കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിലെ തെളിവുകൾ ദിലീപും കൂട്ടുപ്രതികളും നശിപ്പിച്ചെന്ന് കണ്ടെത്തൽ. ഇക്കാര്യം പ്രോസിക്യൂഷനാണ് ഹൈക്കോടതിയെ അറിയിച്ചത്. പ്രതികൾ നൽകിയ ആറു ഫോണുകളിലെ തെളിവുകൾ പൂർണ്ണമായും നശിപ്പിച്ചിട്ടുണ്ടെന്നാണ് പ്രോസിക്യൂഷൻ കണ്ടെത്തൽ. കേസിലെ എഫ്ഐആർ ഇട്ടതിന് ശേഷം ജനുവരി 30നാണ് തെളിവുകൾ നശിപ്പിച്ചത്. ശാസ്ത്രീയ പരിശോധനയിലാണ് ഇക്കാര്യം ബോധ്യപ്പെട്ടതെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.

അതേസമയം, നടി ആക്രമിക്കപ്പെട്ട കേസിലെ തുടരന്വേഷണം തടയണമെന്ന പ്രതി ദിലീപിന്റെ ഹർജി പരിഗണിക്കുന്നത് മറ്റന്നാളത്തേക്ക് മാറ്റി. ദിലീപിന്റെ ഹർജിയെ എതിർത്ത് ആക്രമിക്കപ്പെട്ട നടിയും രംഗത്തെത്തി. സത്യത്തിലേക്കെത്താൻ തുടരന്വേഷണം അനിവാര്യമാണെന്ന് നടി ഹൈക്കോടതിയെ അറിയിച്ചു. അന്വേഷണ അന്തിമ റിപ്പോർട്ട് മാർച്ച് ഒന്നിന് സമർപ്പിക്കാൻ സാധിക്കില്ലെന്ന് പ്രോസിക്യൂഷനും കോടതിയിൽ വ്യക്തമാക്കി. ശബ്ദ സാമ്പിൾ പരിശോധനകൾ പൂർത്തിയാക്കാനുണ്ടെന്നും ഇതിനായി കൂടുതൽ സമയം ആവശ്യമാണെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.

കേസിന്റെ തുടരന്വേഷണം മാർച്ച് ഒന്നിന് പൂർത്തിയാക്കണമെന്ന് കോടതി നേരത്തെ നിർദ്ദേശിച്ചിരുന്നു. കേസിൽ എന്താണ് ഇത്ര മാത്രം പ്രത്യേകത എന്ന് ചോദിച്ചുകൊണ്ടാണ് അന്തിമറിപ്പോർട്ട് മാർച്ച് ഒന്നാം തീയതി നൽകണമെന്ന് കോടതി ആവശ്യപ്പെട്ടത്. ഒരാളുടെ വെളിപ്പെടുത്തലിൽ എന്താണ് ഇത്രമാത്രം അന്വേഷിക്കാനുള്ളതെന്നും കോടതി ചോദിച്ചിരുന്നു. ഇതിനെയാണ് പ്രോസിക്യൂഷൻ എതിർത്തതും തെളിവു നശിപ്പിച്ച കാര്യം അടക്കം കോടതിയെ ബോധിപ്പിച്ചതും.

കേസിൽ അന്വേഷണം അന്തിമഘട്ടത്തിലാണ്. ഇരുപതിലധികം സാക്ഷികളുടെ മൊഴി രേഖപ്പെടുത്തി. ഇനി ചില ശാസ്ത്രീയ പരിശോധനകൾ കൂടി പൂർത്തീകരിക്കാനുണ്ട്. അതിനുള്ള സമയം വേണം. ശബ്ദസാമ്പിളുകൾ പരിശോധിക്കുന്നതടക്കമുള്ള നടപടികൾക്ക് കോടതിയിൽ നിന്ന് അനുമതി കിട്ടാൻ വൈകി. ഇന്നലെയാണ് ശബ്ദശാമ്പിളുകൾ പരിശോധിക്കാൻ അനുമതി ലഭിച്ചത്. ഇനി സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയക്കണം. അങ്ങനെയുള്ള കാലതാമസം അന്വേഷണത്തിലുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു.

മാർച്ച് ഒന്നാം തീയതി വരെയാണ് തുടരന്വേഷണത്തിന് വിചാരണ കോടതി അനുവദിച്ചിരിക്കുന്ന സമയം. എന്നാൽ അതിനകം അന്വേഷണം പൂർത്തിയാക്കാൻ കഴിയില്ല. അതിനാൽ തുടരന്വേഷണത്തിന് കൂടുതൽ സമയം വേണമെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. കേസിൽ കക്ഷിചേർന്ന ആക്രമിക്കപ്പെട്ട നടിയും തന്റെ നിലപാട് കോടതിയിൽ വ്യക്തമാക്കി. തുടരന്വേഷണം മുന്നോട്ടുപോകണമെന്നും കേസിൽ എത്ര പ്രതികളുണ്ടോ അവരെയെല്ലാം പുറത്തുകാണിക്കണമെന്നും നടിയുടെ അഭിഭാഷകൻ പറഞ്ഞു.