കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസുമായി ബന്ധപ്പെട്ട് രണ്ടാം ദിവസത്തെ ചോദ്യം ചെയ്യലിൽ ക്രൈംബ്രാഞ്ച് സ്വീകരിക്കുന്നത് പുതു തന്ത്രം. പ്രതികളെ ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനാണ് ക്രൈം ബ്രാഞ്ചിന്റെ നീക്കം. സഹോദരൻ അനൂപും സഹോദരീ ഭർത്താവ് സുരാജും ദിലീപിനൊപ്പം ചോദ്യം ചെയ്യലിന് ഹാജരായി.

രാവിലെ 9ന് ഹാജരാകാനാണ് ദിലീപ് അടക്കമുള്ള അഞ്ച് പ്രതികളോടും ഹൈക്കോടതി നിർദേശിച്ചിരുന്നത്. രണ്ടാം ദിവസത്തെ ചോദ്യം ചെയ്യൽ എങ്ങനെവേണമെന്നത് സംബന്ധിച്ച രൂപരേഖ ഇന്നലെ വൈകുന്നേരം തന്നെ തയാറാക്കിയിരുന്നു.പ്രതികളുടെ ആദ്യഘട്ട ചോദ്യം ചെയ്യൽ ഇന്നലെ കഴിഞ്ഞതോടെ ആശങ്കയും പിരിമുറുക്കവും വർദ്ധിച്ചു. 11 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ ദിലീപ് നൽകിയ മറുപടികളിൽ പൊരുത്തക്കേടുണ്ടെന്നാണ് അന്വേഷണ സംഘം വിലയിരുത്തിയത്. ഒരാൾ ഗൂഢാലോചനക്കാര്യം സമ്മതിക്കുകയും ചെയ്തു. ഇതെല്ലാം റിക്കോർഡ് ചെയ്തിട്ടുമുണ്ട്.

ആവശ്യമെങ്കിൽ പ്രതികൾ നൽകിയ മൊഴികളിലെ അസ്വാഭാവികതകൾ കാണിച്ചു കൊടുത്താകും ഇന്നത്തെ ചോദ്യം ചെയ്യൽ. പഠിച്ചു വന്ന മൊഴികളെ തകർക്കാനാണ് ഇത്. ഇന്നലെ നൽകിയ പല മറുപടികളും വിശ്വസനീയമല്ലെന്നും അന്വേഷണ സംഘം വിലയിരുത്തിയിരുന്നു. കള്ളക്കേസാണെന്ന് ആവർത്തിച്ച ദിലീപ്, നടിയെ ആക്രമിക്കുന്ന ദൃശ്യം കൈപ്പറ്റിയിട്ടില്ലെന്നും കണ്ടിട്ടില്ലെന്നും പറഞ്ഞു.ഗൂഢാലോചനയുടെ ചുരുളഴിക്കാൻ ലക്ഷ്യമിട്ടായിരുന്നു ചോദ്യങ്ങളത്രയും. ഇതിനെ സമർത്ഥമായി ദിലീപ് നേരിട്ടു. എന്നാൽ ഒരുമിച്ചിരുത്തിയുള്ള ചോദ്യം ചെയ്യൽ അത്ര എളുപ്പമാകില്ല.

ദിലീപിന്റെ നിഷേധാത്മക പെരുമാറ്റം ഒരുഘട്ടത്തിൽ ചോദ്യം ചെയ്യലിനെ ബാധിച്ചിരുന്നു. ബാലചന്ദ്രകുമാർ തന്റെ അടുത്ത സുഹൃത്തല്ലെന്നും ഒരു സിനിമ വഴി മാത്രമാണ് പരിചയമെന്നും ദിലീപ് പറഞ്ഞു. നെയ്യാറ്റിൻകര ബിഷപ്പ് വഴി കേസിൽ ജാമ്യം നേടാമെന്ന് ബാലചന്ദ്രകുമാർ വാഗ്ദ്ധാനം ചെയ്തിരുന്നു. ജാമ്യം ലഭിച്ചപ്പോൾ ബിഷപ്പിന്റെയടക്കം പേരിൽ പണം ആവശ്യപ്പെട്ടെങ്കിലും നൽകിയില്ല. ഇതോടെ ബാലചന്ദ്രകുമാറിന് വൈരാഗ്യമായെന്നും തന്നെ ബ്ലാക്ക്‌മെയിൽ ചെയ്‌തെന്നും ദിലീപ് ആവർത്തിച്ചു.

അടുത്ത ദിവസം ബാലചന്ദ്രകുമാറിനെ ദിലീപിനൊപ്പം ഇരുത്തി ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. ബാലചന്ദ്രകുമാർ കൈമാറിയ ശബ്ദസാമ്പിൾ പ്രതികൾ നിഷേധിച്ചിട്ടില്ല. എന്നാൽ ഇതെല്ലാം മാനസിക വേദനയിൽ പറഞ്ഞതാണെന്നാണ് ദിലീപും മറ്റുള്ളവരും എടുക്കുന്ന നിലപാട്. ബാലചന്ദ്രകുമാർ വ്യാജസാക്ഷിയാണെന്നും അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസാണ് ഇയാളെ രംഗത്തിറക്കിയതെന്നും ബൈജു പൗലോസിനു തന്നോടു വ്യക്തിവൈരാഗ്യമുണ്ടെന്നും ദിലീപ് സുപ്രീം കോടതിയിൽ സമർപ്പിച്ച എതിർ സത്യവാങ്മൂലത്തിലും പറയുന്നുണ്ട്. ഈ നിലപാടുകൾ തന്നെയാണ് പൊലീസിനോടും ദിലീപ് ആവർത്തിക്കുന്നത്.

കേസിൽ അഞ്ചു വർഷം കഴിഞ്ഞുള്ള വെളിപ്പെടുത്തൽ കെട്ടിച്ചമച്ചതാണ്. സിനിമ സംവിധാനത്തിനായി ബാലചന്ദ്രകുമാർ തന്റെ കൈയിൽനിന്നു 10 ലക്ഷം രൂപ വാങ്ങിയിട്ടുണ്ട്. കൂടുതൽ പണം ആവശ്യപ്പെട്ടതു നൽകാത്തതു വൈരാഗ്യത്തിനു കാരണമായി. ബാലചന്ദ്രകുമാറുമായി മറ്റു യാതൊരു ബന്ധവുമില്ലെന്നും അതിനാൽ, തുടരന്വേഷണത്തിന്റെ ആവശ്യമില്ലെന്നും ദിലീപ് അറിയിച്ചു. ആക്രമിക്കപ്പെട്ട നടി മുഖ്യമന്ത്രിക്കു നൽകിയ പരാതി കെട്ടിച്ചമച്ചതും പരസ്പര വിരുദ്ധവുമാണെന്നും ദിലീപ് പറയുന്നു. നടിയെ ആക്രമിച്ച കേസിലെ പ്രതി പൾസർ സുനി ആരാണെന്നുപോലും അറിയില്ലെന്നും ദിലീപ് കോടതിയെ ബോധിപ്പിച്ചു. സിനിമാരംഗത്തുനിന്നു തനിക്കു വലിയ പിന്തുണയുണ്ടെന്നും സിനിമാലോകം തനിക്കെതിരാണെന്നു വരുത്തിതീർക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നുണ്ടെന്നും ദിലീപ് പരാതിപ്പെടുന്നു.

വിചാരണ നീട്ടണമെന്ന സർക്കാർ ആവശ്യത്തിൽ സുപ്രീംകോടതി എടുക്കുന്ന നിലപാട് നിർണ്ണായകമാണ്. വിചാരണക്കോടതി ജഡ്ജിയെ മാറ്റാനാണു സർക്കാർ കൂടുതൽ സമയം തേടുന്നത്. വിചാരണ നീട്ടാനുള്ള ആവശ്യം വിചാരണക്കോടതിയാണ് ഉന്നയിച്ചതെങ്കിൽ പിന്തുണയ്ക്കുമായിരുന്നുവെന്നും ദിലീപ് പറയുന്നു. കേസിൽ രണ്ടു പ്രോസിക്യൂട്ടർമാർ രാജിവച്ചതു മനഃപൂർവം വിചാരണ വൈകിപ്പിക്കാനുള്ള പ്രോസിക്യൂഷന്റെ ശ്രമമാണെന്നും ദിലീപ് ആരോപിച്ചു. സുപ്രീംകോടതിയും ഹൈക്കോടതിയും ജഡ്ജിയോടു തുടരാൻ നാലു തവണ നിർദ്ദേശിച്ചിട്ടും കോടതിക്കെതിരേ നിരന്തരം പരാതി നൽകുന്നതു ഇതിന്റെ തെളിവാണെന്നും ദിലീപ് ചൂണ്ടിക്കാട്ടുന്നു.

അടുത്തമാസം 16ന് ഉള്ളിൽ വിചാരണപൂർത്തിയാക്കണമെന്ന കർശന നിർദേശമാണ് സുപ്രീം കോടതി നൽകിയിട്ടുള്ളത്. എന്നാൽ കേസിൽ ഉണ്ടായിരിക്കുന്ന പുതിയ സാഹചര്യങ്ങൾ ചൂണ്ടിക്കാണിച്ചാണു സംസ്ഥാന സർക്കാരിന്റെ അപേക്ഷ. അപേക്ഷ അടിയന്തരമായി പരിഗണിക്കമെന്നു സർക്കാർ കഴിഞ്ഞദിവസം അഭ്യർത്ഥിച്ചിരുന്നു. ഇരുകക്ഷിക്കും നിർണായകമായതിനാൽ, മുതിർന്ന അഭിഭാഷകരാണു ഇന്നു ഹാജരാകുന്നത്. സംസ്ഥാന സർക്കാരിനുവേണ്ടി അഡ്വ. കെ.വി. വിശ്വനാഥനും ദിലീപിനുവേണ്ടി മുകുൾ റോത്തഗിയും ഹാജരാകും.