ആക്ഷൻത്രില്ലർ സിനിമാ കഥകളെയും വെല്ലുന്ന ക്ലൈമാക്‌സിലാണ് നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസ് എത്തിച്ചേർന്നിരിക്കുന്നത്. നടി ആക്രമിക്കപ്പെട്ട സംഭവം വന്നിതിനു പിന്നാലെ തന്നെ ദിലീപ് സംശയനിഴലിലായിരുന്നു.

കേസിലെ മുഖ്യപ്രതിയായ പൾസറും കൂട്ടാളികളും പിടിയിലായതോടെ അവസാനിച്ചെന്നു കരുതിയ കേസാണ് ഇപ്പോൾ നിണായകമായി വഴിത്തിരിവിൽ എത്തിനിൽക്കുന്നത്. ജനപ്രിയനായകൻ വില്ലനായി ജിയിലിൽ എത്തിയതുവരെയുള്ള സംഭവവികാസങ്ങൾ ഇങ്ങനെ.

ഫെബ്രുവരി 17
ആലുവ-കൊച്ചി ഹൈവേയിൽ വച്ചാണ് നടി ആക്രമിക്കപ്പെട്ടത്. കൊച്ചിയിലേക്ക് ഡബ്ബിങ്ങിനായി പോകുമ്പോഴായിരുന്നു സംഭവം. മുകേഷ് ഉൾപ്പെടെയുള്ള സിനിമാക്കാരുടെ സ്ഥിരം ഡ്രൈവറായ പൾസറും സുഹൃത്തുക്കളും കാറിൽ വെച്ച് നടിയെ ആക്രമിക്കുകയായിരുന്നു. ആക്രമണശേഷം നടിയെ കൊച്ചിയിൽ ഉപേക്ഷിച്ചു. തുടർന്ന് നടി സംവിധായകൻ ലാലിന്റെ വീട്ടിൽ അഭയം തേടിയ നടി. പിറ്റേന്ന് രാവിലെ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയും ചെയ്തു.
നടി ആക്രമിക്കപ്പെട്ടതിനെതിരെ കൊച്ചി മറൈൻ ഡ്രൈവിൽ അമ്മയുടെ യോഗം. അതേസമയം അമ്മയുടെ ഒരു പ്രസ്താവന വിവാദങ്ങളുണ്ടാക്കി. സ്ത്രീകൾ രാത്രി ജോലിക്ക് പോകുന്നതു കൊണ്ടാണ് ഇത്തരം പ്രശ്‌നങ്ങൾ ഉണ്ടാകുന്നതെന്നായിരുന്നു അമ്മയുടെ ആദ്യ പ്രസ്താവന.

ഫെബ്രുവരി 19
സിനിമാ മേഖലയിൽ നിന്നുള്ളവരാണ് ഇതിന് പിന്നിലെന്ന് സൂചനകൾ പുറത്തുവരവെ പൾസർ തന്റെ ഡ്രൈവറാണെന്ന കാര്യം മുകേഷ് സ്ഥിരീകരിക്കുകയും ചെയ്തു. പൾസർ ഇത്ര വലിയ കുറ്റവാളിയാണെന്ന് അറിയില്ലായിരുന്നുവെന്നും ഒരു വർഷത്തോളം സുനിയോടൊപ്പം താൻ ജോലി ചെയ്തിട്ടുണ്ടെന്നും മുകേഷ് വ്യക്തമാക്കി.

ഫെബ്രുവരി 24
തുടർന്ന് നടന്ന അന്വേഷണത്തിനൊടുവിൽ പൾസർ സുനി അറസ്റ്റിലായി. അതും നാടകീയ സംഭവങ്ങൾക്കൊടുവിലായിരുന്നു. കൊച്ചി എ.സി.ജെ.എം കോടതിയിൽ കീഴടങ്ങാനെത്തിയ പൾസറിനെ ജുഡിഷ്യൽ കസ്റ്റഡി ഒഴിവാക്കാനായി പൊലീസ് കോടതിയിൽ വെച്ചു തന്നെ അറസ്റ്റ് ചെയ്തുകൊണ്ടു പോകുകയായിരുന്നു. കോടതിയിൽ സുഹൃത്ത് വിജീഷിനൊപ്പമാണ് പൾസർ സുനി കീഴടങ്ങാനെത്തിയത്. ഒരാഴ്‌ച്ചയോളം ഒളിവിൽ കഴിഞ്ഞ ശേഷമായിരുന്നു പൾസർ കോടതിയിലേത്തിയത്. പൊലീസ് അറസ്റ്റ് ചെയ്ത് അങ്കമാലി കോടതിയിൽ ഹാജരാക്കിയ പൾസറിനെ പൊലീസ് കസ്റ്റഡയിൽ വിടാൻ കോടതി ഉത്തരവിട്ടു. പിന്നീട് നടന്ന ചോദ്യം ചെയ്യലിൽ തനിക്ക് ആരും ക്വട്ടേഷൻ തന്നിട്ടില്ലെന്നും സംഭവത്തിൽ ഗൂഢാലോചന നടന്നിട്ടില്ലെന്നുമാണ് പൾസർ മൊഴി നൽകിയത്.

മെയ് 17
ചലച്ചിത്ര മേഖലയിലെ സ്ത്രീകളുടെ സുരക്ഷതത്വവും അവകാശവും മുൻനിർത്തി വുമൺ ഇൻ സിനിമ കളക്ടീവ് എന്ന സംഘടനയുടെ രൂപീകരണം. മഞ്ജു വാര്യരും റിമ കല്ലിങ്കലും വിധു വിൻസെന്റും പാർവ്വതിയും ബീനാ പോളുമടങ്ങുന്ന സംഘം മുഖ്യമന്ത്രിയ കണ്ട് പരാതി ബോധിപ്പിക്കുകയും തങ്ങളുടെ സംഘടനക്ക് തുടക്കം കുറിക്കുകയും ചെയ്തു.

ജൂൺ 24
ദിലീപിനെ കേസിലേക്ക് എത്തിക്കുന്നതായിരുന്നു പൾസർ സുനി എഴുതിയ കത്ത്. ഈ കത്ത് പുറത്തുവന്നതിനെ തുടർന്ന് എല്ലാ സംശയദൃഷ്ടികളും ദിലീപിലേക്ക് നീണ്ടു. ചേട്ടൻ എല്ലാം ആലോചിച്ചു ചെയ്യണമെന്നും ചേട്ടൻ ഞാൻ ഇതുവരെ കൈവിട്ടിട്ടില്ലെന്നുമായിരുന്നു കത്തിലുണ്ടായിരുന്നത്. കത്തിന്റെ കോപ്പി തനിക്ക് ലഭിച്ചിരുന്നതായും ഏത് അന്വേഷണത്തിനും തയ്യാറാണെന്നും ദിലീപ് പ്രതികരിച്ചു.

ജൂൺ 25
പൾസർ സുനിയുടെ സുഹൃത്ത് ദിലീപിന്റെ മാനേജർ അപ്പുണ്ണിയെയും തന്നെയും വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നതായി ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിർഷാ. പണം മോഹിച്ചാണ് പൾസർ കത്തയച്ചതെന്നും സുഹൃത്ത് വഴി ഫോൺ വിളിച്ചതെന്നും നാദിർഷായുടെ പ്രതികരണം. ഇതു സംബന്ധിച്ച് എഡിജിപിക്ക് പരാതി നൽകിയിരുന്നെന്നും എന്നാൽ ഇതുവരെ നടപടിയെടുത്തില്ലെന്നും നാദിർഷ ചൂണ്ടിക്കാട്ടി. എന്നാൽ അതിന് മുമ്പ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പരാതി നൽകിയ കാര്യം ദിലീപ് സൂചിപ്പിച്ചില്ല എന്നതും കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കി.

ജൂൺ 26
ദിലീപിനെ പിന്തുണച്ച് സലീം കുമാറും അജു വർഗീസും ലാൽ ജോസും ഫേസ്‌ബുക്ക് പോസ്റ്റുമായി രംഗത്തെത്തി. നടിയെ നുണപരിശോധനയക്ക് വിധേയമാക്കണമെന്ന സലീം കുമാറിന്റെ വിവാദ പ്രസ്താവന അദ്ദേഹത്തെ മാപ്പ് പറയിക്കുന്നതിൽ എത്തിച്ചു. നടിയുടെ പേര് പരാമർശിച്ച അജു വർഗീസിനും മാപ്പ് പറയേണ്ടി വന്നു.

ജൂൺ 27
ദിലീപിനെയും നാദിർഷായെയും ചോദ്യം ചെയ്യാനായി പൊലീസ് ആലുവ പൊലീസ് ക്ലബ്ബിൽ വിളിച്ചു വരുത്തി. ഉച്ചക്ക് തുടങ്ങിയ ചോദ്യം ചെയ്യൽ നീണ്ടത് അർധരാത്രി വരെ. 12 മണിക്കൂർ നീണ്ടു നിന്ന ചോദ്യം ചെയ്യലിനൊടുവിൽ ദിലീപിനെയും നാദിർഷായെയും വിട്ടയച്ചു. അതിനിടയിൽ സിദ്ദിഖും നാദിർഷായുടെ അനിയൻ സമദും പൊലീസ് ക്ലബ്ബിലെത്തി. പൾസർ സുനിയും ദിലീപും ഒരേ ലൊക്കേഷനിൽ വന്നു എന്നത് മാത്രമാണ് അന്ന് പൊലീസിന് ലഭിച്ച തെളിവ്.

ജൂൺ 29
അമ്മയുടെ നിർണായകമായ ജനറൽ ബോഡി യോഗം. നടി ആക്രമിക്കപ്പെട്ട ശേഷവും വുമൺ ഇൻ കളക്ടീവ് സിനിമ രൂപീകരിച്ച ശേഷവും ചേരുന്ന ആദ്യ യോഗം. റിമ കല്ലിങ്കലും രമ്യാ നമ്പീശനുമടക്കമുള്ള താരങ്ങൾ യോഗത്തിൽ നടി ആക്രമിക്കപ്പെട്ട കാര്യം ചർച്ച ചെയ്യുമെന്ന് പ്രതീക്ഷ. എന്നാൽ യോഗത്തിന് ശേഷം വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് പൊട്ടിത്തെറിക്കുകയാണ് അമ്മയിലെ അംഗങ്ങൾ ചെയ്തത്. അമ്മ ഒറ്റക്കെട്ടാണെന്നും ആർക്കും തകർക്കാനാകില്ലെന്നും ഗണേശ് കുമാർ.
അമ്മക്കെതിരെ സോഷ്യൽ മീഡിയയിൽ രോഷപ്രകടനം. നടിയെ സംരക്ഷിക്കാതെ അമ്മ നടിയ അപമാനിച്ച ദിലീപിന്റെ ഭാഗത്ത് നിന്നുവെന്ന് ആക്ഷേപം. സിനിമാ മേഖലയിലുള്ളവർ പോലും അമ്മയ്‌ക്കെതിരെ ശക്തമായി രംഗത്തെത്തി.

ജൂലായ് രണ്ട്
ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവന്റെ വീട്ടിലും സ്വകാര്യ സ്ഥാപനത്തിലും പൊലീസ് റെയ്ഡ്. വീട്ടിൽ ആളില്ലാത്തതിനാൽ പൊലീസ് തിരിച്ചുപോയി. നടിയുടെ ദൃശ്യങ്ങൾ പകർത്തിയ മെമ്മറി കാർഡ് സ്ഥാപനത്തിൽ ഏൽപ്പിച്ചുവെന്ന പൾസറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. പൊലീസ് മെമ്മറി കാർഡ് പിടിച്ചെടുത്തു.
അതിനിടയിൽ മാഡം എന്ന പേരിലേക്ക എല്ലാ കണ്ണുകളുമെത്തുന്നു. ഇതിന് പിന്നിൽ ഒരു മാഡമുണ്ടെന്ന് പൾസർ സുനിയുടെ സുഹൃത്തുക്കൾ പറഞ്ഞതായി ഫെനി ബാലകൃഷ്ണന്റെ വെളിപ്പെടുത്തൽ. സോളാർ കേസിൽ സരിതയ്ക്ക് വേണ്ടി ഹാജരായ വക്കീലാണ് ഫെനി.
അമ്മ പിരിച്ചുവിടണമെന്നും അമ്മയിലെ പ്രശ്നങ്ങളെല്ലാം ചൂണ്ടിക്കാട്ടിയുമുള്ള ഗണേശ് കുമാറിന്റെ കത്ത് പുറത്ത്. എന്നാൽ കത്ത് നേരത്തെ എഴുതിയതാണൈന്നും ഇപ്പോൾ പ്രസക്തിയില്ലെന്നുമാണ് ഗണേശ് പ്രതികരിച്ചത്.

ജൂലായ് 3
പൾസർ സുനി ദിലീപിന്റെ ഷൂട്ടിങ് ലൊക്കേഷനിലെത്തിയ ചിത്രം പുറന്നു വന്നു. ജോർജ്ജേട്ടൻസ് പൂരത്തിന്റെ ലൊക്കേഷനിലാണ് പൾസർ സുനി എത്തിയത്. തുടർന്ന് ലൊക്കേഷനിലെ ജീവനക്കാരെ പൊലീസ് ചോദ്യം ചെയ്തു. എന്നാൽ പൾസറിനെ ഡ്രൈവറായി ലൊക്കേഷനിൽ നിയമിച്ചിട്ടില്ലെന്ന് സിനിമയുടെ സംവിധായകൻ.
കാവ്യയുടെ അമ്മയെയും പൊലീസ് ചോദ്യം ചെയ്യുമെന്ന വാർത്തകൾ. ഫോൺസംഭാഷണങ്ങളുടെ അടിസ്ഥാനത്തിലെ ശാസ്ത്രീയ തെളിവുകൾ കണക്കിലെടുത്ത് കാവ്യയുടെ അമ്മയെ പൊലീസ് ചോദ്യം ചെയ്യാനൊരുങ്ങുന്നുവെന്ന് സൂചന. പൾസർ ദിലീപിന്റെ സെറ്റിലെത്തിയത് ഡ്രൈവറായാണെന്ന് സ്ഥിരീകരിച്ചു.

ജൂലായ് നാല്
പൾസർ സുനിയെ വീണ്ടും കോടതിയിൽ ഹാജരാക്കി. റിമാൻഡ് കാലാവധി കഴിഞ്ഞതിനെ തുടർന്നായിരുന്നു ഹാജരാക്കിയത്. പൾസറിനായി അഡ്വ ആളൂരെത്തി. ജാമ്യാപേക്ഷ വേണ്ടെന്നും സുരക്ഷാ ഭീഷണിയുണ്ടെന്നും പൾസർ. ഒപ്പം സ്രാവുകൾ കുടുങ്ങാനുണ്ടെന്ന് പൾസർ മാധ്യമപ്രവർത്തകർക്ക് സൂചന നൽകുകയും ചെയ്തു.

ജൂലായ് അഞ്ച്
ഇന്നസെന്റിന്റെ വിവാദ പ്രസ്താവന. നടികൾ ഇപ്പോൾ ചൂഷണം ചെയ്യപ്പെടുന്നില്ലെന്നും ചില മോശം ആൾക്കാർക്ക് കിടക്ക പങ്കിടേണ്ടി വരുമെന്നും ഇന്നസെന്റിന്റെ പ്രസ്താവന. തുടർന്ന് നടികളുടെ സംഘടന ഇന്നസെന്റിനെതിരെ രംഗത്തു വന്നതോടെ അമ്മ പ്രസിഡന്റിന് മാപ്പ് പറയേണ്ടി വന്നു. സ്ത്രീവിരുദ്ധ പരാമർശത്തിന്റെ പേരിൽ ഇന്നസെന്റിനെതിരെ അന്വേഷണത്തിന് നിർദ്ദേശം. നടൻ ധർമ്മജൻ, മിമിക്രി കലാകാരൻ കലാഭവൻ പ്രസാദ്, നിർമ്മാതാവ് ആന്റോ ജോസഫ് എന്നിവരെ പൊലീസ് ആലുവ പൊലീസ് ക്ലബ്ബിലേക്ക് വിളിച്ചുവരുത്തി മൊഴിയെടുത്തു.

ജൂലായ് പത്ത്

എല്ലാ നാടകീയ രംഗങ്ങളും ഒടുവിൽ ക്ലൈമാക്സിലെത്തുന്നു. വൈകുന്നേരം 6.30ന് ദിലീപ് അറസ്റ്റിലായി. ഈ വാർത്ത മുഖ്യമന്ത്രിയുടെ പൊലീസ് സ്ഥിരീകരിക്കുകയും ചെയ്തു. രാവിലെ മുതൽ രഹസ്യ കേന്ദ്രത്തിൽവെച്ചു നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് ദിലീപിനെ അറസ്റ്റ് ചെയ്തത്. കാലത്ത് ദിലീപിനെ പൊലീസ് വിളിച്ചു വരുത്തുകയായിരുന്നു. വൈകുന്നേരത്തോടെ ദിലീപിനെ ആലുവ പൊലീസ് ക്ലബ്ബിലെത്തിച്ചു. ദിലീപിനെതിരെ വ്യക്തമായ തെളിവ് ലഭിച്ചെന്നും ക്വട്ടേഷൻ നൽകിയത് വ്യക്തിവൈരാഗ്യത്തിന്റെ പേരിലാണെന്നും പൊലീസ് വ്യക്തമാക്കി.