കളമശ്ശേരി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ പ്രതിയായ ദിലീപ് ചോദ്യം ചെയ്യലിനായി അന്വേഷണ ഉദ്യോഗസ്ഥർ മുമ്പാകെ ഹാജരായി. കളമശ്ശേരിയിലെ ക്രെംബ്രാഞ്ച് ഓഫീസിലാണ് ദിലീപ് ചോദ്യം ചെയ്യലിനായി എത്തിയത്. രാവിലെ 8.45ഓടെ ആലുവയിലെ വീട്ടിൽ നിന്നിറങ്ങിയ ദിലീപ് അഞ്ച് മിനിറ്റു കൊണ്ട് തന്നെ കളമശ്ശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തി. സൺഫിലിം ഒട്ടിച്ച ഇന്നോവ ക്രിസ്റ്റ കാറിൽ അനുജൻ അനൂപിനും സഹോദരീ ഭർത്താവിനും ഒപ്പമാണ് ദിലീപ് ചോദ്യം ചെയ്യലിനായി എത്തിയത്.

വാഹനത്തിന്റെ മുൻസീറ്റിൽ നിന്നും ഇറങ്ങിയ ദിലീപ് വെള്ള ഷർട്ടും മുണ്ടും ധരിച്ചാണ് എത്തിയത്. മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല. കൈ ഉയർത്തി കാണിച്ച് ദിലീപ് ക്രൈംബ്രാഞ്ച് ഓഫീസിലേക്ക ഹാജരായി. അഞ്ച് പ്രതികളും ചോദ്യം ചെയ്യലിനായി എത്തിയിട്ടുണ്ട്. ആദ്യം ദിലീപ് അടക്കമുള്ള പ്രതികളെ വെവ്വേറെ ഇരുത്തി ചോദ്യം ചെയ്യും. പിന്നീട് ഒരുമിച്ച് ഇരുത്തിയും ചോദ്യം ചെയ്യാനാണ് ഒരുങ്ങുന്നത്. ഇതിനായി അന്വേഷണ സംഘത്തെ പലതായി തിരിച്ചിട്ടുണ്ട്. ചോദ്യം ചെയ്യൽ രംഗങ്ങളെല്ലാം വീഡിയോയിൽ പകർത്താനാണ് നീക്കം.

ദിലീപിനെ വ്യാഴാഴ്‌ച്ച വരെ അറസ്റ്റു ചെയ്യാൻ ക്രൈംബ്രാഞ്ച് സംഘത്തിന ആകില്ല. ചോദ്യം ചെയ്യലിന് ശേഷം കോടതിയുടെ തീരുമാന പ്രകാരമാകും താരത്തെ അറസ്റ്റു ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കുക. പൊലീസ് ഉദ്യോഗസ്ഥർ വാദികളായ കേസായതിനാൽ തന്നെ പൊലീസിന് വീറും വാശിയും അൽപ്പം കൂടുതൽ ഉണ്ടാകുമെന്ന കാര്യം ഉറപ്പാണ്. ദിലീപിനെ ചോദ്യം ചെയ്യാനുള്ള ഒരുക്കങ്ങൾ ഇന്നലെ രാത്രി തന്നെ പൂർത്തിയായിയിരുന്നു. ക്രൈംബ്രാഞ്ചിലെ ചോദ്യംചെയ്യൽ വിദഗ്ധരായ 3 പേരെ വിളിപ്പിച്ചിട്ടുണ്ട്. കൊടും കുറ്റവാളികളെ കൊണ്ടു പോലും സത്യം പറയിച്ചു പരിശീലനമുള്ളവരാണ് ഇവർ. പ്രതികൾ നൽകുന്ന മൊഴികളിലെ വസ്തുതകൾ അപ്പപ്പോൾ പരിശോധിക്കാനുള്ള സംവിധാനവുമൊരുക്കും.

ദിലീപ്, സഹാദരൻ അനൂപ്, സഹോദരി ഭർത്താവ് സൂരജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരാണ് മറ്റുള്ള പ്രതികൾ. ചോദ്യം ചെയ്യൽ വീഡിയോയിൽ ചിത്രീകരിക്കും. എഡിജിപി എസ്. ശ്രീജിത്, എംപി മോഹനചന്ദ്രൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ നടപടികൾ നടക്കുക. ഇതിനായുള്ള ചോദ്യാവലി അന്വേഷണസംഘം തയ്യാറാക്കി. ആദ്യം വിവിധ സംഘങ്ങളായി പ്രതികളെ ഓരോരുത്തരെയും പ്രത്യേകം ചോദ്യം ചെയ്യും.

ശേഷം സംഘത്തെ ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. അന്വേഷണസംഘത്തിന് ദിലീപിനെ മൂന്ന് ദിവസം ചെയ്യാമെന്നും രാവിലെ മുതൽ വൈകിട്ട് വരെ ചോദ്യം ചെയ്ത ശേഷം കേസ് പരിഗണിക്കുമ്പോൾ റിപ്പോർട്ട് നൽകണമെന്നുമാണ് ഹൈക്കോടതി പ്രോസിക്യൂഷന് നിർദ്ദേശം നൽകിയത്. രാവിലെ 9 മണി മുതൽ രാത്രി 8 മണി വരെ ചോദ്യം ചെയ്യാം.

എന്നാൽ, ഈ മാസം 27 വരെ പ്രതികളെ അറസ്റ്റ് ചെയ്യരുതെന്നും ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. പ്രതികൾ എല്ലാ തരത്തിലും അന്വേഷണവുമായി സഹകരിക്കണം. അന്വേഷണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും തടസ്സമുണ്ടാക്കിയാൽ ജാമ്യം റദ്ദാക്കുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നൽകി. ബുധനാഴ്ച വരെ കേസ് തീർപ്പാക്കുന്നില്ല എന്നും, അത് വരെ ദിലീപ് അടക്കമുള്ള ആറ് പ്രതികൾ അന്വേഷണവുമായി സഹകരിക്കട്ടെ എന്നും കോടതി വ്യക്തമാക്കി.

പ്രതികൾ അന്വേഷണവുമായി പൂർണമായും സഹകരിക്കണം. അന്വേഷണം തടസ്സപ്പെടുത്തുന്നതിനെക്കുറിച്ച് ചിന്തിക്കുകപോലും ചെയ്യരുത്. അങ്ങനെയുണ്ടായാൽ ഇപ്പോഴുള്ള സംരക്ഷണം റദ്ദാക്കപ്പെടുമെന്നും കോടതി ദിലീപിന് മുന്നറിയിപ്പ് നൽകിയിട്ടുണട്. ഇക്കാര്യം ദിലീപിനോട് പ്രത്യേകം പറയണമെന്ന് അഭിഭാഷകനോട് നിർദ്ദേശിച്ചു. പ്രതികളുടെ ജാമ്യഹർജി പരിഗണിക്കാൻ ഹൈക്കോടതി ശനിയാഴ്ച പ്രത്യേകം സിറ്റിങ് നടത്തി.

അന്വേഷണ ഉദ്യോഗസ്ഥനെ വകവരുത്താൻ ഗൂഢാലോചന നടത്തിയെന്ന ആരോപണം ഗൗരവമുള്ളതാണ്. പ്രോസിക്യൂഷൻ ഹാജരാക്കിയ ചില രേഖകൾ അലോസരപ്പെടുത്തുന്നതാണ്. നിലവിൽ ലഭിച്ച തെളിവുകൾ ഗൂഢാലോചനക്കുറ്റം തെളിയിക്കാൻ പര്യാപ്തമല്ലെന്നും കോടതി വാക്കാൽ അഭിപ്രായപ്പെട്ടു. മുൻകൂർ ജാമ്യഹർജി നൽകിയ ആലുവ സ്വദേശി ശരതിനെ കേസിൽ പ്രതിയാക്കിയിട്ടില്ലാത്തതിനാൽ ജാമ്യഹർജി 27-നു പരിഗണിക്കാൻ മാറ്റി.

നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ വകവരുത്താൻ ദിലീപ് അടക്കമുള്ള പ്രതികൾ ഗൂഢാലോചന നടത്തിയെന്ന സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലാണ് പുതിയ കേസിലേക്കു നയിച്ചത്. പ്രോസിക്യൂഷന്റെ പരാജയം മറയ്ക്കാൻ കെട്ടിച്ചമച്ച കഥയാണിതെന്നാണ് ദിലീപിന്റെ വാദം. എന്നാൽ, ഗൂഢാലോചന തെളിയിക്കുന്ന വീഡിയോയും ഓഡിയോയും അടക്കമുള്ള തെളിവുകളുണ്ടെന്നാണ് പ്രോസിക്യൂഷന്റെ വാദം.

നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈഎസ്‌പി ബിജു കെ പൗലോസ്, ദിലീപിനെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്ന ഡിവൈഎസ്‌പി കെ എസ് സുദർശൻ ഉൾപ്പടെയുള്ള അന്വേഷണ ഉദ്യോഗസ്ഥരെയും പൾസർ സുനിയെയും അപായപ്പെടുത്താൻ ദിലീപ് പദ്ധതിയിട്ടു എന്നതാണ് കേസ്. ബൈജു കെ പൗലോസിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്.