് ഉയരുന്ന വിവാദം. നടിയെ ആക്രമിച്ച ദൃശ്യങ്ങളുടെ പകർപ്പാണ് പൾസർ സുനിയിലൂടെ അന്വേഷണ സംഘത്തിന് കിട്ടിയത്. ഈ ദൃശ്യങ്ങൾ പൾസർ തന്റെ അഭിഭാഷകന് കൈമാറിയിരുന്നു. ഈ ദൃശ്യങ്ങൾ അഭിഭാഷകനിൽ നിന്നാണ് കോടതിയിലേക്ക് എത്തുന്നത്. ഇത് വിചാരണ കോടതി സീൽ ചെയ്തു സൂക്ഷിച്ചു. ഇതിനൊപ്പം പരിശോധനയ്ക്ക് കോർട്ട് കോപ്പിയും എടുത്തു. ഈ ദൃശ്യങ്ങൾ ചണ്ഡിഗഡിലെ സെൻട്രൽ ഫോറൻസിക് ലാബിൽ ആധികാരികത ഉറപ്പിക്കാൻ അയച്ചിരുന്നു. ഇവിടുത്തെ പരിശോധനയിലാണ് ദൃശ്യങ്ങൾ മറ്റാരോ പരിശോധിച്ചുവെന്ന സൂചന കണ്ടെത്തിയത്.

ഇക്കാര്യം ചണ്ഡിഗഡ് ലാബിലെ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥൻ വിചാരണ കോടതിയെ രേഖാമൂലം അറിയിക്കുകയും ചെയ്തു. എന്നാൽ ഇക്കാര്യം വിചാരണ കോടതി ആരേയും അറിയിച്ചില്ലെന്നാണ് സൂചന. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് ശേഷം ദൃശ്യങ്ങൾ തേടി ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. ഇതിന്റെ ഭാഗമായി ചണ്ഡിഗഡിലെ ലാബിലും അന്വേഷണ ഉദ്യോഗസ്ഥർ എത്തിയിരുന്നു. ഈ സമയത്താണ് കോടതിയിൽ ഉണ്ടായിരുന്ന ദൃശ്യങ്ങൾ ചോർന്നുവെന്ന് ക്രൈംബ്രാഞ്ചും തിരിച്ചറിയുന്നത്. വിചാരണ കോടതിയെ ഇക്കാര്യം അറിയിച്ചിരുന്നതായും ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ മൊഴി നൽകി. കോടതിയിലേക്ക് അയച്ച ഈ റിപ്പോർട്ട് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ രേഖാമൂലം ചണ്ഡിഗഡിലെ ലാബിൽ നിന്ന് വാങ്ങുകയും ചെയ്തു.

നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങൾ ദിലീപിന്റെ ആവശ്യപ്രകാരമാണ് ചണ്ഡീഗഡിലെ കേന്ദ്ര ഫോറൻസിക് ലാബിൽ പരിശോധനയ്ക്ക് അയച്ചത്. 2020 ജനുവരിയിൽ ആയിരുന്നു അത്. ദൃശ്യങ്ങൾ ലാബിൽ എത്തിക്കുന്നതിനുള്ള ചെലവടക്കം ദിലീപ് വഹിക്കണമെന്നും കേസിലെ വിചാരണ നടത്തുന്ന കൊച്ചിയിലെ കോടതി നിർദ്ദേശിച്ചിരുന്നു. ഈ പരിശോധനയിലാണ് 2018 ഡിസംബർ 13ന് ഈ ദൃശ്യങ്ങൾ ആരോ പരിശോധിച്ചതായി കണ്ടെത്തിയത്. ഇത് ദൃശ്യങ്ങൾ ചോർന്നതിന്റെ സൂചനയാണ്. ഇത് വിചാരണ കോടതി തുടരന്വേഷണത്തിന് വിധേയമാക്കേണ്ടതായിരുന്നുവെന്ന അഭിപ്രായം ഉയരുന്നുണ്ട്. ഈ സാഹചര്യത്തിൽ ഫോറൻസിക് ലാബിൽ നിന്നും കിട്ടിയ തെളിവുകൾ നിർണ്ണായകമാകുമെന്ന് ക്രൈംബ്രാഞ്ചും വിലയിരുത്തുന്നു.