ആലുവ: ആലുവ സബ് ജയിലിലെ റിമാൻഡ് പ്രതിയായ ദിലീപ് കഴിയുന്നത് നിരവധി സൗകര്യങ്ങൾക്ക് നടുവിൽ. ജയിൽ മുറിയിൽ ഉറങ്ങി എണീക്കുന്ന ദിലീപിന് കിടക്കും വരെ ജയിലിനുള്ളിൽ അത്യാഡംബര സൗകര്യങ്ങളാണ് ലഭിക്കുന്നതെന്ന് ജയിൽ ഡിജിപിക്ക് ആലുവാ സ്വദേശി ടിജെ ഗിരീഷ് പരാതി നൽകി. പ്രഭാത ഭക്ഷണത്തിന് ജയിൽ സൂപ്രണ്ടിന്റെ എസി മുറിയിൽ എത്തുന്ന ദിലീപ് കിടക്കും വരെയുള്ള സമയം ചെലവിടുന്നത് ഇവിടെയാണ്. 

അവധി ദിവസങ്ങളിൽ സന്ദർശകരെ അനുവധിക്കാത്തപ്പോഴും ഓണം അവധി ദിനങ്ങളിൽ ദിലീപിനെ കാണാൻ ജയിലിൽ എത്തിയത് നിരവധി പേരാണ്. സിനിമാക്കാരടക്കം നിരവധി പേരാണ് ദിലീപിനെ കാണാൻ അവധി ദിവസം ജയിലിലേക്ക് പ്രവഹിച്ചത്. കാവ്യയും മീനാക്ഷിയും ജയിലിൽ എത്തി ദിലീപിനെ സന്ദർശിച്ചതിന് പിന്നാലെ സിനിമാക്കാരും കേസിലെ പ്രതികൾ എന്ന് സംശയിക്കുന്നവരും അടക്കം പലരും ആലുവായിലെ ജയിലിൽ എത്തി ദിലീപിനെ കണ്ട് മടങ്ങി. ജയിലിനുള്ളിൽ മറ്റു പ്രതികൾക്ക് കൊടുക്കാത്ത ഇത്തരം സൗകര്യങ്ങൾ ദിലീപിന് മാത്രം അനുവധിച്ച് നൽകുന്നതിനെതിരെയാണ് ജയിൽ ഡിജിപിക്ക് പരാതി നൽകിയത്. 
ദിലീപും മുഖ്യപ്രതി പൾസർ സുനിയും ഒരേ ലൊക്കേഷനിൽ ഉണ്ടായിരുന്നതായി പൊലീസ് പറയുന്ന സിനിമയുടെ നിർമ്മാതാക്കൾക്കും സന്ദർശനാനുമതി നൽകി.

ദിലീപ് റിമാൻഡിലായതിന്റെ തൊട്ടടുത്ത അവധി ദിവസം ഇരട്ടക്കൊലക്കേസിലെ പ്രതി ജയിൽ സന്ദർശിച്ചതു വിവാദമായിരുന്നു. ജയിലിനുള്ളിൽ മറ്റു പ്രതികൾക്കു ലഭിക്കാത്ത ഇത്തരം പരിഗണനകൾ പീഡനക്കേസിലെ പ്രതിയായ നടന് എങ്ങനെ ലഭിച്ചുവെന്ന് അന്വേഷണം നടത്തി കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നാണു പരാതിക്കാരന്റ ആവശ്യം.  പിതാവിന്റെ ശ്രാദ്ധത്തിൽ പങ്കെടുക്കാൻ ദിലീപിനു കോടതി താൽക്കാലിക അനുമതി നൽകിയ വിവരം പുറത്തുവന്ന ശനിയാഴ്ച മുതലാണു ചലച്ചിത്ര പ്രവർത്തകർ ഒറ്റയ്ക്കും കൂട്ടായും ജയിൽസന്ദർശനം തുടങ്ങിയത്. കെ.ബി. ഗണേശ്‌കുമാർ എംഎൽഎ, തിരക്കഥാകൃത്ത് ബെന്നി പി. നായരമ്പലം, നിർമ്മാതാക്കളായ ആന്റണി പെരുമ്പാവൂർ, അരുൺ ഘോഷ്, ബിജോയ് ചന്ദ്രൻ തുടങ്ങിയവർ ഇന്നലെ ജയിലിലെത്തി ദിലീപിനെ കണ്ടു.

 തിരുവോണ നാളിൽ ഓണക്കോടിയുമായാണു നടൻ ജയറാം എത്തിയത്. സംവിധായകൻ രഞ്ജിത്, നിർമ്മാതാവ് ആൽവിൻ ആന്റണി, നടന്മാരായ നാദിർഷാ, സുരേഷ് കൃഷ്ണ, ഹരിശ്രീ അശോകൻ, കലാഭവൻ ഷാജോൺ, കലാഭവൻ ജോർജ് എന്നിവരും കഴിഞ്ഞ ദിവസങ്ങളിൽ ജയിൽ സന്ദർശിച്ചിരുന്നു.  എന്നാൽ, ആരോപണങ്ങൾ തെറ്റാണെന്ന നിലപാടാണു ജയിൽ സൂപ്രണ്ടിന്റേത്.

നടൻ ദിലീപിനെ കാണാൻ ജയിലിൽ കൂടുതൽ സന്ദർശകരെ അനുവദിച്ചതിലും ഓണക്കോടി സമ്മാനിച്ചതിലും അപാകതയില്ലെന്നു സൂപ്രണ്ട് പി.പി. ബാബുരാജ് പറഞ്ഞു. തടവുകാരെ കാണാൻ ഒരു ദിവസം രണ്ടോ മൂന്നോ പേരിൽ കൂടുതലാളുകളെ അനുവദിക്കാറില്ല. എന്നാൽ, ദിലീപിന്റെ പ്രത്യേക സാഹചര്യവും സന്ദർശകരുടെ പ്രാധാന്യവും കണക്കിലെടുത്താണു കൂടുതൽ പേർക്ക് അനുമതി നൽകിയത്.  അവധി ദിവസങ്ങളിൽ സന്ദർശകരെ അനുവദിക്കരുതെന്നു ജയിൽ ചട്ടങ്ങളിൽ പറയുന്നില്ല. തിരക്ക് ഒഴിവാക്കാനാണ് അങ്ങനെ ബോർഡ് വച്ചിരിക്കുന്നത്. അതു കർശനമായി നടപ്പാക്കേണ്ടതില്ലെന്നും സൂപ്രണ്ട് പറഞ്ഞു