കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ വൈകിപ്പിക്കാനുള്ള ദിലീപിന്റെ ശ്രമങ്ങൾക്ക് തിരിച്ചടി. ദിലീപ് വിചാരണ നേരിടണമെന്ന് ഹൈക്കോടതി നിർദേശിച്ചു. ദിലീപ് സമർപ്പിച്ച ഹർജി പരിഗണിക്കവേയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഇതോടെ ബുധനാഴ്ച കേസിലെ വിചാരണ ആരംഭിക്കുമെന്ന് ഉറപ്പായി. പൾസർ സുനിക്കും കൂട്ടു പ്രതികൾക്കുമൊപ്പം ഇതോടെ ദിലീപും പ്രതിക്കൂട്ടിൽ നിന്നു വിചാരണ നേരിടേണ്ടി വരും.

നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങൾ ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ദിലീപ് സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതി ഇന്ന് പരിഗണിച്ചത്. ഹർജിയിൽ തീർപ്പുണ്ടാകുന്നത് വരെ വിചാരണ നീട്ടിവെക്കണമെന്നും ദിലീപ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, വിചാരണ വൈകിപ്പിക്കുന്നതിനോട് യോജിപ്പില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.

നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങൾക്ക് പുറമേ പ്രോസിക്യൂഷൻ സമർപ്പിച്ച മറ്റു തെളിവുകളും രേഖകളും തനിക്ക് ലഭിക്കാനുണ്ടെന്ന് ദിലീപിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇവ ലഭിക്കേണ്ടത് തന്റെ അവകാശമാണെന്നും അവ നൽകാതെ വിചാരണ ആരംഭിക്കരുതെന്നുമായിരുന്നു ദിലീപിന്റെ വാദം. ഹർജിയിൽ ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടിയിട്ടുണ്ട്. ഹർജി മാർച്ച് 21-ന് വീണ്ടും പരിഗണിക്കും.

നേരത്തേ, ദൃശ്യങ്ങൾക്കായി ദിലീപ് അങ്കമാലി കോടതിയെയും സമീപിച്ചിരുന്നു. എന്നാൽ, പ്രതിക്ക് ദൃശ്യങ്ങൾ നൽകിയാൽ നടിയെ വീണ്ടും അപകീർത്തിപ്പെടുത്താൻ സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ച് ആവശ്യം മജിസ്‌ട്രേറ്റ് കോടതി തള്ളുകയായിരുന്നു. അതിനുശേഷം, വിചാരണ ആരംഭിക്കാൻ ദിവസങ്ങൾ ബാക്കിയുള്ളപ്പോഴാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. എറണാകുളം ജില്ലാ സെഷൻസ് കോടതിയിലാണ് കേസിന്റെ വിചാരണ നടക്കുക.

യുവനടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ കേസിലെ മുഖ്യപ്രതി നടൻ ദിലീപിനു കൈമാറാനാവില്ലെന്ന് അങ്കമാലി മജിസ്ട്രേറ്റ് കോടതി നേരത്തേ വ്യക്തമാക്കിയിരുന്നു. ഈ ദൃശ്യങ്ങൾ പ്രതിക്കു ലഭിക്കുന്നതു നടിയുടെ സുരക്ഷയെ ബാധിക്കുമെന്നതിനാൽ നൽകാനാവില്ലെന്ന് പ്രോസിക്യൂഷനും നിലപാടെടുത്തു. നടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങളിൽ കൃത്രിമം നടന്നിട്ടുണ്ടെന്നും ദൃശ്യത്തിനൊപ്പമുള്ള സ്ത്രീശബ്ദം സംശയകരമാണെന്നുമാണു ദിലീപിന്റെ വാദം. വിചാരണയ്ക്കു മുൻപ് എല്ലാ തെളിവുകളും ലഭിക്കാൻ പ്രതിക്ക് അവകാശമുണ്ടെന്നും കാണിച്ചായിരുന്നു ദൃശ്യങ്ങൾ ആവശ്യപ്പെട്ടു ഹർജി നൽകിയത്. കേസിലെ മറ്റു രേഖകളും സിസിടിവി ദൃശ്യങ്ങളും പരിശോധനാ ഫലങ്ങളും ഫോൺ വിവരങ്ങളും പ്രതികൾക്കു നൽകിയിരുന്നു.

അതേസമയം നടിയെ ആക്രമിച്ച കേസിൽ കുറ്റപത്രം നൽകിയ സാഹചര്യത്തിൽ തൽകാലം അഭിനയത്തിൽ നിന്ന് വിട്ടുനിൽക്കാൻ ദിലീപ് തീരുമാനിച്ചിരുന്നു. പുതിയ സിനിമകൾക്കൊന്നും ഡേറ്റ് നൽകിയിരുന്നില്ല. ഇനി രണ്ടിലൊന്ന് അറിഞ ശേഷം സിനിമയിൽ സജീവമാകാം എന്നാണ് ദിലീപ് തീരുമാനിച്ചിരിക്കുന്നത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണു വിചാരണ തുടങ്ങിയാൽ ഇടക്കിടെ താരം കോടതി കയറേണ്ടി വരും. അതുകൊണ്ട് തന്നെ സിനിമാ അഭിനയം പ്രതിസന്ധിയുണ്ടാക്കും. ഈ സാഹചര്യത്തിലാണ് തൽകാലത്തേക്ക് ദിലീപ് അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുന്നത്.

2017 ഫെബ്രുവരി 17നു രാത്രി കൊച്ചിയിൽ ഓടുന്ന വാഹനത്തിലാണു നടി ആക്രമിക്കപ്പെട്ടത്. നടിയെ ആക്രമിക്കുന്നതിനു കൂട്ടുനിന്ന ഡ്രൈവർ മാർട്ടിൻ ആണ് ആദ്യം പിടിയിലായത്. സംഭവം ആസൂത്രിതമാണെന്നും സിനിമാപ്രവർത്തകരുടെ ഡ്രൈവറായിരുന്ന പൾസർ സുനി എന്ന സുനിൽകുമാറാണു മുഖ്യപ്രതിയെന്നു പിന്നീടു വ്യക്തമായി. പൊലീസ് കാടിളക്കി അന്വേഷിച്ചെങ്കിലും സുനിയെ കിട്ടിയില്ല. എറണാകുളം സിജെഎം കോടതിയിൽ കീഴടങ്ങാനെത്തിയ സുനിയെയും കൂട്ടാളി വിജേഷിനെയും കോടതിയിൽനിന്നു വലിച്ചിറക്കിയാണു പൊലീസ് അറസ്റ്റു ചെയ്തത്. ആക്രമിക്കപ്പെട്ട നടിക്കു പിന്തുണ പ്രഖ്യാപിച്ചു ചലച്ചിത്ര പ്രവർത്തകർ കൊച്ചിയിൽ സംഘടിപ്പിച്ച കൂട്ടായ്മയിൽ മഞ്ജു വാരിയർ നടത്തിയ പ്രതികരണമാണു കേസിൽ വഴിത്തിരിവുണ്ടാക്കിയത്. ക്വട്ടേഷൻ സംഘം പണത്തിനുവേണ്ടി നടത്തിയ കുറ്റകൃത്യം എന്ന നിലയിൽ അവസാനിച്ചേക്കാമായിരുന്ന കേസാണു ദിലീപിലേക്ക് എത്തിയത്.

തെളിവെടുപ്പിനുശേഷം പൊലീസ് ആദ്യ കുറ്റപത്രം നൽകി. നടിയെ ആക്രമിച്ചു ബ്ലാക്മെയിൽ ചെയ്യുമെന്നു ഭീഷണിപ്പെടുത്തി കൂട്ടമാനഭംഗപ്പെടുത്തി എന്നായിരുന്നു കുറ്റപത്രം. കേസിലെ ഗൂഢാലോചനയെക്കുറിച്ചു മൗനം പാലിച്ചു. പിന്നെയാണു പൾസർ സുനി ജയിലിൽ നിന്നെഴുതിയ കത്തും ദിലീപിന്റെ ക്വട്ടേഷനാണെന്ന ആരോപണവുമുയർന്നത്. ഇതിനെതിരെ ദിലീപ് പരാതി നൽകി. പക്ഷേ കാര്യങ്ങൾ മാറിമറിഞ്ഞു. ജൂൺ 28ന് ദിലീപിനെയും സംവിധായകൻ നാദിർഷയെയും ചോദ്യം ചെയ്യലിനു വിളിപ്പിച്ചു. ചോദ്യം ചെയ്യൽ 13 മണിക്കൂർ നീണ്ടു. കേരളത്തെ ഞെട്ടിച്ചു ജൂലൈ 10നു ദിലീപ് അറസ്റ്റിലായി. 85 ദിവസം ജയിൽ വാസം. ദിലീപ് ജയിലിലായിരിക്കെ പ്രധാനതെളിവായ ദൃശ്യങ്ങൾ കണ്ടെത്താനുള്ള പൊലീസിന്റെ ശ്രമം പരാജയപ്പെട്ടു. ദിലീപ് ജാമ്യത്തിലിറങ്ങിയ ശേഷമാണു കുറ്റപത്രം സമർപ്പിച്ചത്. പൾസർ സുനിയും ദിലീപുമടക്കം 12 പേരാണു പ്രതികൾ.

പ്രതികൾക്കെതിരെ കൂട്ടമാനഭംഗം, ഗൂഢാലോചന എന്നിവ ഉൾപ്പെട്ട ഗുരുതരമായ വകുപ്പുകളാണു ചുമത്തിയിട്ടുള്ളത്. എട്ടാം പ്രതി ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവൻ, സുഹൃത്തും സംവിധായകനുമായ നാദിർഷ, മുൻ ഭാര്യയും നടിയുമായ മഞ്ജു വാരിയർ ഉൾപ്പെടെ 355 സാക്ഷികളുണ്ട്. 413 രേഖകളും പൊലീസ് കോടതിയിൽ സമർപ്പിച്ചു. കുറ്റപത്രത്തിനൊപ്പം 33 പേരുടെ രഹസ്യമൊഴിയും സമർപ്പിച്ചിട്ടുണ്ട്.

കേസിൽ സിനിമാരംഗത്തെ പ്രമുഖരടക്കമുള്ളവരുടെ മൊഴികളും കുറ്റപത്രത്തിന്റെ ഒരു ഭാഗവും പുറത്തുവന്നു. ആക്രമിക്കപ്പെട്ട നടിയോടു ദിലീപിനു ശത്രുതയുണ്ടെന്നു സ്ഥാപിക്കുന്ന ശക്തമായ മൊഴികളാണിവ. എന്നാൽ ഈ ഗൂഢാലോചനയ്ക്കും കൃത്യത്തിനും പിന്നിൽ ദിലീപാണെന്ന മൊഴികൾ ഇതുവരെ പുറത്തുവന്നിട്ടില്ല. പക്ഷേ ശാസ്ത്രീയ തെളിവുകളിലൂടെ ദിലീപിനെതിരായ കുറ്റം തെളിയിക്കുമെന്നാണ് പ്രോസിക്യൂഷൻ നിലപാട്. കേസിൽ സാക്ഷികളെല്ലാം പ്രോസിക്യൂഷൻ നിലപാടിന് ഒപ്പം ഉറച്ചു നിൽക്കുകയാണ്.