ദുബായ്: നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയായ നടൻ ദിലീപ് ദുബായിൽ തങ്ങുന്നത് രഹസ്യ കേന്ദ്രത്തിലെന്ന വാദം തള്ളി പൊലീസ്. ദിലീപിന്റെ താമസത്തെ കുറിച്ച് വ്യക്തമായ സൂചനകൾ കേരളാ പൊലീസിനുണ്ട്. ദിലീപിന്റെ ഓരോ നീക്കവും നിരീക്ഷിക്കുന്നുമുണ്ട്. മലയാള സിനിമയെ നിയന്ത്രിക്കുന്ന ദാവൂദ് ഗ്രൂപ്പിലെ ഗുൽഷൻ ദുബായിലാണ് ഉള്ളതെന്നാണ് വിലയിരുത്തൽ. ഗുൽഷനെ ദിലീപ് കാണുന്നുണ്ടോ എന്ന് അറിയാനാണ് പൊലീസ് ശ്രമം. കൊച്ചിയിലെ പ്രമുഖ നിർമ്മാതാവിനെതിരേയും നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. മയക്കുമരുന്ന് ലോബിയുടെ ഇടനിലക്കാരനായ ഈ നിർമ്മാതവിന് നടിയെ ആക്രമിച്ച സംഭവത്തിൽ പങ്കുണ്ടെന്ന സംശയവും ഉണ്ട്. ഗുൽഷനും ഈ നിർമ്മാതാവും അടുത്ത സുഹൃത്തുക്കളാണെന്നും പൊലീസ് കരുതുന്നു. ഇവരിൽ ആരെയെങ്കിലും ദിലീപ് കാണുന്നുണ്ടോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്.

അമ്മയോടൊപ്പമാണ് ദിലീപ് ദുബായിൽ എത്തിയത്. ദിലീപിനെ നിരീക്ഷിക്കാൻ കേരളാ പൊലീസിന്റെ ആറംഗ സംഘമാണ് ദുബായിലെത്തിയിട്ടുള്ളത്. ദേ പുട്ട് എന്ന തന്റെ റസ്റ്റോറന്റിന്റെ ശാഖാ ഉദ്ഘാടനത്തിൽ പങ്കെടുക്കാനാണ് എത്തിയത്. എന്നാൽ ഉദ്ഘാടനവുമായ ബന്ധപ്പെട്ട് ഇന്നലെ നടന്ന ചടങ്ങുകളിൽ നിന്ന് ദിലീപ് വിട്ടുനിന്നു. അമ്മയോടൊപ്പം രാവിലെ കൊച്ചിയിൽ നിന്ന് യാത്രതിരിച്ച ദിലീപ് യു.എ.ഇ സമയം ഉച്ചക്ക് 12.45 നാണ് ദുബായ് വിമാനത്താവളത്തിന്റെ ടെർമിനൽ മൂന്നിൽ ഇറങ്ങിയത്. ഇന്ന് നടക്കുന്ന ഔപചാരിക ഉദ്ഘാടനത്തിൽ ദിലീപ് പങ്കെടുത്തേക്കുമെന്നാണ് സൂചന. ഇന്നലെ ചടങ്ങുകളിലേക്ക് മാധ്യമങ്ങളെ ക്ഷണിച്ചിരുന്നെങ്കിലും സംവിധായകൻ നാദിർഷയാണ് മാധ്യമപ്രവർത്തകരെ അഭിമുഖീകരിച്ചത്. ഇന്നത്തെ ചടങ്ങിലേക്ക് മാധ്യമങ്ങളെ ക്ഷണിച്ചിട്ടുമില്ല. മാധ്യമങ്ങളെ ഒഴിവാക്കണമെന്ന് ദിലീപാണ് നാദിർഷായോട് നിർദ്ദേശിച്ചതെന്നാണ് സൂചന.

ജാമ്യവ്യവസ്ഥ പ്രകാരം ആറ് ദിവസത്തേക്കാണ് ദീലീപിന് പാസ്‌പോർട്ട് കൈമാറിയിട്ടുള്ളത്. ഇതനുസരിച്ച് നാലുദിവസം വിദേശത്ത് തങ്ങാം. നാളെ ചടങ്ങിൽ പങ്കെടുത്ത് മറ്റന്നാൾ ദിലീപ് നാട്ടിലേക്ക് തിരിക്കുമെന്നാണ് സൂചന. നാലുദിവസം വിദേശത്ത് തങ്ങാനായി ആറുദിവസത്തേക്ക് പാസ്‌പോർട്ട് വിട്ടുനൽകാൻ ഹൈക്കോടതി നിർദേശിച്ചത് പ്രകാരമാണ് ദിലീപ് ദുബായിലെത്തിയത്. കോടതി നിർദ്ദേശ പ്രകാരം കഴിഞ്ഞ ദിവസം അങ്കമാലി കോടതിയിൽ എത്തി ദിലീപ് പാസ്‌പോർട്ട് വാങ്ങിയിരുന്നു. നടിയെ ആക്രമിച്ച കേസിലെ മുഖ്യതെളിവായ മൊബൈൽ ഫോൺ വിദേശത്തേക്ക് കടത്തിയെന്ന് പൊലീസിന് സംശയമുണ്ട്. അതുകൊണ്ട് തന്നെ ദിലീപിന്റെ വിദേശയാത്രയെയും സംശയത്തോടെയാണ് പൊലീസ് കാണുന്നത്. ഇതിനൊപ്പമാണ് ഗുൽഷനും നിർമ്മാതാവും പൊലീസ് നിരീക്ഷണത്തിലെത്തുന്നത്. ഇതിൽ ഗുൽഷന്റെ കേന്ദ്രങ്ങളെ പറ്റി പൊലീസിന് ഒരു പിടിയുമില്ല. ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനിയിലെ പ്രധാനിയാണ് ഗുൽഷൻ.

മുഖ്യപ്രതി പൾസർ സുനി മാഡം ആരെന്ന് വെളിപ്പെടുത്തിയിട്ടും വമ്പൻസ്രാവിനേക്കുറിച്ച് സൂചനപോലും നൽകാൻ തയ്യാറാവാത്തതിന് പിന്നിൽ രഹസ്യ അജണ്ടയുണ്ടെന്നാണ് സിനിമലോകത്ത് പരക്കെ പ്രചരിച്ചിട്ടുള്ള വിവരം. ലോഹിതദാസിന്റെ നായികയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസ് ഒതുക്കി തീർത്തവരുടെ ഇടപെടലാണ് വമ്പൻ സ്രാവിനേയും രക്ഷിക്കുന്നതെന്ന വാദം സജീവമായിരുന്നു. വമ്പൻ സ്രാവിനെ കുറിച്ച് നിരവധി ഊഹാപോഹങ്ങൾ പ്രചരിച്ചിരുന്നു. മലയാള സിനിമയെ നിയന്ത്രിക്കുന്നത് ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനിയാണ്. ഗുൽഷനാണ് ദുബായിൽ ഇരുന്ന് കരുനീക്കം നടത്തുന്നത്. ഈ സാഹചര്യത്തിൽ വമ്പൻ സ്രാവിനെ പൊക്കിയാൽ ഈ സാമ്പത്തിക ക്രമക്കേട് പോലും മറനീക്കി പുറത്തുവരും. അതുകൊണ്ടാണ് നടിയുടെ അക്രമത്തിലെ യഥാർത്ഥ ഗൂഢാലോചന പുറത്തുവരാത്തതെന്ന വാദവും സജീവമാണ്. ഇതിനിടെയാണ് ദിലീപ് ദേ പുട്ടിന്റെ ഉദ്ഘാടനത്തിന് ദുബായിലെത്തുന്നത്.

മലയാള സിനിമയിലും ദാവൂദിന്റെ 'ഡി കമ്പനിയുടെ' സജീവ ഇടപെടലെന്ന് കേന്ദ്ര സാമ്പത്തിക കുറ്റാന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു. മലയാള സിനിമയുടെ വിദേശത്തെ സാറ്റലൈറ്റ് റൈറ്റും മറ്റും നേടിക്കൊടുക്കുന്നതിന്റെ മറവിലാണ് ദുബായ് കേന്ദ്രീകൃതമായ ഹവാല ഏജൻസിയുടെ ഇടപെടൽ നടക്കുന്നത്. മുമ്പ് ബോളിവുഡിൽ മാത്രമാണ് ഡി കമ്പനി ഇടപെട്ടിരുന്നത്. എന്നാൽ മുംബൈ സ്‌ഫോടനക്കേസും അനുബന്ധ പ്രശ്‌നങ്ങളും ഹിന്ദി സിനിമയുടെ നിയന്ത്രണം ഡി കമ്പനിയിൽ നിന്ന് ഏതാണ് അകറ്റി. ബോളിവുഡ് സൂപ്പർതാരങ്ങൾ സഞ്ജയ് ദത്തിന്റെ അറസ്റ്റോടെ അധോലോകത്ത് നിന്ന് അകലം പാലിച്ചു. ഇതോടെ മറ്റ് പ്രാദേശിക ഭാഷകളിലേക്ക് ഡി കമ്പനി തിരിയുകയായിരുന്നു. കൂടുതൽ സേഫ് ആയ മലയാളത്തിലേക്ക് കണ്ണെത്തി. ഗൾഫിലെ മലയാളി പ്രേക്ഷകരുടെ സാന്നിധ്യം കൊണ്ടു തന്നെ സിനിമകൾ വിജയിക്കുമെന്ന തിരിച്ചറിവായിരുന്നു ഇതിന് കാരണം. അങ്ങനെ വിദേശത്തെ റൈറ്റുകളെല്ലാം ഡി കമ്പനിയിലൂടെ നീങ്ങി. കള്ളപ്പണവും ഹാവാല പണവും നടന്മാരുടേയും നിർമ്മാതക്കാളുടേയും പോക്കറ്റിലേക്ക് ഒഴുകിയെന്നാണ് വിലയിരുത്തൽ.

ദാവൂദിന്റെ വിശ്വസ്താനാണ് ഗുൽഷൻ. ഗുൽഷനാണ് ദുബായിലിരുന്ന് മലയാള സിനിമയെ നിയന്ത്രിക്കുന്നത്. ഓരോ താരങ്ങൾക്കും പറഞ്ഞുറപ്പിക്കുന്നതിൽ നാമമാത്ര തുകയാണ് കേരളത്തിൽ കൊടുക്കുക. ബാക്കി തുക ഇടാപാട് നടത്തുന്നത് ഗുൽഷനാണെന്നാണ് കണ്ടെത്തൽ. മലയാളത്തിൽ കഴിഞ്ഞ അഞ്ചു വർഷം നിർമ്മിച്ച മുഴുവൻ സിനിമകളുടെയും ധന വിനിയോഗത്തിന്റെ വിശദമായ കണക്കെടുപ്പു നടത്താനും സാമ്പത്തിക കുറ്റാന്വേഷണ ഏജൻസികൾ നീക്കം നടത്തിയിരുന്നു. ഇതോടെയാണ് ദാവൂദിന്റെ കമ്പനിയുടെ ഇടപെടൽ വ്യക്തമായത്. എല്ലാ സിനിമയുടേയും വിദേശ റൈറ്റ് ഇവർക്ക് കൊടുക്കും. തുച്ഛമായ തുക കണക്കിൽ കാണിക്കും. ബാക്കി തുക ഹവാലയായിരിക്കും. ഇതും നടന്മാരുടെ അക്കൗണ്ടിലേക്കാകും മാറ്റുക. സിനിമാ അഭിനയത്തിന് മുമ്പ് തന്നെ നിർമ്മാതാവും വിതരക്കാരുമായെല്ലാം നടന്മാർ ഇതു സംബന്ധിച്ച ധാരണയുണ്ടാകും. അങ്ങനെ വിദേശത്തെ അക്കൗണ്ടിലാകുന്ന അനധികൃത പണം ഹവാല ചാനലുകളിലൂടെ റിയൽ എസ്റ്റേറ്റിലേക്ക് ഒഴുകും. ഇതാണ് രീതി. നടിയെ ആക്രമിച്ച സംഭവമുണ്ടായതോടെ മലയാള സിനിമ വമ്പൻ പ്രതിസന്ധിയിലായി. ഈ പ്രതിസന്ധി ദുബായ് ടീമിനേയും ബാധിച്ചു.

ഈ സാഹചര്യത്തിൽ ഗുൽഷൻ ചില ഇടപെടലുകൾ കേരളത്തിൽ നടത്തിയെന്ന് പൊലീസ് കരുതുന്നു. വമ്പൻ സ്രാവിലേക്ക് അന്വേഷണം എത്താത്തുപോലും ഇതുകൊണ്ടാണെന്നാണ് വിലയിരുത്തൽ.