കൊച്ചി: ജാമ്യവ്യവസ്ഥയിൽ ഇളവ് വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ദിലീപ് ഹർജി നൽകി.തന്റെ കടയുടെ ഉദ്ഘാടനത്തിന് വിദേശത്തു പോകാൻ പാസ്സപോർട്ട് മടക്കി നൽകണമെന്ന് ആവശ്യപ്പെട്ടാണ് ദിലീപ് ഹർജി നൽകിയത്. അതേസമയം പൊലീസ് ജാമ്യത്തിൽ ഇളവ് നൽകുന്നതിനെ ശക്തമായി എതിർക്കുമെന്ന് തന്നെയാണ് സൂചനകൾ. കഴിഞ്ഞ ദിവസം ദിലീപിനെയും സഹോദരൻ അനൂപിനെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. പ്രതികളെ സ്വാധീനിക്കാനും കേസ് അട്ടിമറിക്കാനും ദിലീപ് ശ്രമിക്കുന്നതായാണ് ആരോപണം. അതിനിടെയാണ് പാസ്‌പോർട്ടിനായി ദിലീപിന്റെ നീക്കം.

പാസ്‌പോർട്ട് കിട്ടാനായി കൊടുത്ത അപേക്ഷയിൽ കേസുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾ ഹർജിയിൽ ബിസ്സിനസ്സ് സംരംഭമായ ദേ പുട്ടിന്റെ കരാമ ശാഖ ഉദ്ഘാടനം ചെയ്യാൻ പോകേണ്ടതിനാൽ ഇളവ് നൽകണമെന്നുമാണ് ദിലീപ് ആവശ്യപ്പെട്ടിരിക്കുന്നത്. നിലവിൽ ജാമ്യ വ്യവസ്ഥയുടെ ഭാഗമായി അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയിരിക്കുകയാണ് പാസ്പോർട്ട്. ഇത് തിരിച്ച് കിട്ടണമെന്നാണ് ദിലീപിന്റെ ആവശ്യം. വിദേശത്ത് പോവാൻ ഏതൊക്കെ ദിവസങ്ങളിലാണ് അനുമതി വേണ്ടതന്ന കാര്യങ്ങൾ ഹർജിയിൽ പരാമർശിച്ചിട്ടില്ല. നേരത്തെ ദിലീപിന് ജാമ്യം നൽകിയ ജസ്റ്റിസ് സുനിൽ തോമസിന്റെ ബഞ്ചിൽ തന്നെയായിരിക്കും ഈ ഹർജി പരിഗണിക്കുക എന്ന സൂചനയുമുണ്ട്.

എന്നാൽ കടയുടെ ഉദ്ഘാടനത്തിന് ദിലീപ് പോയില്ലെങ്കിലും ഒന്നും സംഭവിക്കില്ലെന്നാണ് പൊലീസിന്റെ പക്ഷം. ദിലീപും നാദിർഷായും ചേർന്നാണ് ദേ പുട്ട് തുടങ്ങിയത്. നാദിർഷാ കേസിൽ പ്രതിയോ സാക്ഷിയോ ആകാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ ഇരുവരും ഒന്നിച്ച് കറങ്ങുന്നത് കേസിന് ഗുണകരമാകില്ലെന്നാണ് പൊലീസ് നിലപാട്. നാദിർഷാ പോയില്ലെങ്കിലും നാദിർഷായുമായി ബന്ധമുള്ളവർ ദിലീപിനൊപ്പം ദുബായിലുണ്ടാകും. ഇതിനെപ്പം കേസിലെ ഒർജിനൽ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ വിദേശത്തേക്ക് കടത്തിയെന്ന സംശയവും പൊലീസിനുണ്ട്. അതിനാൽ ദിലീപിന്റെ വിദേശ യാത്രയെ അംഗീകരിക്കാനാവില്ലെന്ന് പൊലീസും വിശദീകരിക്കും.

നേരത്തെ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് ആഭ്യന്തര സെക്രട്ടറിക്ക് കത്തയച്ചിരുന്നു.കേസിൽ പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയും എഡിജിപി ബി. സന്ധ്യയും തന്നെ കുടുക്കുകയായിരുന്നുവെന്നും കത്തിൽ ദിലീപ് ആരോപിച്ചു. സത്യം തെളിയണമെന്നാണ് ആഗ്രഹം. അതിനാൽ, ഇപ്പോഴത്തെ അന്വേഷണസംഘത്തെ മാറ്റിയാൽ യഥാർത്ഥ പ്രതികൾ കുടുങ്ങുമെന്നും ദിലീപ് പറയുന്നു. രണ്ടാഴ്‌ച്ച മുമ്പാണ് 12 പേജുള്ള കത്ത് ദിലീപ് അയച്ചത്. ജാമ്യത്തിൽ പുറത്തിറങ്ങിയ ശേഷമായിരുന്നു ഇത്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് തന്നെ ബ്ലാക്ക് മെയിൽ ചെയ്ത കാര്യം കൃത്യമായി തന്നെ ലോക്‌നാഥ് ബെഹ്‌റയെ അറിയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പൊലീസിന് കൈമാറുകയും ചെയ്തു. എന്നാൽ, ഇതെല്ലാം മറച്ചുവച്ച് തന്നെ പ്രതിയാക്കാനാണ് പൊലീസ് നീക്കം നടത്തിയതെന്നും ദിലീപ് കത്തിൽ ആരോപിച്ചു.

റൂറൽ എസ്‌പി. എ.വി. ജോർജ്, ക്രൈംബ്രാഞ്ച് എസ്‌പി. സുദർശൻ, ഡിവൈഎസ്‌പി സോജൻ വർഗ്ഗീസ്, ആലുവ സിഐ ബൈജു പൗലോസ് തുടങ്ങിയ ഉദ്യോഗസ്ഥരെ അന്വേഷണത്തിൽ നിന്നും മാറ്റി നിർത്തണമെന്നും കത്തിൽ ദിലീപ് ആവശ്യപ്പെട്ടിട്ടുണ്ട്. ഉപാധികളോടെ ജാമ്യത്തിലിറങ്ങിയ ദിലീപിനോട് കേസുമായി ബന്ധപ്പെട്ട് ആരെയും സ്വാധീനിക്കരുതെന്ന് കോടതി നിർദ്ദേശിച്ചിരുന്നു. എന്നാൽ, ഇത്തരത്തിലൊരു കത്ത് അയച്ചത് അന്വേഷണം വഴിതിരിച്ചുവിടാനുള്ള നീക്കത്തിന്റെ ഭാഗമാണോയെന്നും പൊലീസ് സംശയിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ദുബായ് യാത്രയേയും സംശയത്തോടെയാണ് പൊലീസ് കാണുന്നതും. അതുകൊണ്ട് തന്നെ കോടതിയെ ഇക്കാര്യമെല്ലാം അറിയിക്കും.

കഴിഞ്ഞ ദിവസം അന്വേഷണ സംഘം ദിലീപിനെ വീണ്ടും ചോദ്യം ചെയ്തിരുന്നു. നടിയെ ആക്രമിച്ച ദിവസം ചികിത്സയിലായിരുന്നെന്നു തെളിയിക്കാൻ ദിലീപ് സമർപ്പിച്ച മെഡിക്കൽ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന കണ്ടെത്തലിനെ തുടർന്നായിരുന്നു ചോദ്യം ചെയ്യൽ. സഹോദരൻ അനൂപിന്റെയും മൊഴിയെടുത്തു. കേസുമായി മുൻപു ബന്ധപ്പെട്ട രണ്ട് അഭിഭാഷകരെയും പൊലീസ് ക്ലബിലേക്കു വിളിപ്പിച്ചിരുന്നു. എസ്‌പി സുദർശന്റെ നേതൃത്വത്തിൽ ആലുവ പൊലീസ് ക്ലബിൽ രണ്ടു മണിക്കൂറോളം ദിലീപിനെ ചോദ്യം ചെയ്തു. ദിലീപ് ചികിത്സ തേടിയെങ്കിലും ആശുപത്രിയിൽ അഡ്‌മിറ്റായില്ലെന്നും വീട്ടിലായിരുന്നെന്നും കണ്ടെത്തിയതാണ് ചോദ്യം ചെയ്യലിനു കാരണമായത്. മെഡിക്കൽ സർട്ടിഫിക്കറ്റ് വ്യാജമാണെന്നാണു പൊലീസ് നിലപാട്. എന്നാൽ, ദിലീപിന് കടുത്ത പനിയായതിനാലാണു ചികിത്സ തേടിയതെന്നു ഡോക്ടർ മൊഴി നൽകിയിട്ടുണ്ട്.

കേസിൽ കുറ്റപത്രത്തിന്റെ കരടു നേരത്തേ തയാറാക്കിയിരുന്നു. നിയമോപദേശകരുടെ നിർദ്ദേശം അനുസരിച്ചുള്ള മാറ്റങ്ങളാണ് ഇപ്പോൾ വരുത്തുന്നത്. ഇതു ടൈപ്പ് ചെയ്യാൻ എസ്‌പി ഓഫിസിലെ മൂന്നു ജീവനക്കാരെ പൊലീസ് ക്ലബിലേക്കു നിയോഗിച്ചു. വിവരങ്ങൾ പുറത്തുപോകരുതെന്ന് കർശന നിർദ്ദേശമുണ്ട്. വിചാരണ പെട്ടെന്നു പൂർത്തിയാക്കാൻ പ്രത്യേക കോടതി വേണമെന്നും രഹസ്യവിചാരണ നടത്തണമെന്നും പൊലീസ് ആവശ്യപ്പെടും. മെഡിക്കൽ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ടു പ്രത്യേക കേസ് കുറ്റപത്രം സമർപ്പിക്കുന്നതിനു മുൻപു രജിസ്റ്റർ ചെയ്യണോ എന്ന കാര്യം പരിഗണിക്കുന്നുണ്ട്. മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകിയ ഡോക്ടറും ആശുപത്രി ജീവനക്കാരിൽ ചിലരും സാക്ഷികളായേക്കും.