കൊച്ചി: ദിലീപിന് അമ്പതാം ദിവസത്തിലും ഹൈക്കോടതി ജാമ്യം നൽകുന്നില്ല. മലയാള സിനിമയെ നിയന്ത്രിച്ചിരുന്ന താരാരാജാവിന്റെ ജയിൽ വാസം പ്രേകഷകരേയും സ്വാധീനിച്ചു. തിയേറ്ററുകളിലേക്ക് ആരും എത്തുന്നില്ല. രണ്ട് മാസമായി വലിയ പ്രതിസന്ധിയിലാണ് മലയാള സിനിമ. ഏറെ പ്രശംസ പടിച്ചു പറ്റിയ തൊണ്ടിമുതലും ദൃക്‌സാക്ഷിയും പോലും വലിയ ചലനമുണ്ടാക്കിയില്ല. സാധാരണ നിലയിൽ കോടികൾ വാരി പടമായി മാറേണ്ടതായിരുന്നു തൊണ്ടി മുതലും ദൃക്‌സാക്ഷിയും. തമിഴ് ചിത്രമായ വിക്രം വേദയും മികച്ച അഭിപ്രായം തേടി. അജിത്തിന്റെ വിവേകവും ആദ്യ രണ്ട് ദിവസം ഫാൻസുകാരെ ആകർഷിച്ചു. അതിന് അപ്പുറം തമിഴ് ചിത്രത്തിനും കേരളത്തിൽ തരംഗമാകാനാവുന്നില്ല. അതിനിടെയാണ് ഓണക്കാലം എത്തുന്നത്. മലയാളികൾ ആവേശത്തോടെ തിയേറ്ററിലെത്തുന്നത് ഓണക്കാലത്താണ്. ഇത്തവണ എന്തു സംഭവിക്കുമെന്ന് ആർക്കും അറിയില്ല.

തൊണ്ണൂറുകളോടെയാണ് മലയാള സിനിമയുടെ നിയന്ത്രണം മോഹൻലാലും മമ്മൂട്ടിയും ഏറ്റെടുത്തത്. അതിന് ശേഷം ഉയർച്ച താഴ്ചകളെ സ്വാധീനിച്ചത് ഈ നടന്മാരുടെ സിനിമകളായിരുന്നു. എന്നാൽ അഞ്ച് വർഷമായി ഇവരുടെ ഇടപെടൽ കുറഞ്ഞു. യുവതാരങ്ങൾ വിപണിയിലെ താരമായി. ന്യൂജെൻ സിനിമകളിലൂടെ കൊച്ച് ചിത്രങ്ങൾ പോലും വമ്പൻ വിജയകഥ രചിച്ചു. അങ്ങനെ തിയേറ്ററുകൾ ഉണർന്നു. കൂടുതൽ പ്രേക്ഷകർ മൾട്ടി പ്ലക്‌സുകളിലെ അത്യാധുനികത ആസ്വദിക്കാനെത്തി. ഇതിനിടെ കഴിഞ്ഞ ക്രിസ്മസ് കാലത്ത് ലിബർട്ടി ബഷീറിന്റെ ഏകപക്ഷീയ നിലപാടുകൾ ഇൻഡസ്ട്രിയെ പിടിച്ചുലച്ചു. സിനിമകളൊന്നും തിയേറ്ററിലെത്തിയില്ല. ഇതിന് അവസാനം കുറിച്ചത് ദിലീപിന്റെ നേതൃത്വത്തിലെ പുതിയ സംഘടനയായിരുന്നു. ഇനിയൊരിക്കലും പ്രതിസന്ധിയുണ്ടാകില്ലെന്ന് ഉറപ്പിക്കാനുള്ള ഇടപടെലായി താരരാജാവിന്റെ നീക്കത്തെ വിലയിരുത്തി. എന്നാൽ ഈ ഓണക്കാലത്ത് ദിലീപിന്റെ അറസ്റ്റ് തന്നെ സിനിമാ ലോകത്തെ പിടിച്ചുലയ്ക്കുന്നു

കാലമായി മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ച് ഓണക്കാലത്ത് മത്സരത്തിന് എത്തുന്നത് പതിവില്ലായിരുന്നു. ന്യൂജെൻ സിനിമകൾ തിയേറ്റർ കീഴടക്കിയതോടെ താരരാജാക്കന്മാരുടെ പ്രസക്തി കുറയുകയും ചെയ്തു. നിവിൻ പോളിയും ഫഹദ് ഫാസിലുമെല്ലാം വിജയ ചിത്രങ്ങളുമായി പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളായി. പൃഥ്വി രാജും സ്വന്തം സ്‌പെയ്‌സ് കണ്ടെത്തി. പൃഥ്വിയുടെ ചിത്രങ്ങൾക്ക് മികച്ച ഇനിഷ്യലും ലഭിക്കുമായിരുന്നു. എന്നാൽ ദിലീപ് അകത്തായ ശേഷമെത്തിയ ടിയാൻ ആകെ തളർന്നു. പൃഥ്വിയുടെ സിനിമയ്ക്ക് ലഭിക്കുന്ന സാധാരണ കളക്ഷൻ പോലും ലഭിച്ചില്ല. ദിലീപിന്റെ അറസ്റ്റിന്റെ സാഹചര്യത്തിൽ സിനിമയെ കൈയിലെടുക്കാനുള്ള ശ്രമത്തിൽ നിന്ന് ചിലർ പിന്മാറിയതും അതുകൊണ്ട് മാത്രമായിരുന്നു. തിയേറ്ററിൽ പ്രേക്ഷകരെത്തിയില്ലെങ്കിൽ വ്യവസായം തളരും. പല തിയേറ്ററുടമകളും കോടികൾ മുടക്കി നവീകരിച്ചത് സിനിമയോടുള്ള പ്രേക്ഷക താൽപ്പര്യം തിരിച്ചറിഞ്ഞായിരുന്നു. അവരും ദിലീപിന്റെ അറസ്റ്റോടെ നിരാശയിലായി.

ഈ ഓണക്കാലത്ത് കാര്യങ്ങൾ മാറ്റിയെടുക്കാനായിരുന്നു ശ്രമം. ദിലീപിന് ജാമ്യം കിട്ടുമെന്നും താരരാജാവ് പുറംലോകത്ത് എത്തുമ്പോൾ അത് പുത്തനുണർവ്വാകുമെന്നും കരുതി. ദിലീപിന്റെ രാമലീല പോലും തിയേറ്ററിലെത്തിക്കാമെന്ന പ്രതീക്ഷയിലായിരുന്നു നിർമ്മാതാവ് ടോമിച്ചൻ മുളക് പാടം. ഇന്നത്തെ കോടതി വിധിയോടെ ഈ പ്രതീക്ഷയെല്ലാം തെറ്റുകയാണ്. ദിലീപ് ഉടനൊന്നും പുറത്തിറങ്ങില്ലെന്ന് എല്ലാവർക്കും ഉറപ്പായി. ഇതോടെ ഓണചിത്രങ്ങളെ കരുതലോടെ തിയേറ്ററിലെത്തിക്കുകയായാണ് സിനിമാ പ്രവർത്തകർ. മോഹൻലാലും മമ്മൂട്ടിയും നിവിൻ പോളിയും പൃഥ്വരാജും ഓണത്തിന് സിനിമകളുമായെത്തും. ചെറുകിടക്കാരാരും ഈ ഓണത്തിന് സിനിമ ഇറക്കാൻ മടിക്കുന്നു. ഇൻഡസ്ട്രിയുടെ ഏറ്റവും വലിയ പ്രതീക്ഷ വെളിപാടിന്റെ പുസ്‌കതത്തിലാണ്. ലാൽ ജോസ് മോഹൻലാലിനെ നായകനാക്കി ആദ്യമായെടുക്കുന്ന ചിത്രം തരംഗമാകുമെന്നാണ് ഏവരുടേയും പ്രതീക്ഷ.

ഇടക്കാലത്ത് ലാൽ ചിത്രങ്ങൾക്ക് പ്രിയം കുറഞ്ഞിരുന്നു. എന്നാൽ പുലിമുരുകൻ കാര്യങ്ങൾ മാറ്റി മറിച്ചു. 150 കോടി ക്ലബ്ബിലെത്തുന്ന ആദ്യ മലയാള നായകനായി ലാൽ മാറി. ഈ മാന്ത്രിക സ്പർശം ഓണക്കാലത്തും മലയാളത്തെ രക്ഷിക്കുമെന്നാണ് സിനിമാ ലോകത്തിന്റെ അടക്കം പറച്ചിൽ. മോഹൻലാലിന്റെ വില്ലൻ മാറ്റിവച്ചാണ് വെളിപാടിന്റെ പുസ്തകം റിലീസിന് എത്തുന്നത്. ബി ഉണ്ണികൃഷ്ണനും വില്ലനേക്കാൽ ആദ്യം വെളിപാടിന്റെ പുസ്തകം തീയേറ്ററിലെത്തേട്ടേയെന്ന നിലപാട് എടുത്തുവെന്നാണ് സൂചന. കുടുംബ പ്രേക്ഷകരെ മമ്മൂട്ടിയുടെ പുള്ളിക്കാരൻ സ്റ്റാറാ എന്ന ചിത്രവും ആവേശത്തിലാക്കുമെന്നാണ് പ്രതീക്ഷ. അകന്നു നിൽക്കുന്ന ഏല്ലാവരേയും രണ്ട് സൂപ്പർതാരങ്ങൾ വീണ്ടും തിയേറ്ററിലെത്തിച്ച തങ്ങളുടെ പ്രേക്ഷക സ്വാധീനം വീണ്ടും തെളിയിക്കുമെന്നാണ് ഇൻഡസ്ട്രിയുടെ കണക്ക് കൂട്ടൽ. മലയാള സിനിമയിലെ എക്കാലത്തേുയം പ്രേക്ഷക പിന്തുണയുള്ള താരമായി ലാലിനേയും മമ്മൂട്ടിയേയും ഈ ഓണക്കാലം മാറ്റുമെന്നാണ് പ്രതീക്ഷ.

യുവത്വത്തെ തിയേറ്റളിലെത്തിക്കുകയെന്ന ദൗത്യം നിവിൻ പോളിക്കാണ്. ഞണ്ടുകളുടെ നാട്ടിലൊരു ഇടവേളയെന്ന സിനിമയുടെ പേരു പോലെ തന്നെ പ്രേക്ഷക ശ്രദ്ധനേടുമെന്നാണ് വിലയിരുത്തൽ. മിനിമം ഗാരന്റി സിനിമകളുടെ നായകനാണ് ഇന്ന് നിവിൻ പോളി. വലിയൊരു ഇടവേളയ്ക്ക് ശേഷം നിവിൻ പോളി എത്തുമ്പോൾ അത് യുവാക്കളെ തിയേറ്ററിൽ സജീവമാക്കും. ഇതിനൊപ്പം പൃഥ്വിരാജിന്റെ ആദം ജോണും എത്തും. അങ്ങനെ നാല് ചിത്രങ്ങൾ തമ്മിലാണ് ഓണക്കാലത്തെ പോര്. പത്തോളം ചിത്രങ്ങളാണ് ഓണം റിലീസുകളായി നിശ്ചയിച്ചിരുന്നതെങ്കിലും സൂപ്പർ മെഗാ താരങ്ങളായ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ചിത്രങ്ങളടക്കം അഞ്ചേ അഞ്ച് ചിത്രങ്ങൾ മാത്രമേ ഓണം റിലീസുകളായി തിയേറ്ററുകളിലെത്തൂവെന്നതാണ് സൂചന. വിജയപ്രതീക്ഷയോടെ തിയേറ്ററുകളിലെത്തുന്ന മമ്മൂട്ടി മോഹൻലാൽ ചിത്രങ്ങൾ തമ്മിലുള്ള മത്സരം തന്നെയായിരിക്കും ഈ ഓണ മത്സരത്തിന് മാറ്റ് കൂട്ടുന്നത്.

ലാൽജോസും മോഹൻലാലും ഒന്നിക്കുന്ന വെളിപാടിന്റെ പുസ്തകമാണ് ഓണം റിലീസുകളിൽ ആദ്യമെത്തുന്നത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന വെളിപാടിന്റെ പുസ്തകം മാക്‌സ് ലാബ് റിലീസാണ് തിയേറ്ററുകളിലെത്തിക്കുന്നത്. മോഹൻലാൽ ഒരു തീരദേശ കോളേജിലെ വൈസ് പ്രിൻസിപ്പലായിയെത്തുന്ന ചിത്രത്തിൽ അന്നാരാജനും പ്രിയങ്കാ നായരുമാണ് നായികമാരാകുന്നത്. സിദ്ദിഖ്, സലിംകുമാർ, അനൂപ് മേനോൻ, വിജയ്ബാബു എന്നിവരാണ് മറ്റ് താരങ്ങൾ. യൂണിവേഴ്‌സൽ സിനിമാസിന്റെ ബാനറിൽ ബി. രാകേഷ് നിർമ്മിച്ച് ശ്യാംധർ സംവിധാനം ചെയ്യുന്ന പുള്ളിക്കാരൻ സ്റ്റാറാ ആന്റോ ജോസഫ് ഫിലിം കമ്പനി സെപ്റ്റംബർ ഒന്നിന് തിയേറ്ററുകളിലെത്തിക്കും. മമ്മൂട്ടി ടീച്ചേഴ്‌സ് ട്രെയിനറായ രാജകുമാരൻ എന്ന കഥാപാത്രത്തെയാണ് ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ആശാ ശരത്തും ദീപ്തി സതിയുമാണ് നായികമാർ. നിവിൻ പോളി നായകനാകുന്ന ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള, പൃഥ്വിരാജ് നായകനാകുന്ന ആദം ജോൺ എന്നിവ സെപ്റ്റംബർ രണ്ടിനാണ് റിലീസ് ചെയ്യുന്നത്.

രൺജി പണിക്കരുടെ നിർമ്മാണ വിതരണക്കമ്പനിയായ രൺജി പണിക്കർ എന്റർടെയ്ന്മെന്റ് സാണ് പൃഥ്വിരാജിന്റെ ആദം ജോൺ പ്രദർശനശാലകളിലെത്തിക്കുന്നത്. നിവിൻ പോളി ചിത്രങ്ങളായ പ്രേമത്തിലും സഖാവിലും ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ച അൽത്താഫ് സലിം രചനയും സംവിധാനവും നിർവഹിക്കുന്ന ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേളയിൽ ഒരു പ്രവാസിയുടെ വേഷമാണ് നിവിൻ പോളിക്ക്. ഐശ്വര്യ ലക്ഷ്മിയും, അഹാനകൃഷ്ണകുമാറുമാണ് നായികമാർ. പോളി ജൂനിയർ ഫിലിംസിന്റെ ബാനറിൽ നിവിൻ പോളി നിർമ്മിക്കുന്ന ചിത്രം ഇ ഫോർ എന്റർടെയ്ന്മെന്റാണ് തിയേറ്ററുകളിലെത്തിക്കുന്നത്. അതേസമയം ഓണം റിലീസ് നിശ്ചയിച്ചിരുന്ന ലവകുശ, ആകാശമിഠായി, നിവിൻപോളിയുടെ തമിഴ് ചിത്രം റിച്ചി എന്നിവ ഓണത്തിന് ശേഷമേ തിയേറ്ററുകളിലെത്തൂ.