- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് മൊബൈൽ ഫോണിൽ ഇൻസർട്ട് ചെയ്തു; മൂന്നുകോടതികളിലും മെമ്മറി കാർഡ് ഉപയോഗിച്ചത് അനുമതിയില്ലാതെ; ദൃശ്യങ്ങൾ പ്ലേ ചെയ്ത കംപ്യൂട്ടറിന്റെയും മൊബൈലിന്റെയും വിവരങ്ങളും; നടിയെ ആക്രമിച്ച കേസിൽ ഫോറൻസിക് റിപ്പോർട്ടിന്റെ വിശദാംശങ്ങൾ
കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡിന്റെ ഫോറൻസിക് പരിശോധനാ ഫലം ക്രൈംബ്രാഞ്ചിന് ലഭിച്ചപ്പോൾ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നു. വിചാരണക്കോടതിയുടെ കസ്റ്റഡിയിലിരിക്കെ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് മൊബൈൽ ഫോണിൽ ഇൻസർട്ട് ചെയ്തതായി ഫോറൻസിക് സയൻസ് ലാബ് റിപ്പോർട്ടിൽ പറയുന്നു.
ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മൂന്നു തവണ മാറിയിട്ടുണ്ട്. കോടതിയുടെ കസ്റ്റഡിയിലിരിക്കെ ദൃശ്യങ്ങൾ ആക്സസ് ചെയ്തതിന്റെ തെളിവാണിതെന്ന് എഫ്എസ്എൽ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ആദ്യം അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലും പിന്നീട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലും മെമ്മറി കാർഡ് ആക്സസ് ചെയ്തു. ഒടുവിലാണ് വിചാരണ കോടതിയിൽ മെമ്മറി കാർഡ് തുറന്ന് ദൃശ്യങ്ങൾ കണ്ടത്.
മൂന്നു കോടതിയിലും അനുമതിയില്ലാതെയാണ് ദൃശ്യങ്ങൾ അടങ്ങുന്ന മെമ്മറി കാർഡ് ആക്സസ് ചെയ്തതെന്നും എഫ്എസ്എൽ റിപ്പോർട്ടിൽ പറയുന്നുണ്ട്. ദൃശ്യങ്ങൾ പ്ലേ ചെയ്ത കംപ്യൂട്ടറിന്റെയും മൊബൈൽ ഫോണിന്റെയും വിവരങ്ങൾ ഫോറൻസിക് റിപ്പോർട്ടിലുണ്ട്.
റിപ്പോർട്ട് അടിസ്ഥാനമാക്കി അന്വേഷണസംഘം ഉടൻ കോടതി ജീവനക്കാരെ ചോദ്യം ചെയ്യും. വിചാരണ കോടതി കസ്റ്റഡിയിലിരിക്കെ ദൃശ്യങ്ങൾ കണ്ടത് മൊബൈൽ ഫോണിലാണെന്നും എഫ്എസ്എൽ റിപ്പോർട്ടിൽ വ്യക്തമാണ്.
മൂന്നുതവണ മെമ്മറി കാർഡ് ആക്സസ് ചെയ്ത കമ്പ്യൂട്ടറുകളുടെ ഐ പി അഡ്രസ്സും മൊബൈൽ ഫോണിന്റെ ഐഎംഇഐ നമ്പറും റിപ്പോർട്ടിലുണ്ട്. അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലും ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലും രാത്രിയാണ് ദൃശ്യങ്ങൾ ആക്സസ് ചെയ്യപ്പെട്ടത്. എഫ് എസ്എൽ റിപ്പോർട്ട് പരിശോധിച്ചതിന് ശേഷം കോടതി ജീവനക്കാരെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഫോറൻസിക് റിപ്പോർട്ട് അടിസ്ഥാനമാക്കി അന്വേഷണം നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ ഉടൻ ഹൈക്കോടതിയെ സമീപിക്കും.
പൾസർ സുനിയിൽ നിന്ന് പിടിച്ചെടുത്ത മെമ്മറി കാർഡ് വിചാരണ കോടതിയിലും ജില്ലാ കോടതിയിലും അനുമതിയോടെ പരിശോധ്ിക്കപ്പെട്ടുവെങ്കിലും ജില്ലാ കോടതിയിൽ അത്തരത്തിൽ അനുമതികളൊന്നും നൽകിയില്ല എന്നതാണ് ശ്രദ്ധേയം. ഇത് സംബന്ധിച്ചാകും ക്രൈംബ്രാഞ്ചിന്റെ അന്വേഷണം. ഇതിന്റെ വസ്തുത മനസ്സില്ലാക്കാൻ കോടതി തന്നെ മുൻകൈയെടുക്കുമെന്നും ക്രൈംബ്രാഞ്ച് പ്രതീക്ഷിക്കുന്നു.
2020 ജനുവരി 29ന് കേന്ദ്ര ഫോറൻസിക് ലാബ് നൽകിയ റിപ്പോർട്ടും കേസിലെ തുടരന്വേഷണത്തിന് ഇടയാക്കിയ വെളിപ്പെടുത്തലുമാണ് ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ടെന്ന പ്രോസിക്യൂഷന്റെ സംശയം ബലപ്പെടുത്തിയത്. മെമ്മറി കാർഡ് പരിശോധിക്കണമെന്ന ആവശ്യം വിചാരണ കോടതി നിരസിച്ചതിനെ തുടർന്ന് പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ