കൊച്ചി: ഏതെങ്കിലും ഒരു കുറ്റവാളി സ്വയം കുരുങ്ങാൻ വേണ്ടി തെളിവുകൾ ഉണ്ടാക്കി പൊലീസിന് നൽകിയ ചരിത്രമുണ്ടോ? വളരെ വിരളമാണ് ഇത്തരം കേസുകൾ എന്ന് ഉറപ്പാണ്. അങ്ങനെയുള്ള പശ്ചാത്തലത്തിൽ ദിലീപിനെ പോലെ കോടികൾ എറിഞ്ഞു കേസിൽ നിന്നും രക്ഷപെടാൻ ്ശ്രമിക്കുന്ന പ്രതി നാളെ ഹൈക്കോടതിയിൽ ഫോണുകൽ നൽകുമോ? കേരള സമൂഹം മുഴുവൻ നാളെ കണ്ണും കാതും കൂർപ്പിച്ചിരിക്കുന്നത് ഹൈക്കോടതിയിൽ നിന്നുള്ള വാർത്തകൾക്ക് വേണ്ടിയാണ്. ഫോൺ നൽകാതെ ദിലീപ് കോടതിയിൽ എത്തിയാൽ അത് ദിലീപിന്റെ ജാമ്യാപേക്ഷയെയും ബാധിക്കാൻ ഇടയുണ്ട്.

അതേസമയം കോടതിയിൽ ഹാജരാക്കാൻ വൈകുംതോറും ഫോണുകളിൽ കൃത്രിമം നടത്താൻ ദിലീപും കൂട്ടുപ്രതികളും ശ്രമിക്കുമെന്ന ആശങ്കയിൽ അന്വേഷകസംഘം. നാലു ഫോണുകളാണ് ദിലീപിനോട് ആവശ്യപ്പെട്ടത്. മൂന്നെണ്ണം ആപ്പിൾ ഐഫോണും ഒന്ന് വിവോ ഫോണുമാണ്. ഫോണിലെ ശബ്ദസന്ദേശങ്ങൾ, കൈമാറിയ ചിത്രങ്ങൾ, ദൃശ്യങ്ങൾ മറ്റു രേഖകൾ ഉൾപ്പെടെ നശിപ്പിച്ചാലും അന്വേഷകസംഘത്തിന് സൈബർ വിഭാഗത്തിന്റെ സഹായത്തോടെ വീണ്ടെടുക്കാനാകും. എന്നാൽ, പലതവണ കൃത്രിമം കാണിച്ചാൽ ലഭിക്കുന്ന തെളിവുകളുടെ സുതാര്യത നഷ്ടപ്പെടുമെന്നതാണ് അന്വേഷകസംഘം നേരിടുന്ന വെല്ലുവിളി.

ഫോണിലെ ഡാറ്റയ്ക്ക് മുകളിൽ മറ്റൊരു ഡാറ്റ റീ റൈറ്റ് ചെയ്യുന്ന രീതിയിൽ ഇവ നശിപ്പിക്കാം. കൂടുതൽതവണ ഇത്തരത്തിൽ റീ റൈറ്റ് ചെയ്യുന്നതോടെ ആദ്യമുണ്ടായ ഡാറ്റ നഷ്ടമാകാം. അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ പ്രതികൾ ഗൂഢാലോചന നടത്തിയെന്നുപറയുന്ന കാലത്തെ രേഖകൾമുതൽ ഫോണുകളിലുണ്ട്. ഇതിൽ രണ്ട് ഫോണുകൾ 2019ന് മുമ്പും ഒരു ഫോൺ 2019ലും മറ്റൊന്ന് 2021ലുമാണ് ദിലീപ് വാങ്ങിയത്.

അതേസമയം നാളെ ദിലീപിന്റെയും കൂട്ടാളികളുടെയും ഫോണുകൾ കോടതിയിൽ ഹാജരാക്കിയാൽ എത്രയുംവേഗം ഫോറൻസിക് പരിശോധനയ്ക്ക് നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെടുാനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം. എന്നാൽ കോടതിയിൽ സമർപ്പിക്കപ്പെടുന്ന ഫോൺ എപ്പോൾ പരിശോധിക്കണം എന്ന കാര്യത്തിൽ കോടതിയുടെ മാനദണ്ഡങ്ങൽ അന്വേഷണ സംഘത്തിന് മുന്നിലുണ്ടാകും.

പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയ ദിലീപിന്റെ ഫോൺ സിഡിആർ (കോൾ ഡീറ്റെയിൽ റെക്കോഡ്സ്) ഫോണിൽ കണ്ടെത്താനാകുമെന്നാണ് പ്രോസിക്യൂഷൻ നിഗമനം. ഐടി നിയമപ്രകാരം കേന്ദ്രസർക്കാർ വിജ്ഞാപനം ചെയ്തിട്ടുള്ള രാജ്യത്തെ ഏഴ് അംഗീകൃത ഫോറൻസിക് ലാബുകളിൽ ഒന്നിൽ ഫോണുകൾ പരിശോധിക്കാം. തിരുവനന്തപുരത്തെ പരിശോധനാ കേന്ദ്രവും ഈ പട്ടികയിലുണ്ട്. എന്നാൽ, കേരളത്തിൽ നിലവിലുള്ള ഫോറൻസിക് പരിശോധനാ കേന്ദ്രം ക്രൈംബ്രാഞ്ചിനുകീഴിലാണെന്നും ഇവിടെ പരിശോധനയ്ക്ക് നൽകിയാൽ ഫോണുകളിൽ കൃത്രിമം നടക്കുമെന്നും ദിലീപ് കോടതിയിൽ ആരോപിച്ചിട്ടുണ്ട്.

അതുകൊണ്ട് കേരളത്തിന് പുറത്തുള്ള ലാബുകളിൽ പരിശോധനയ്ക്ക് നൽകാനും സാധ്യതയുണ്ട്. കോടതിയാണ് ഇക്കാര്യം തീരുമാനിക്കുക. പരിശോധനാഫലം ലഭിക്കാൻ ഒരാഴ്ചയെങ്കിലും സമയം വേണ്ടിവരുമെന്നും വിദഗ്ദ്ധർ പറയുന്നു. അതേസമയം ഉദ്യോഗസ്ഥരെ അപായപ്പെടുത്താനുള്ള ഗൂഢാലോചനയുടെ ഭാഗമായി പ്രതികൾ ഫ്‌ളാറ്റിൽ ഒത്തുചേർന്ന സംഭവത്തിൽ കൂടുതൽപേരെ ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം.

എംജി റോഡിലെ മേത്തർ ഹോം ഫ്‌ളാറ്റിൽ നടന്ന ഗൂഢാലോചനയിൽ ദിലീപ്, സഹോദരൻ അനൂപ്, സഹോദരീഭർത്താവ് സുരാജ് എന്നിവർ പങ്കെടുത്തുവെന്നാണ് കണ്ടെത്തൽ. 2017 ഡിസംബറിൽ നടന്ന സംഭവമായതിനാൽ സിസിടിവി ദൃശ്യങ്ങൾ വീണ്ടെടുക്കാൻ സാധിക്കില്ല. ഗൂഢാലോചനവിവരം തെളിയിക്കുന്നതിന് കൂടുതൽപേരെ ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്താനാണ് അന്വേഷകസംഘത്തിന്റെ തീരുമാനം.