ആലുവ: ദിലീപിനെ കൺമുന്നിൽ എത്തിക്കാനുള്ള ക്രൈംബ്രാഞ്ച് നീക്കം പൊളിഞ്ഞു. മൊബൈൽ ഫോണുകൾ തുറക്കേണ്ടതില്ലെന്ന് ആലുവ കോടതി. ഈ ഫോണുകൾ തിരുവനന്തപുരത്തെ ഫോറൻസിക് ലാബിലേക്ക് അയയ്ക്കാനാണ് കോടതി തീരുമാനം. ഈ ഫോണുകൾ കോടതിയിൽ വച്ച് തുറക്കണമെന്നും ദിലീപ് നേരിട്ടെത്തി പാറ്റേണുകൾ നൽകണമെന്നുമായിരുന്നു അന്വേഷണ സംഘത്തിന്റെ നിലപാട്. ആലുവ മജിസ്‌ട്രേട്ട് കോടതിയിൽ ദിലീപിനെ എത്തിക്കാനായിരുന്നു ഈ തന്ത്രം. എന്നാൽ ഫോണുകൾ അൺലോക്ക് ചെയ്യുന്നില്ലെന്ന കോടതി നിലപാടോടെ ഈ നീക്കം പാളി.

അതിനിടെ നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചു. നടിയെ ആക്രമിച്ച കേസിന്റെ വിചാരണ വേഗത്തിൽ പൂർത്തിയാക്കണമെന്നും തുടരന്വേഷണ റിപ്പോർട്ട് തള്ളണമെന്നും ദിലീപ് കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. നടപടിക്രമങ്ങൾ പാലിക്കാതെയാണ് കേസിൽ തുടരന്വേഷണം നടത്തിയത്. അതിനാൽ തുടരന്വേഷണ റിപ്പോർട്ട് റദ്ദാക്കണം. കേസിന്റെ വിചാരണ വേഗത്തിൽ പൂർത്തിയാക്കണമെന്നും ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ പറയുന്നു.

നേരത്തെ ഒരുമാസത്തിനുള്ളിൽ തുടരന്വേഷണം പൂർത്തിയാക്കാനാണ് വിചാരണ കോടതി അന്വേഷണസംഘത്തിനോട് നിർദ്ദേശിച്ചിരുന്നത്. ആറുമാസത്തെ സമയമാണ് അന്വേഷണസംഘം ആവശ്യപ്പെട്ടതെങ്കിലും മാർച്ച് ഒന്നാം തീയതിക്കുള്ളിൽ അന്വേഷണം പൂർത്തിയാക്കണമെന്നായിരുന്നു വിചാരണ കോടതിയുടെ ഉത്തരവ്. കേസിൽ തുടരന്വേഷണം നടത്തുന്നത് അന്വേഷണ ഉദ്യോഗസ്ഥന്റെ വിവേചനാധികാരമാണെന്നും കോടതി വിലയിരുത്തിയിരുന്നു.

തുടരന്വേഷണത്തിന് ഒരുമാസത്തെ സമയം അനുവദിച്ചതിനാൽ നടിയെ ആക്രമിച്ച കേസിന്റെ വിചാരണയും സ്വാഭാവികമായും വൈകും. ഈ സാഹചര്യത്തിലാണ് എത്രയും വേഗം വിചാരണ പൂർത്തിയാക്കണമെന്നും തുടരന്വേഷണം തടയണമെന്നും ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഇതിനൊപ്പം ഹൈക്കോടതിയിൽ മുൻകൂർ ജാമ്യ ഹർജിയും പരിഗണനയിലുണ്ട്. ഇതിൽ ഇന്ന് കോടതി തീർപ്പു കൽപ്പിക്കും. ഉച്ചയ്ക്ക് 1.45 ഈ ഹർജി പരിഗണിക്കും.

ദിലീപ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നു പ്രോസിക്യൂഷൻ കോടതിയിൽ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ദിലീപിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണം, അറസ്റ്റിനുള്ള വിലക്കു നീക്കണം. കേസ് നടത്തിപ്പിനു പ്രതി ഉപാധികൾ തീരുമാനിക്കുന്ന അവസ്ഥയാണെന്നും ഇതു കേട്ടുകേൾവി ഇല്ലാത്തതെന്നുമാണു പ്രോസിക്യൂഷന്റെ വാദം. കേസ് അസാധാരണമായ കേസൊന്നുമല്ലെന്നും അതിനാൽ, തെളിവിന്റെ അടിസ്ഥാനത്തിൽ തീർപ്പാക്കാമെന്നും ഹൈക്കോടതി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

മുൻകൂർ ജാമ്യഹർജിക്കൊപ്പം ക്രൈംബ്രാഞ്ച് മറ്റൊരു ഉപഹർജിയും നൽകിയതാണു രണ്ടാഴ്ചയായി വാദം നടക്കുന്നത്. ഇന്നുതന്നെ മുൻകൂർ ജാമ്യഹർജിയിൽ തീർപ്പുണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നത്. ഏഴു ഫോണുകളിൽ ആറെണ്ണം മാത്രമാണു ദിലീപ് കോടതിക്കു കൈമാറിയത്. പ്രധാന തെളിവായ ഫോൺ ആണു കൈമാറാതിരുന്നതു ഫോൺ കൈമാറാത്തതുഹർജി തള്ളാൻ മതിയായ കാരണമായി കണക്കാക്കേണ്ടി വരുമെന്നു ഹൈക്കോടതി വ്യക്തമാക്കിയതാണു ദിലീപിനെ കുഴയ്ക്കുന്നത്.

2017 മുതൽ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ പുതിയ വെളിപ്പെടുത്തൽ വരെ ഈ ഫോൺ ദിലീപ് ഉപയോഗിച്ചിരുന്നതായി സി.ഡി.ആറിൽ നിന്നു കണ്ടെത്തിയിട്ടുണ്ട്. 12,000 കോളുകളാണു ഈ ഫോണിൽനിന്നു വിളിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ ഹൈക്കോടതി അനുകൂല തീരുമാനമെടുക്കുമെന്ന കാര്യത്തിൽ ദിലീപിന്റെ അഭിഭഭാഷകർക്കും ഉറപ്പില്ല.