കൊച്ചി: ദിലീപിനെ തടവുപുള്ളിയുടെ വേഷത്തിൽ കണ്ടപ്പോൾ സഹിക്കാൻ കഴിഞ്ഞില്ലെന്ന് നടൻ ഹരിശ്രീ അശോകൻ. അന്തിമവിധി വരുന്നതിനുമുൻപ് ദിലീപിനെ മാധ്യമവിചാരണ ചെയ്യരുതെന്നും ഹരിശ്രീ അശോകൻ ഇന്ത്യൻ എക്സ്പ്രസിനു നൽകിയ അഭിമുഖത്തിൽ ആവശ്യപ്പെട്ടു.

നിയമപരമായ അനുമതിയോടെയാണ് താൻ ജയിലിൽ പോയി ദിലീപിനെ കണ്ടത്. ജയിലിൽ ആകെ ലഭിച്ച 15 മിനിട്ടിൽ ദിലീപും താനും പൊട്ടിക്കരഞ്ഞു 'എനിക്കൊന്നുമറിയില്ല അശോകേട്ടാ' എന്നും പറഞ്ഞ് ദിലീപും പൊട്ടിക്കരഞ്ഞു. പിന്നീട് നിറകണ്ണുകളുമായി മുഖത്തോട് മുഖം നോക്കി നിന്നു. കേസിനെക്കുറിച്ച് തനിക്കൊന്നുമറിയില്ലെന്ന് ഹരിശ്രീ അശോകൻ പറഞ്ഞു.

അവസരം കിട്ടിയാൽ ഇനിയും ദിലീപിനെ ജയിലിൽ പോയി കാണുമെന്നും അദ്ദേഹം വ്യക്തമാക്കി. ദിലീപിന്റെ സിനിമ പ്രദർശിപ്പിക്കുന്ന തീയേറ്റർ കത്തിക്കണമെന്നു പറയുന്നവരെ ചലച്ചിത്ര അക്കാദമിയുടെ അംഗമായിരുത്തുന്നത് അത്ഭുതപ്പെടുത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

സിനിമ നല്ലതാണെങ്കിൽ ഓടുമെന്നും നൂറു രൂപ കടം ചോദിച്ച് കൊടുക്കാത്തവർ വരെ ഇന്ന് ദിലീപിന്റെ ശത്രുക്കളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദിലീപ് ആളുകൾക്ക് സിനിമയിൽ അവസരം നിഷേധിച്ചെന്ന വാദത്തോട് യോജിപ്പില്ലെന്നും ഹരിശ്രീ അശോകൻ പറഞ്ഞു.