- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി തിങ്കളാഴ്ച്ച രാവിലെ 10.15ന്; തുറന്ന കോടതിയിൽ ഇനി വാദം ഉണ്ടാകില്ല, അധികമായി എന്തെങ്കിലും ഉണ്ടെങ്കിൽ എഴുതി നൽകാൻ പ്രതിഭാഗത്തിന് നിർദ്ദേശം; ദിലീപിനെതിരെ ഗൂഢാലോചനയ്ക്ക് ബാലചന്ദ്ര കുമാറിന്റെ മൊഴി തന്നെ ധാരാളമെന്ന് പ്രോസിക്യൂഷൻ
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് തിങ്കളാഴ്‌ച്ചത്തേക്ക് മാറ്റി. കേസിൽ ഹൈക്കോടതി തിങ്കളാഴ്ച രാവിലെ 10.15ന് വിധി പറയും. പ്രോസിക്യൂഷൻ എഴുതി നൽകിയ വാദങ്ങൾക്കുള്ള മറുപടി നാളെ രാവിലെ 9.30ന് എഴുതി നൽകാൻ പ്രതിഭാഗത്തിന് ജസ്റ്റിസ് പി ഗോപിനാഥിന്റെ ബെഞ്ച് നിർദ്ദേശം നൽകി.
അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ ദിലീപ് പറഞ്ഞത് വെറും ശാപവാക്കുകൾ ആണെന്ന വാദം നിലനിൽക്കില്ലെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. അത് അങ്ങനെയല്ലെന്നു ബാലചന്ദ്രകുമാറിന്റെ മൊഴിയിൽനിന്നു വ്യക്തമാണ്. അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താനുള്ള ധാരണ അവിടെയുണ്ടായിട്ടുണ്ടെന്ന് പ്രോസിക്യൂഷൻ വാദിച്ചു. ബാലചന്ദ്രന്റെ മൊഴി മാത്രം മതി ഗൂഢാലോചനക്ക് തെളിവ്. ഈ മൊഴിയെ ശരിവെക്കുന്ന വിധത്തിലുള്ള തെളിവുകളും ഹാജരാക്കിയിട്ടുണ്ടെന്ന കോടതിയിൽ പ്രോസിക്യൂഷൻ പറഞ്ഞു.
ബലചന്ദ്രകുമാറിന്റെ മൊഴിയിൽ നിസ്സാര വൈരുദ്ധ്യങ്ങളുണ്ട്. ആരും പഠിപ്പിച്ചുവിട്ട സാക്ഷിയല്ല ബാലചന്ദ്രകുമാർ എന്നത് അതിൽനിന്നു വ്യക്തമാണ്. പ്രഥമ വിവര റിപ്പോർട്ട് കുറ്റകൃത്യത്തെക്കുറിച്ചുള്ള എൻസൈക്ലോപിഡിയ അല്ല. അതിൽ എല്ലാ വിവരങ്ങളും ഉൾപ്പെടുത്താനാവില്ല. അന്വേഷണം പ്രാഥമിക ഘട്ടത്തിൽ ആണ്. ദിലീപിനെതിരെ ശക്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് പ്രോസിക്യൂഷൻ അറിയിച്ചു.
ഒരാളെ തട്ടാൻ തീരുമാനിക്കുമ്പോൾ ഒരു ഗ്രൂപ്പിലിട്ടു തട്ടിയേക്കണം എന്ന് ഓഡിയോയിൽ ദിലീപ് പറയുന്നുണ്ട്. മറ്റൊന്നിൽ ഉദ്യോഗസ്ഥരെ കത്തിക്കണം എന്നു പറയുന്നു. വെറുതെ പറയുകയല്ല, ഏതു രീതിയിൽ കൊല്ലണം എന്നുവരെ ആലോചന നടന്നെന്ന് പ്രോസിക്യൂഷൻ പറഞ്ഞു. കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെ, ജനുവരി വരെ ഉപയോഗിച്ചിരുന്ന ഫോണുകൾ പ്രതികൾ കൂട്ടമായി മാറ്റിയത് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. ഇതിനെ സാഹചര്യ തെളിവായി പരിഗണിക്കണം. ഫോണിന്റെ അൺലോക്ക് പാറ്റേൺ കൈമാറണമെന്ന് കോടതി നിർദ്ദേശിച്ചെങ്കിലും പിറ്റേന്നുവൈകിട്ടു വരെ അതു നൽകിയില്ല. അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് അവരുടെ പെരുമാറ്റത്തിൽനിന്നു വ്യക്തമാണ്. അതുകൊണ്ടുതന്നെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് ഡിജിപി വാദിച്ചു.
സഹപ്രവർത്തകയെ ബലാത്സംഗം ചെയ്തു ദൃശ്യങ്ങൾ ചിത്രീകരിക്കാൻ ക്വട്ടേഷൻ കൊടുത്തയാളാണ് ദിലീപ് എന്നും മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ പ്രതിയുടെ ചരിത്രവും പരിശോധിക്കണമെന്നും പ്രോസിക്യൂഷൻ പറഞ്ഞു. ഇന്ത്യൻ ശിക്ഷാനിയമം തയാറാക്കിയവർ പോലും ചിന്തിക്കാത്ത കുറ്റം ചെയ്തയാളാണ് ദിലീപ് എന്ന്, ജാമ്യാപേക്ഷയെ എതിർത്തുകൊണ്ട് ഡയറക്ടർജനറൽ ഓഫ് പ്രോസിക്യൂഷൻ ടിഎ ഷാജി പറഞ്ഞു.
ദിലീപിനെതിരെ ബാലചന്ദ്രകുമാർ പൊലീസിൽ പരാതി നൽകിയ പശ്ചാത്തലവും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി. അന്വേഷണ ഉദ്യോഗസ്ഥർക്കെതിരായി വധഗൂഢാലോചന നടത്തിയത് പൊലീസിനോട് പറഞ്ഞാൽ ദിലീപ് നമ്മളെയും കൊന്നാലോ എന്ന് ബാലചന്ദ്രകുമാറിനോട് ഭാര്യ ചോദിച്ചെന്ന് പ്രൊസിക്യൂഷൻ കോടതിയിൽ പറഞ്ഞു. ഗൂഢാലോചന നടക്കുന്ന സമയത്ത് തന്നെ എല്ലാ കാര്യങ്ങളും ബാലചന്ദ്രകുമാർ ഭാര്യയോട് പറഞ്ഞിരുന്നെന്നും പ്രോസിക്യൂഷൻ. ദിലീപ് ഗൂഢാലോചന നടത്തിയതിന് നേർസാക്ഷിയായ ആളാണ് ബാലചചന്ദ്രകുമാറെന്നും ഡിജിപി കോടതിയിൽ.
'ഒരാളെ തട്ടാൻ തീരുമാനിച്ചാൽ ഗ്രൂപ്പിൽ ഇട്ട് തട്ടിയേക്കണമെന്ന ദിലീപിന്റെ പരാമർശം കൊലപാതകത്തിനുള്ള നിർദ്ദേശമാണെന്നും പ്രോസിക്യൂഷൻ വാദിച്ചു. ഒരാളെ തട്ടാൻ തീരുമാനിക്കുമ്പോൾ ഒരു ഗ്രൂപ്പിൽ ഇട്ട് തട്ടിയേക്കണമെന്ന് ദിലീപ് സഹോദരൻ അനൂപിന് നൽകിയ നിർദ്ദേശത്തിന്റെ ശബ്ദ ശകലം സുഹൃത്ത് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു. ഒരു വർഷം ഒരു ലിസ്റ്റും ഉണ്ടാക്കരുത്. ഒരു റെക്കോർഡും ഉണ്ടാക്കരുതെന്നാണ് ഇതിന് അനൂപ് നൽകിയ മറുപടിയെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാണിച്ചു.
ദിലീപിനെതിരെ ശക്തമായ വാദങ്ങളാണ് പ്രോസിക്യൂഷൻ ഉയർത്തിയിരിക്കുന്നത്. വീട്ടിലെ ഗൂഢാലോചനയ്ക്ക് പുറമെ എംജി റോഡിലെ മേത്തർ ഹോമിലെ മഞ്ജുവാര്യരുടെ ഫ്‌ളാറ്റിലും പ്രതികൾ ഒത്തുചേർന്ന് ഗൂഢാലോചന നടത്തിയിട്ടുണ്ട്. ബൈജു പൗലോസിനെ കൊല്ലാനുള്ള ഗൂഢാലോചനയാണ് ഇവിടെ വച്ച് പ്രതികൾ നടത്തിയത്. 2017 ഡിസംബറിലാണ് ഈ ഫ്‌ളാറ്റിൽ വച്ച് ഗൂഢാലോചന നടന്നതെന്നും പ്രോസിക്യൂഷൻ വാദിച്ചു.
ഗൂഢാലോചന നടത്തിയെന്ന് ആരോപണമുള്ള ഫോൺ കൈമാറാൻ പോലും ദിലീപും മറ്റ് പ്രതികളും ആദ്യം തയ്യാറായില്ല. ഏഴ് ഫോണുകളുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ആറെണ്ണമേ ഉള്ളൂ എന്നാണ് പ്രതികളുടെ വാദം. അവരുടെ വാദം തെറ്റാണെന്ന് കോടതിക്കും ബോധ്യപ്പെട്ടതാണ്. അന്വേഷണത്തോട് ഒരു തരത്തിലും സഹകരിക്കാത്ത നിലപാടാണ് ദിലീപ് ഉൾപ്പെടെ പ്രതികളുടേത്.
അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്‌പി ബൈജു പൗലോസിന് സംവിധായകൻ ബാലചന്ദ്രകുമാറുമായി മുൻപരിചയമില്ല. ചാനൽ അഭിമുഖം വന്നപ്പോഴാണ് ഡിവൈഎസ്‌പി ബാലചന്ദ്രകുമാറിനെ ആദ്യമായി കാണുന്നതെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. ഗൂഢാലോചനയ്ക്കു സാക്ഷിയുണ്ട് എന്ന പ്രത്യേകത ഈ കേസിനുണ്ട്. ബാലചന്ദ്ര കുമാറിന്റെ മൊഴി ശക്തമായ തെളിവാണ്. പറഞ്ഞതു സാധൂകരിക്കുന്ന ഓഡിയോ ബാലചന്ദ്രകുമാർ കൈമാറിയിട്ടുണ്ടെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.